വെറും രണ്ട് സിനിമകള്‍ കൊണ്ട് മോളിവുഡില്‍ തന്റേതായ സ്ഥാനം നേടിയ സംവിധായകനാണ് ജിത്തു മാധവന്‍. വലിയ സ്റ്റാര്‍ കാസ്‌റ്റൊന്നുമില്ലാതെ ഒരുക്കിയ രോമാഞ്ചം ബ്ലോക്ക്ബസ്റ്ററായപ്പോള്‍ രണ്ടാമത്തെ ചിത്രമായ ആവേശം പാന്‍ ഇന്ത്യന്‍ സെന്‍സേഷനായി മാറി. ആവേശത്തിന് ശേഷം ജിത്തു ബോര്‍ഡര്‍ കടന്നിരിക്കുകയാണ്.
തമിഴ് സൂപ്പര്‍താരം സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സിനിമാപ്രേമികള്‍ക്ക് ആവേശം സമ്മാനിച്ചു. സ്ഥിരം പാറ്റേണിലുള്ള മേക്കിങ്ങില്‍ ഒരു പൊലീസ് സ്റ്റോറിയാണ് ജിത്തു സൂര്യ 47ല്‍ ഒരുക്കുന്നത്. ക്യാമറയുടെ മുന്നിലും പിന്നിലും ഭൂരിഭാഗവും മലയാളികളയാതിനാല്‍ ഇത് ജിത്തുവിന്റെ തമിഴ് സിനിമയല്ലെന്നും സൂര്യയുടെ മലയാള സിനിമയാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. ഗലാട്ടാ എന്നാകും ചിത്രത്തിന്റെ ടൈറ്റിലെന്ന് ചില സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെന്നും സമയമാകുമ്പോള്‍ നിര്‍മാതാക്കള്‍ തന്നെ ഈ വിവരം പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഗലാട്ടാ എന്ന പേര് ഉയര്‍ന്നതോടെ ജിത്തു മാധവന്റെ ടൈറ്റിലുകളുടെ പ്രത്യേകതയാണ് ചര്‍ച്ചയാകുന്നത്. ഇതുവരെ ചെയ്ത രണ്ട് സിനിമകളുടെയും ടൈറ്റിലിന് മൂന്ന് അക്ഷരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രോമാഞ്ചം, ആവേശം എന്നീ സിനിമകളെപ്പോലെ ഗലാട്ടക്കും മൂന്ന് അക്ഷരം മാത്രമേ ഉള്ളൂവെന്ന് പലരും കണ്ടുപിടിച്ചിരിക്കുകയാണ്.
അതേസമയം സൂര്യ 47ന്റെ ഷൂട്ട് ചെന്നൈയില്‍ പുരോഗമിക്കുകയാണ്. കൊച്ചിയില്‍ ഷൂട്ട് ചെയ്യാനായിരുന്നു അണിയറപ്രവര്‍ത്തകര്‍ ആദ്യം പ്ലാന്‍ ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ട്രാന്‍സ്ഫറായി വരുന്ന പൊലീസ് ഓഫീസര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ കഥ. എന്നാല്‍ കൊച്ചിയില്‍ ഷൂട്ടിന് അനുമതി ലഭിക്കാത്തതിനാല്‍ കഥ ചെന്നൈയിലേക്ക് പറിച്ചുനടുകയായിരുന്നു.
സൂര്യക്കൊപ്പം മലയാളത്തിലെ അപ്കമിങ് സെന്‍സേഷന്‍ നസ്‌ലെനും ഈ ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. മലയാളികളുടെ സ്വന്തം നസ്രിയയാണ് ചിത്രത്തിലെ നായിക. ജിത്തുവിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ സുഷിന്‍ ശ്യാമാണ് സൂര്യ 47ന്റെ സംഗീതം. ഉണ്ണി പാലോട് ഛായാഗ്രഹണവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യുന്നു.
സൂര്യയുടെ ഉടമസ്ഥതയിലുള്ള പുതിയ പ്രൊഡക്ഷന്‍ ഹൗസായ ഴഗരം സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മാണം. ഏറെക്കാലത്തിന് ശേഷം സൂര്യ പൊലീസ് വേഷത്തിലെത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.
Content Highlight: Rumors that Suriya Jithu Madhavan project might be titled as Galatta
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ