| Saturday, 21st November 2026, 7:50 pm

ലോകേഷും നെല്‍സണും വേണ്ട... 50ാമത്തെ സിനിമ ആര്‍.ജെ ബാലാജിക്കൊപ്പം? കറുപ്പര്‍ ഒരിക്കല്‍കൂടി വരാര്‍

അമര്‍നാഥ് എം.

സൗത്ത് ഇന്ത്യയില്‍ ഒരു നടനും നേരിടാത്ത തരത്തിലുള്ള ഡൗണ്‍ഫാളും അതിനെ മറികടന്നുള്ള തിരിച്ചുവരവും നടത്തിയ താരമാണ് സൂര്യ. 13 വര്‍ഷത്തോളം ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശോഭിക്കാതിരുന്ന താരം ഈ വര്‍ഷം സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള കംബാക്കാണ് സമ്മാനിച്ചത്. തുടര്‍ച്ചയായി മൂന്ന് സിനിമകള്‍ ബോക്‌സ് ഓഫീസില്‍ 200 കോടി നേടി ചരിത്രം രചിക്കാന്‍ സൂര്യക്ക് സാധിച്ചു.

ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സീന്‍ 260 കോടിക്കടുത്ത് ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. രാമായണ പോലെ പാന്‍ വേള്‍ഡ് ഹിറ്റിനൊപ്പം പിടിച്ചുനിന്നാണ് സീന്‍ ഇത്രയും വലിയ കളക്ഷന്‍ നേടിയത്. ഈ വര്‍ഷത്തെ ഹിറ്റ് സ്ട്രീക്ക് ഇനിയങ്ങോട്ടും തുടരുമെന്നാണ് താരത്തിന്റെ ലൈനപ്പുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ സൂര്യയുടെ 50ാമത് സിനിമയെക്കുറിച്ചാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.

നിലവില്‍ തമിഴിലെ ടോപ് സംവിധായകരായ നെല്‍സണ്‍, ലോകേഷ് കനകരാജ് എന്നിവരുടെ പേര് സൂര്യ 50ന്റെ സംവിധായകരുടെ ലിസ്റ്റില്‍ ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് താരം ആര്‍.ജെ ബാലാജിക്കൊപ്പം കൈകോര്‍ത്തേക്കുമെന്നാണ് പുതിയ റൂമറുകള്‍. കറുപ്പിന്റെ സീക്വലാകും ഈ പ്രൊജക്ടെന്നും സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കരിയറിലെ ഏറ്റവും വലിയ ഡൗണ്‍ഫാളില്‍ നിന്ന് താരത്തിന് പുതുജീവന്‍ നല്‍കിയ ചിത്രമായിരുന്നു കറുപ്പ്. ഏറെക്കാലമായി ആരാധകര്‍ കാണാനാഗ്രഹിച്ച ചാമിങ്ങായിട്ടുള്ള സൂര്യയെ കാണാനായതും ഭക്തി എന്ന എലമെന്റ് കൃത്യമായി വര്‍ക്കായതുമാണ് കറുപ്പിന്റെ വിജയത്തിന് കാരണം. രണ്ടാം ഭാഗത്തിന് സൂചന നല്‍കിക്കൊണ്ടാണ് ചിത്രം അവസാനിച്ചത്. 330 കോടിയിലിറെയായിരുന്നു കറുപ്പിന്റെ ഫൈനല്‍ കളക്ഷന്‍.

തനിക്ക് തിരിച്ചുവരവ് സമ്മാനിച്ച സംവിധായകനൊപ്പം സൂര്യ കൈകോര്‍ക്കുന്നതിനെ ഒരുവിഭാഗം ആരാധകര്‍ പിന്തുണക്കുന്നുണ്ട്. വി.എഫ്.എക്‌സ് അടക്കം മെച്ചപ്പെടുത്തി, കൃത്യമായി മാര്‍ക്കറ്റ് ചെയ്ത് ഒരുക്കിയാല്‍ പാന്‍ ഇന്ത്യന്‍ ഹിറ്റാകാനുള്ള സാധ്യത കറുപ്പിനുണ്ടെന്നാണ് ഇക്കൂട്ടരുടെ കമന്റുകള്‍. കാന്താര, രാമായണ പോലുള്ള സിനിമകള്‍ ഭക്തി മാര്‍ക്കറ്റ് ചെയ്ത് വിജയിക്കുന്നതുപോലെ കറുപ്പിനും വിജയിക്കാനാകുമെന്നാണ് സിനിമാപേജുകള്‍ പ്രവചിക്കുന്നത്.

എന്നാല്‍ ആദ്യഭാഗത്തിലെ സ്പൂഫ് ഴോണറടക്കം പലര്‍ക്കും വര്‍ക്കായില്ലെന്നും രണ്ടാം ഭാഗം വലിയ റിസ്‌കായേക്കുമെന്നും മറ്റൊരുവിഭാഗം ആരാധകര്‍ അഭിപ്രായപ്പെടുന്നു. 50ാമത്തെ ചിത്രമായി കറുപ്പ് 2 തെരഞ്ഞെടുക്കുന്നത് വലിയ റിസ്‌കാണെന്നും ചെറുതായി പാളിയാല്‍ വിജയ്‌യുടെ 50ാമത് ചിത്രമായ സുറ പോലെ ട്രോള്‍ മെറ്റീരിയലായേക്കുമെന്നും കമന്റുകളുണ്ട്.

നിലവില്‍ ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന പ്രൊജക്ടിലാണ് സൂര്യ. ഹോംബാലെ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം അടുത്ത വര്‍ഷം സമ്മര്‍ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂര്യ 49ന്റെ സംവിധായകനായി അരുണ്‍ മാതേശ്വരന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

Content Highlight: Rumors that Suriya’s 50th film will be with R J Balaji and it will be sequel of Karuppu

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more