| Thursday, 10th September 2026, 1:27 pm

ഈ പടമൊക്കെ ഐമാക്‌സില്‍ കാണാന്‍ ഇന്ത്യയിലെ സിനിമാപ്രേമികള്‍ക്ക് യോഗമില്ല; രാമായണ കാരണം ഗോഡ്‌സില്ലക്ക് പണി കിട്ടുമെന്ന് സിനിമാപേജുകള്‍

അമര്‍നാഥ് എം.

ലോക സിനിമയെ ഞെട്ടിച്ച ചിത്രങ്ങളിലൊന്നായിരുന്നു 2023ല്‍ പുറത്തിറങ്ങിയ ഗോഡ്‌സില്ല മൈനസ് വണ്‍. ജാപ്പനീസ് ചിത്രമായ ഗോഡ്‌സില്ല ശ്രദ്ധ നേടിയത് അതിന്റെ വി.എഫ്.എക്‌സ് കൊണ്ടായിരുന്നു. 10 മില്യണ്‍ (80 കോടി) ബജറ്റിലൊരുങ്ങിയ ചിത്രത്തിന്റെ വി.എഫ്.എക്‌സ് ഹോളിവുഡ് സിനിമകളെപ്പോലും അമ്പരപ്പിക്കുന്ന തരത്തിലായിരുന്നു.

മികച്ച വി.എഫ്.എക്‌സിനുള്ള ഓസ്‌കര്‍ ജപ്പാനിലേക്ക് എത്തിക്കാനും ഗോഡ്‌സില്ലക്ക് സാധിച്ചു. ചിത്രത്തിന്റെ തുടര്‍ഭാഗമായ ഗോഡ്‌സില്ല മൈനസ് സീറോ ഈ വര്‍ഷം തിയേറ്ററുകളിലെത്തുകയാണ്. കഴിഞ്ഞദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നിരുന്നു. ഐമാക്‌സില്‍ ചിത്രീകരിച്ച ആദ്യ ജാപ്പനീസ് ചിത്രമാണ് ഗോഡ്‌സില്ല മൈനസ് സീറോ.

ട്രെയ്‌ലറിലെ ഐമാക്‌സ് പോര്‍ഷനുകള്‍ സിനിമപ്രേമികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. എന്നാല്‍ ഇന്ത്യയിലെ സിനിമാപ്രേമികള്‍ക്ക് ഈ സിനിമ ഐമാക്‌സില്‍ കാണാന്‍ സാധിക്കില്ലെന്നാണ് ഇപ്പോഴത്തെ പ്രവചനം. നവംബര്‍ മൂന്നിനാണ് ഗോഡ്‌സില്ല തിയേറ്ററുകളിലെത്തുന്നത്. കൃത്യം മൂന്ന് ദിവസത്തിന് ശേഷം ബോളിവുഡിലെ ബ്രഹ്‌മാണ്ഡ ചിത്രം രാമായണ റിലീസ് ചെയ്യുന്നതാണ് ഗോഡ്‌സില്ലക്ക് തിരിച്ചടിയാവുക.

ഐമാക്‌സടക്കം പല പ്രീമിയം സ്‌ക്രീനുകളും രാമായണക്ക് പോകുന്നതിനാല്‍ ഗോഡ്‌സില്ലക്ക് ഇന്ത്യയില്‍ സാധാരണ സ്‌ക്രീനുകള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഗോഡ്‌സില്ല പോലെ ലാര്‍ജ് സ്‌ക്രീനില്‍ എക്‌സ്പീരിയന്‍സ് ചെയ്യേണ്ട സിനിമ സാധാരണ സ്‌ക്രീനില്‍ കാണേണ്ടി വരുന്നത് നിരാശ സമ്മാനിക്കുമെന്നും കമന്റുകളുണ്ട്.

ഇതാദ്യമായല്ല ഇന്ത്യയിലെ സിനിമാപ്രേമികള്‍ ഇത്തരമൊരു തിരിച്ചടി നേരിടുന്നത്. 2024 ഡിസംബറില്‍ പുഷ്പ 2 കാരണം ഇന്റസ്റ്റെല്ലാറിന്റെ റീ റിലീസിന് ഐമാക്‌സ് സ്‌ക്രീനുകള്‍ ലഭിച്ചിരുന്നില്ല. ഇത് ഒരുപാട് വിമര്‍ശനത്തിന് കാരണമായിരുന്നു. പുഷ്പ 2 പോലെ ബി ഗ്രേഡ് നിലവാരമുള്ള സിനിമ കാരണം ഇന്റര്‍സ്‌റ്റെല്ലാറിന്റെ യഥാര്‍ത്ഥ എക്‌സ്പീരിയന്‍സ് ആസ്വദിക്കാന്‍ സാധിച്ചിരുന്നില്ല.

4000 കോടിയിലേറെ ചെലവഴിച്ചാണ് രാമായണ ഒരുങ്ങുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. രണ്‍ബീര്‍ കപൂര്‍, യഷ്, സായ് പല്ലവി, സണ്ണി ഡിയോള്‍ തുടങ്ങി വലിയ താരനിരയിലൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. രാമായണ കാരണം ഗോഡ്‌സില്ലക്ക് സ്‌ക്രീന്‍ കുറയുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

Content Highlight: Rumors that there will be no Imax screen for Godzilla Minus Zero in India

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more