| Thursday, 2nd July 2026, 4:20 pm

അച്ഛന്റെ അരങ്ങൊഴിയലും മകന്റെ അരങ്ങേറ്റവും ഒന്നിച്ചാകുമോ? ബോക്‌സ് ഓഫീസില്‍ വിജയ്- ജേസണ്‍ സഞ്ജയ് ഫേസ് ഓഫിന് സാധ്യത

അമര്‍നാഥ് എം.

തമിഴ് സിനിമാപ്രേമികള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രമാണ് ജന നായകന്‍. തമിഴകത്തിന്റെ ദളപതി വിജയ്‌യുടെ അവസാനചിത്രമായാണ് ജന നായകന്‍ ഒരുങ്ങിയത്. ഈ വര്‍ഷം പൊങ്കല്‍ റിലീസായി എത്തുമെന്ന് അറിയിച്ച ചിത്രം ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. സെന്‍സര്‍ ബോര്‍ഡിന്റെ നൂലാമാലകളില്‍ പെട്ടാണ് ജന നായകന്‍ വൈകിയത്. ഇപ്പോഴിതാ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഈയാഴ്ച തന്നെ ജന നായകന്റെ സെന്‍സറിങ് പൂര്‍ത്തിയാകുമെന്നും ജൂലൈയില്‍ തന്നെ ചിത്രം തിയേറ്ററുകളിലെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സെന്‍സിറ്റീവ് വിഷയം കൈകാര്യം ചെയ്യുന്നതും അമിതമായ വയലന്‍സും കാരണം ‘A’ സര്‍ട്ടിഫിക്കറ്റോടെയാകും ചിത്രം പ്രദര്‍ശനത്തിലെത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജന നായകന്‍ Photo: Screen grab/ KVN Productions

ജന നായകന്‍ ജൂലൈയില്‍ റിലീസാവുകയാണെങ്കില്‍ നേരത്തെ റിലീസ് പ്രഖ്യാപിച്ച പല സിനിമകളുടെ കാര്യവും അനിശ്ചിതത്വത്തിലാകും. അഥര്‍വയുടെ ഇദയം മുരളി, ലോകേഷ് കനകരാജിന്റെ ഡി.സി എന്നിവക്കൊപ്പം വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധാനം ചെയ്യുന്ന സിഗ്മ എന്നീ ചിത്രങ്ങള്‍ ഈ മാസത്തെ പ്രധാന റിലീസുകളാണ്.

സിഗ്മയും ജന നായകനും ക്ലാഷിന് വരുമോ എന്ന് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം. അച്ഛന്റെ അരങ്ങൊഴിയലും മകന്റെ അരങ്ങേറ്റവും ഒന്നിച്ചാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ഒരുപക്ഷേ, ക്ലാഷ് നടക്കുകയാണെങ്കില്‍ രണ്ട് സിനിമകളുടെയും കളക്ഷന് ഗുണം ചെയ്‌തേക്കുമെന്നും ട്രാക്കര്‍മാര്‍ കണക്കുകൂട്ടുന്നുണ്ട്.

സിഗ്മ, ജേസണ്‍ സഞ്ജയ് Photo: Lyca Productions/ X. com

സന്ദീപ് കിഷനെ നായകനാക്കി ജേസണ്‍ സംവിധാനം ചെയ്യുന്ന സിഗ്മ 2024ലാണ് അനൗണ്‍സ് ചെയ്തത്. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ തെലുങ്ക് താരം ഫരിയ അബ്ദുള്ളയാണ് നായിക. തമന്റെ സംഗീതവും സിഗ്മയുടെ ഹൈപ്പ് ഉയര്‍ത്തുന്നു. വേട്ടൈക്കാരനില്‍ വെറുമൊരു പാട്ടില്‍ മാത്രം പ്രത്യക്ഷപ്പെട്ട ജേസണ്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ക്യാമറക്ക് പിന്നില്‍ നിന്ന് വിസ്മയിപ്പിക്കാനൊരുങ്ങുകയാണ്.

അതേസമയം ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് ജന നായകന്‍ പ്രദര്‍ശനത്തിനെത്തുന്നത്. ആറ് മാസത്തോളം പെട്ടിയിലിരുന്ന ചിത്രം അടുത്തിടെ ഇന്റര്‍നെറ്റില്‍ ലീക്കായിരുന്നു. തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കായി ഒരുങ്ങുന്ന ജന നായകന്‍ ഇതിനോടകം നിരവധിയാളുകള്‍ നിയമവിരുദ്ധമായി കണ്ടുകഴിഞ്ഞു. ഇതും മറികടന്ന് ജന നായകന്‍ ബോക്‌സ് ഓഫീസില്‍ റെക്കോഡിടുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

ജേസണ്‍ സഞ്ജയ്, വിജയ് Photo: Reddit

ദളപതി എന്ന ടൈറ്റില്‍ കാര്‍ഡിനൊപ്പം ചീഫ് മിനിസ്റ്റര്‍ എന്ന ടൈറ്റിലും വിജയ്ക്ക് നല്‍കുമോ എന്നും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്. 400 കോടിയിലേറെ ബജറ്റിലൊരുങ്ങുന്ന ചിത്രം ബ്രേക്ക് ഈവനാകണമെങ്കില്‍ 550 കോടിയെങ്കിലും ആവശ്യമാണ്.

Content Highlight: Rumors that Vijay’s Jana Nayagan and Jason Sanjay’s Sigma movie going to clash

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more