| Monday, 17th November 2025, 10:48 pm

വിസിലടിയും കൈയടിയും വേറെ ലെവലാകും, ഡൂംസ് ഡേയിലേക്ക് കലക്കന്‍ എന്‍ട്രിയുമായി ഒ.ജി സ്‌പൈഡര്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2026ലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളില്‍ മുന്‍പന്തിയിലാണ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ. മാര്‍വലിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ഹൈപ്പിലും ബജറ്റിലും പുറത്തിറങ്ങുന്ന ചിത്രം ബോക്‌സ് ഓഫീസിലെ സകല റെക്കോഡുകളും തകര്‍ത്തെറിയുമെന്നാണ് കണക്കുകൂട്ടല്‍. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയ പരമാവധി ആഘോഷമാക്കുകയാണ്.

തോര്‍, ഹള്‍ക്ക്, ലോകി, ഫന്റാസ്റ്റിക് ഫോര്‍ തുടങ്ങി സകല സൂപ്പര്‍ഹീറോകളും ഉണ്ടെങ്കിലും മാര്‍വലിന്റെ തുറുപ്പുചീട്ടുകളില്‍ പ്രധാനിയായ സ്‌പൈഡര്‍ മാന്‍ ഡൂംസ്‌ഡേയുടെ കാസ്റ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. അണിയറപ്രവര്‍ത്തകര്‍ സ്‌പൈഡര്‍മാന്റെ എന്‍ട്രി സര്‍പ്രൈസാക്കി വെച്ചിരിക്കുകയാണോ എന്ന് പലരും അനുമാനിച്ചു.

ഇപ്പോഴിതാ ഡൂംസ്‌ഡേയില്‍ സ്‌പൈഡര്‍ മാന്‍ ഉണ്ടായേക്കുമെന്നാണ് പുതിയ അഭ്യൂഹങ്ങള്‍. എന്നാല്‍ പലരും കരുതുന്നത് പോലെ ടോം ഹോളണ്ടിന്റെ സ്‌പൈഡര്‍ മാനാകില്ലെന്നാണ് റിപ്പോര്‍ട്ട്. 90s കിഡ്‌സിന്റെ നൊസ്റ്റാള്‍ജിയയായ ടോബി മഗ്വയറിന്റെ സ്‌പൈഡര്‍ മാനാകും ഡൂംസ്‌ഡേയില്‍ പ്രത്യക്ഷപ്പെടുകയെന്നാണ് പുറത്തുവരുന്ന വിവരം.

ലോക്കിയിലൂടെ ആരംഭിച്ച മള്‍ട്ടിവേഴ്‌സ് സാഗയിലൂടെ എന്തും സാധ്യമാകുമെന്ന് മാര്‍വല്‍ തെളിയിച്ചിരുന്നു. സ്‌പൈഡര്‍ മാന്‍ നോ വേ ഹോമില്‍ എല്ലാ സ്‌പൈഡര്‍ മാനും അണിനിരന്നത് ആരാധകര കോരിത്തരിപ്പിച്ചിരുന്നു. ടോം ഹോളണ്ടിന് പുറമെ ടോബി മഗ്വയറും, ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡും നോ വേ ഹോമില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

മൂന്ന് പേരില്‍ ഏറ്റവുമധികം കൈയടി നേടിയത് ടോബിയായിരുന്നു. ഇപ്പോഴിതാ മാര്‍വലിന്റെ ബ്രഹ്‌മാണ്ഡ പ്രൊജക്ടില്‍ ‘ഒ.ജി’ സ്‌പൈഡര്‍ മാന്‍ ഭാഗമാവുകയാണെങ്കില്‍ തിയേറ്ററുകള്‍ അക്ഷരാര്‍ത്ഥത്തില്‍ പൂരപ്പറമ്പാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ടോബിയെപ്പോലെ മറ്റ് പല സര്‍പ്രൈസുകളും മാര്‍വല്‍ ഡൂംസ്‌ഡേയില്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്നാണ് വിവരം.

ലണ്ടന്‍, ഗ്ലാസ്‌ഗോ, യു.എസ് എന്നിവിടങ്ങളിലായാണ് ഡൂംസ്‌ഡേയുടെ ഷൂട്ട് പുരോഗമിക്കുന്നത്. എന്‍ഡ് ഗെയിമിന് ശേഷം റൂസോ ബ്രദേഴ്‌സ് മാര്‍വലിന്റെ ഭാഗമാകുന്ന ചിത്രം കൂടിയാണിത്. പ്രധാന വില്ലനായ ഡോക്ടര്‍ ഡൂമിന്റെ ഇന്‍ട്രോ ഫന്റാസ്റ്റിക് ഫോറിന്റെ പോസ്റ്റ് ക്രെഡിറ്റ് സീനില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഡിസംബറില്‍ അവതാര്‍ 3യോടൊപ്പം ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Rumors that Toby Maguire might be a part of Avengers Doomsday

We use cookies to give you the best possible experience. Learn more