പുഷ്പ സമ്മാനിച്ച പാന്‍ ഇന്ത്യന്‍ റീച്ച് ഇനിയങ്ങോട്ട് നഷ്ടപ്പെടുത്താതെ കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് അല്ലു അര്‍ജുന്‍. പുഷ്പ അനിശ്ചിതമായി നീണ്ടുപോയത് ആവര്‍ത്തിക്കാതിരിക്കാന്‍ ഒരു വര്‍ഷം ഒരു സിനിമ എന്ന രീതിയില്‍ കരിയര്‍ മുന്നോട്ട് കൊണ്ടുപോകുന്ന താരം ഓരോ ഇന്‍ഡസ്ട്രിയിലെയും ഗംഭീര സംവിധായകര്‍ക്കൊപ്പം കൈകോര്‍ക്കാനും പദ്ധതിയിടുന്നുണ്ട്.
തമിഴില്‍ നിന്ന് അറ്റ്‌ലീ, ലോകേഷ് എന്നിവര്‍ക്കൊപ്പം കൈകോര്‍ത്ത അല്ലു മലയാളത്തില്‍ നിന്ന് ബേസിലിനെ റാഞ്ചാന്‍ പോവുകയാണെന്ന അഭ്യൂഹങ്ങള്‍ സജീവമാണ്. താരത്തിന്റേതായി ഇനി വരാനിരിക്കുന്ന സിനിമകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് സിനിമാപേജുകളില്‍ ചര്‍ച്ച. പുഷ്പ 2 റിലീസായി രണ്ട് വര്‍ഷം പിന്നിട്ടിട്ടും അല്ലുവിന്റെ പുതിയ സിനിമകള്‍ റിലീസായിട്ടില്ല.
അറ്റ്‌ലീക്കൊപ്പമുള്ള രാക്ക ഈ വര്‍ഷം തന്നെ തിയേറ്ററുകളിലെത്തിക്കാനാണ് താരം ശ്രമിക്കുന്നത്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ നാല് വേഷങ്ങളില്‍ അല്ലു പ്രത്യക്ഷപ്പെട്ടേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. രാക്കയെപ്പോലെ ആരാധകര്‍ കാത്തിരിക്കുന്ന പ്രൊജക്ടാണ് AA 23. കൂലിക്ക് ശേഷം ലോകേഷ് കനകരാജ് അണിയിച്ചൊരുക്കുന്ന ചിത്രം ഈ വര്‍ഷം ഷൂട്ട് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കരിയറിലാദ്യമായി അല്ലുവിന് നായികയില്ലാത്ത ചിത്രമായി AA23 മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യചിത്രമായ മാനഗരം മുതല്‍ തന്റെ നായകന്മാര്‍ക്ക് നായികമാരെ നല്‍കാത്ത സംവിധായകനാണ് ലോകേഷ്. കൈതി, വിക്രം എന്നീ ചിത്രങ്ങളില്‍ നായികക്ക് പ്രാധാന്യമില്ലാതായപ്പോള്‍ ലിയോയില്‍ ഫാമിലി എലമെന്റുകള്‍ക്ക് ലോകേഷ് പ്രാധാന്യം നല്‍കി. തൃഷ നായികയായി വന്നെങ്കിലും നായകനൊപ്പമുള്ള ഡ്യൂവറ്റ് എന്ന ക്ലീഷേ ലിയോയില്‍ ഉണ്ടായിരുന്നില്ല. കൂലിയിലാകട്ടെ അച്ഛന്‍- മകള്‍ സെന്റിമെന്റിലാണ് കഥ പറഞ്ഞത്.
ഇതേ രീതി പിന്തുടരുകയാണെങ്കില്‍ AA 23യില്‍ അല്ലു അര്‍ജുന് നായികയുണ്ടായേക്കില്ലെന്നും റൊമാന്‍സ് സീനുകള്‍ കാണേണ്ടിവരില്ലെന്നും കമന്റുകളുണ്ട്. ആദ്യചിത്രമായ സിംഹാദ്രി മുതല്‍ എല്ലാ ചിത്രത്തിലും അല്ലുവിന് നായികമാരുണ്ടായിരുന്നു. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന രാക്കയില്‍ നാല് നായികമാര്‍ ഉണ്ടായേക്കുമെന്നാണ് റൂമറുകള്‍.
പ്രധാന നായികയായി ദീപിക പദുകോണ്‍ ഉണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ ആദ്യമേ അറിയിച്ചിരുന്നൂ. ജാന്‍വി കപൂര്‍, മൃണാല്‍ താക്കൂര്‍, രുക്മിണി വസന്ത് എന്നിവരായിരിക്കും മറ്റ് നായികമാരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിന്നല്‍ മുരളിയിലൂടെ ശ്രദ്ധ നേടിയ ഫെമിന ജോര്‍ജും രാക്കയുടെ ഭാഗമാണ്. കരിയറിന്റെ പുതിയ ഫേസില്‍ അല്ലു എന്തൊക്കെ പരീക്ഷണം നടത്തുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
Content Highlight: Rumors that there is no heroine in Allu Arjun Lokesh movie