| Tuesday, 19th August 2025, 8:09 pm

തമിഴില്‍ അരങ്ങേറ്റത്തിനൊരുങ്ങാന്‍ സുഷിന്‍, ഇത്തവണ പരിപാടി കളറാകും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിലവില്‍ മലയാളത്തിലെ സെന്‍സേഷണല്‍ സംഗീതസംവിധായകനാണ് സുഷിന്‍ ശ്യാം. ചുരുങ്ങിയ കാലം കൊണ്ട് വലിയൊരു ഫാന്‍ബേസ് സൃഷ്ടിച്ചെടുക്കാന്‍ സുഷിന് സാധിച്ചു. കഴിഞ്ഞവര്‍ഷം സുഷിന്‍ ഒരുക്കിയ ആവേശത്തിലെ ‘ഇല്ലുമിനാറ്റി’ ഭാഷാതിര്‍ത്തികള്‍ കടന്ന് വൈറലായി. ഇപ്പോഴിതാ തമിഴില്‍ സുഷിന്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ ഒരുക്കുന്ന ചിത്രത്തിലാണ് സുഷിന്‍ സംഗീതമൊരുക്കുന്നതെന്നാണ് റൂമറുകള്‍. സൂര്യയുടെ 47ാമത് ചിത്രം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്നു എന്ന റൂമറിന് പിന്നാലെയാണ് സുഷിന്റെ തമിഴ് അരങ്ങേറ്റം ഈ സിനിമയിലൂടെയായിരിക്കുമെന്ന് കേള്‍ക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെയുണ്ടാകുമെന്നാണ് കരുതുന്നത്.

മോഹന്‍ലാലിനെ നായകനാക്കി ജിത്തു മാധവന്‍ തന്റെ അടുത്ത ചിത്രം ചെയ്യുമെന്നുള്ള വാര്‍ത്തകള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ ഈ പ്രൊജക്ട് പിന്നീട് ഉപേക്ഷിക്കപ്പെട്ടു. പിന്നാലെയാണ് ജിത്തു മാധവന്‍ തന്റെ അടുത്ത ചിത്രം തമിഴിലൊരുക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്.

മോഹന്‍ലാല്‍- ജിത്തു മാധവന്‍ പ്രൊജക്ടില്‍ പ്ലാന്‍ ചെയ്ത അതേ ക്രൂ തന്നെയാണ് സൂര്യ 47ന്റെയും ഭാഗമാവുകയെന്ന് കേള്‍ക്കുന്നു. സമീര്‍ താഹിര്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് സ്റ്റോറിയാണ് ജിത്തു മാധവന്‍ സൂര്യയെ വെച്ച് ഒരുക്കുകയെന്നും കേള്‍ക്കുന്നു.

എന്നാല്‍ കണ്ടുശീലിച്ച കഥകളില്‍ നിന്ന് വ്യത്യസ്തമായി കോമഡി- മാസ് ഴോണറിലാകും ഈ ചിത്രം ഒരുങ്ങുകയെന്നും റൂമറുകളുണ്ട്. ജിത്തു മാധവനെപ്പോലെ യുവസംവിധായകനൊപ്പം സൂര്യയെപ്പോലെ വലിയ താരമൊന്നിക്കുമ്പോള്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. നിലവില്‍ ഷൂട്ട് നടന്നുകൊണ്ടിരിക്കുന്ന സൂര്യ 46ന്റെ ചിത്രീകരണത്തിന് ശേഷമാകും ജിത്തു മാധവനൊപ്പമുള്ള പ്രൊജക്ട് ആരംഭിക്കുക.

വി. ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുള്ളി എസ്. താനുവാകും ഈ ചിത്രം നിര്‍മിക്കുക എന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍. വാടിവാസല്‍ ഉപേക്ഷിച്ചതിനാല്‍ സൂര്യയുടെ ഡേറ്റ് താനു ഈ പ്രൊജക്ടിനായി ഉപയോഗിച്ചെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. എന്നാല്‍ ഇപ്പോള്‍ സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടൈന്മെന്റ്‌സോ കങ്കുവയുടെ നിര്‍മാതാക്കളായ സ്റ്റുഡിയോ ഗ്രീനോ ഈ ചിത്രം നിര്‍മിച്ചേക്കുമെന്ന് കേള്‍ക്കുന്നു.

Content Highlight: Rumors that Sushin Shyam going to debut in Tamil cinema

We use cookies to give you the best possible experience. Learn more