| Friday, 31st October 2025, 9:05 am

ബാച്ചിലര്‍ പാര്‍ട്ടിക്ക് രണ്ടാം ഭാഗമൊരുക്കാന്‍ അമല്‍ നീരദ്, പൃഥ്വിരാജിന് പകരം അതിഥിവേഷത്തില്‍ ടൊവിനോ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വമ്പന്‍ പ്രൊജക്ടുകള്‍ക്ക് പിന്നാലെ പോകാതെ ചെറിയ സിനിമകളില്‍ മാത്രം ശ്രദ്ധ നല്കുന്ന അമല്‍ നീരദിന്റെ അടുത്ത പ്രൊജക്ടിനെക്കുറിച്ച് പല തരത്തിലുള്ള റൂമറുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, നസ്‌ലെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരു സിനിമ ചെയ്യുമെന്നാണ് കുറച്ചുകാലമായി സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമല്‍ നീരദിന്റെ കരിയറില്‍ ഏറ്റവും ഫാന്‍ ബേസുള്ള ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ രണ്ടാം ഭാഗം പോലെയാകും ഈ ചിത്രം ഒരുങ്ങുകയെന്നും കേള്‍ക്കുന്നു. ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ സ്പിരിച്ച്വല്‍ സീക്വല്‍ എന്ന നിലയിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ട് അടുത്ത വര്‍ഷം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാനം അധികം വൈകാതെ നടക്കുമെന്നാണ് കരുതുന്നത്.

ചിത്രത്തില്‍ ടൊവിനോ തോമസ് അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ബാച്ച്‌ലര്‍ പാര്‍ട്ടിയില്‍ രണ്ട് സീനുകള്‍ കൊണ്ട് കൈയടി നേടിയ പൃഥ്വിരാജിനെപ്പോലെ ഒരു കഥാപാത്രമാകും ടൊവിനോയുടേതെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 20 ദിവസത്തെ ഡേറ്റ് ടൊവിനോ ഈ പ്രൊജക്ടിനായി മാറ്റിവെച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ആവേശം, പൊന്മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സജിന്‍ ഗോപുവും ഈ ചിത്രത്തിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. തന്റെ സിനിമയിലെ കഥാപാത്രങ്ങളെ പരമാവധി സ്റ്റൈലിഷായി അവതരിപ്പിക്കുന്ന അമല്‍ നീരദിന്റെ കൈയില്‍ നസ്‌ലെനെയും ടൊവിനോയെയും കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ഭീഷ്മ പര്‍വത്തിന് ശേഷം ശ്രീനാഥ് ഭാസിയും സൗബിനും അമല്‍ നീരദുമായി ഒന്നിക്കുന്നതും ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്.

കലാഭവന്‍ മണി, റഹ്‌മാന്‍, ഇന്ദ്രജിത്, ആസിഫ് അലി, വിനായകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ബാച്ച്‌ലര്‍ പാര്‍ട്ടി. 2012ല്‍ പുറത്തിറങ്ങിയ സിനിമക്ക് ഇന്നും കള്‍ട്ട് ഫാന്‍ ബേസാണുള്ളത്. ബജറ്റ് തിരിച്ചുപിടിച്ച് ശരാശരി വിജയം മാത്രമായിരുന്നു ചിത്രം അന്ന് നേടിയത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം ബാച്ച്‌ലര്‍ പാര്‍ട്ടി മോഡലില്‍ അമല്‍ നീരദ് വീണ്ടുമൊരു ചിത്രമൊരുക്കുമ്പോള്‍ ആരാധകര്‍ പ്രതീക്ഷയിലാണ്.

ബോഗെയ്ന്‍വില്ലക്ക് ശേഷം കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലറുമായി അമല്‍ നീരദ് വരണമെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ ഒരു സിനിമ എന്ന നിലയില്‍ മുന്നോട്ടു പോകുന്ന അമല്‍ നീരദിന്റെ സിനിമകള്‍ ഇന്‍ഡസ്ട്രിയുടെ നിലവാരമുയര്‍ത്തുമെന്നാണ് ആരാധകര്‍ പറയുന്നത്. അമലിന്റെ സ്റ്റൈലിഷ് സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Rumors that Tovino might do an extended cameo in upcoming Amal Neerad movie

We use cookies to give you the best possible experience. Learn more