| Wednesday, 26th November 2025, 10:40 pm

ജയിലര്‍ 2 നമ്മള്‍ വിചാരിച്ചതുപോലെയല്ല, വിജയ് സേതുപതി എത്തി, പിന്നാലെ ഷാരൂഖും?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൂലിക്ക് ശേഷം ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരനിരയുമായെത്തുന്ന ചിത്രമായി ജയിലര്‍ 2 മാറുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ആദ്യഭാഗം പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചതിനാല്‍ രണ്ടാം ഭാഗത്തിന് പതിന്മടങ്ങ് ഹൈപ്പാണ് പലരും വെക്കുന്നത്. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്റെ രണ്ടാം വരവ് വെറുതേയാകില്ലെന്നാണ് പലരും കരുതുന്നത്.

നിലവില്‍ ഗോവയിലാണ് ജയിലര്‍ 2വിന്റെ ഷൂട്ട് പുരോഗമിക്കുന്നത്. പുതിയ ഷെഡ്യൂളില്‍ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ജോയിന്‍ ചെയ്‌തെന്നാണ് വിവരം. തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണക്കായി കരുതിയ വേഷത്തിലേക്കാണ് വിജയ് സേതുപതി എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വളരെ പ്രധാനപ്പെട്ട അതിഥിവേഷമാണ് വിജയ് സേതുപതിയുടേതെന്ന് റിപ്പോര്‍ട്ടുണ്ട്.

ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനും ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ഓണ്‍ സ്‌ക്രീന്‍ താരസംഗമമാകും ജയിലര്‍ 2വെന്നാണ് കരുതുന്നത്. രജിനിയുടെ മുന്‍ ചിത്രമായ കൂലിയില്‍ ആമിര്‍ ഖാന്‍ അതിഥിവേഷത്തിലെത്തിയിരുന്നു. എന്നാല്‍ റിലീസിന് ശേഷം ആമിറിന്റെ കഥാപാത്രം ട്രോള്‍ മെറ്റീരിയലായി മാറി.

തമിഴിലെ ആദ്യ 100 കോടി ചിത്രമെന്ന നേട്ടം ജയിലര്‍ 2 സ്വന്തമാക്കുമെന്നാണ് കണക്കുകൂട്ടല്‍. ആദ്യ ഭാഗത്തില്‍ ആരാധകരെ രസിപ്പിച്ച ശിവരാജ് കുമാര്‍, മോഹന്‍ലാല്‍, ജാക്കി ഷ്‌റോഫ് എന്നിവര്‍ക്കൊപ്പം വിജയ് സേതുപതിയും എത്തുമ്പോള്‍ രംഗം കൊഴുക്കുമെന്നാണ് കരുതുന്നത്. പേട്ടക്ക് ശേഷം രജിനികാന്ത്- വിജയ് സേതുപതി എന്നിവര്‍ ഒന്നിക്കുന്ന ചിത്രം കൂടിയാകും ജയിലര്‍ 2.

ആദ്യഭാഗത്തിലെ താരങ്ങള്‍ക്കൊപ്പം ഒരുപിടി മലയാളം താരങ്ങളും ജയിലര്‍ 2വിന്റെ ഭാഗമാകുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, സുനില്‍ സുഖദ, അന്ന രാജന്‍, ഷൈന്‍ ടോം ചാക്കോ, വിനീത് തട്ടില്‍, സുജിത് ശങ്കര്‍ എന്നിവര്‍ ജയിലര്‍ 2വില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഫഹദും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ ഇപ്പോഴുമുണ്ട്.

എസ്.ജെ സൂര്യയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍. അട്ടപ്പാടിയിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍. ചെന്നൈ, ഹൈദരബാദ്, മുംബൈ, കോഴിക്കോട്, ഗോവ എന്നിവിടങ്ങിലായാണ് ജയിലര്‍ 2വിന്റെ ഷൂട്ട് പുരോഗമിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാക്കുമെന്നും 2026 ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നും കരുതുന്നു.

Content Highlight: Rumors that Vijay Sethupathi and Shah Rukh Khan might be a part of Jailer 2

We use cookies to give you the best possible experience. Learn more