| Sunday, 11th October 2026, 11:20 pm

കൊടുത്ത ഡേറ്റ് മര്യാദക്ക് ഉപയോഗിക്കുന്നില്ല, വെട്രിമാരന്റെ പടത്തില്‍ നിന്ന് പിന്മാറാനൊരുങ്ങി വിജയ് സേതുപതി?

അമര്‍നാഥ് എം.

തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് വെട്രിമാരന്‍. ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന സിനിമകളാണ് വെട്രിമാരന്റേത്. അണിയിച്ചൊരുക്കിയ ഓരോ സിനിമയും നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. എന്നാല്‍ സമീപകാലത്തായി വെട്രിമാരന്‍ സിനിമാപേജുകളില്‍ ഒരുപാട് വിമര്‍ശം നേരിടുന്നുണ്ട്. അനൗണ്‍സ് ചെയ്ത സിനിമകള്‍ പറഞ്ഞ സമയത്ത് തീര്‍ക്കാത്തതാണ് വിമര്‍ശനത്തിന് കാരണം.

ഷൂട്ടിനിടക്ക് സ്‌ക്രിപ്റ്റ് തിരുത്തുകയും ഷെഡ്യൂളുകള്‍ നീണ്ടുപോവുകയും ചെയ്യുന്നത് പലരെയും നിരാശപ്പെടുത്തുന്നുണ്ട്. ഒറ്റ സിനിമയായി പ്ലാന്‍ ചെയ്ത വിടുതലൈ രണ്ട് ഭാഗത്തിലേക്ക് നീട്ടുകയും മൂന്ന് വര്‍ഷത്തോളം സമയമെടുത്തതെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഏറ്റവുമൊടുവില്‍ അനൗണ്‍സ് ചെയ്ത അരസന്റെ സ്ഥിതിയും വ്യത്യസ്തമല്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

വട ചെന്നൈ യൂണിവേഴ്‌സില്‍ കഥ പറയുന്ന അരസനില്‍ സിലമ്പരസനാണ് നായകന്‍. അനൗണ്‍സ്‌മെന്റ് മുതല്‍ പലരുടെയും ഹൈപ്പ് ലിസ്റ്റില്‍ ഇടംപിടിച്ച അരസന്റെ ഷൂട്ട് അനിശ്ചിതമായി നീളുകയാണ്. ഇപ്പോഴിതാ ചിത്രത്തില്‍ പ്രധാനവേഷം ചെയ്യാനിരുന്ന വിജയ് സേതുപതി പിന്മാറാനൊരുങ്ങുകയാണെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിജയ് സേതുപതി നല്‍കിയ ഡേറ്റ് മര്യാദക്ക് ഉപയോഗിക്കുന്നില്ലെന്നും അരസന്‍ കാരണം മറ്റ് പ്രൊജക്ടുകള്‍ വൈകുകയാണന്നുമുള്ള കാരണം കൊണ്ടാണ് താരം പിന്മാറുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ അരസന്റെ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ചിത്രത്തെക്കുറിച്ച് കഴിഞ്ഞയാഴ്ചയും ചില അഭ്യൂഹങ്ങള്‍ കേട്ടിരുന്നു.

ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കി നില്‌ക്കെ വെട്രിമാരന്‍ അരസന്റെ ഷൂട്ട് പകുതിക്ക് നിര്‍ത്തി അടുത്ത ചിത്രമായ രാജന്‍ വഗെയ്‌രയുടെ ഷൂട്ടിലേക്ക് കടന്നെന്നായിരുന്നു വാര്‍ത്തകള്‍. ഒരു വര്‍ഷത്തോളമായി അരസനല്ലാതെ മറ്റൊരു സിനിമയും ചെയ്യാതിരിക്കുന്ന സിലമ്പരസനും ഇതോടെ മറ്റ് പ്രൊജക്ടുകള്‍ ചെയ്യാനാകാതെ നില്‍ക്കുകയാണ്.

ഗംഭീര സംവിധായകനാണെങ്കിലും സമയത്തിന് സിനിമ തീര്‍ക്കാത്ത വെട്രിമാരന്റെ ഈ സ്വഭാവത്തെ പലരും വിമര്‍ശിക്കുന്നുണ്ട്. വട ചെന്നൈ 2 അനൗണ്‍സ്‌മെന്റില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതെല്ലാം സിനിമാപേജുകളിലെ ചര്‍ച്ചയാണ്. വാടിവാസല്‍ ഉപേക്ഷിച്ചത് സൂര്യ ചെയ്ത നല്ല കാര്യമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Content Highlight: Rumors that Vijay Sethupathi steps out from Vetrimaran’s Arasan movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more