| Wednesday, 27th May 2026, 10:46 pm

വിജയ്‌യെ ഇനി കിട്ടില്ലെങ്കില്‍ വേണ്ട, സൂര്യയെ റാഞ്ചാം... ജന നായകന് ശേഷം തമിഴില്‍ നിലയുറപ്പിക്കാന്‍ കെ.വി.എന്‍ പ്രൊഡക്ഷന്‍സ്

അമര്‍നാഥ് എം.

സൗത്ത് ഇന്ത്യയില്‍ ഒരുപിടി വമ്പന്‍ സിനിമകള്‍ ഒരുമിച്ച് നിര്‍മിച്ച് ശ്രദ്ധ നേടിയ പ്രൊഡക്ഷന്‍ ഹൗസാണ് കെ.വി.എന്‍. പ്രൊഡക്ഷന്‍സ്. കന്നഡയില്‍ ഒരുപിടി സിനിമകളൊരുക്കിയ കെ.വി.എന്‍ തങ്ങളുടെ റേഞ്ച് മറ്റ് ഇന്‍ഡസ്ട്രികളിലേക്കും വ്യാപിപ്പിച്ച വര്‍ഷമായിരുന്നു 2025. എന്നാല്‍ ഷൂട്ട് പൂര്‍ത്തിയായിട്ടും ഇതില്‍ രണ്ട് വലിയ സിനിമകള്‍ ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.

കന്നഡ സൂപ്പര്‍താരം യഷ് നായകനാകുന്ന ടോക്‌സിക്കും വിജയ് നായകനായ ജന നായകനുമാണ് ഈ ചിത്രങ്ങള്‍. രണ്ട് സിനിമകളുടെയും ആകെ ചെലവ് 1000 കോടിക്കടുത്താണ്. സെന്‍സര്‍ ബോര്‍ഡിന്റെ നൂലാമാലകളില്‍ പെട്ട് പുറത്തിറങ്ങാനാകാത്ത ജന നായകന്‍ വലിയ നഷ്ടമാണ് കെ.വി.എന്നിന് വരുത്തുന്നത്. എന്നാല്‍ ഇത്രയും തിരിച്ചടികള്‍ നേരിട്ടിട്ടും തമിഴില്‍ തന്നെ നിലയുറപ്പിക്കാനാണ് കെ.വി.എന്നിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

തമിഴിലെ മുന്‍നിര താരങ്ങളിലൊരാളായ സൂര്യയുമായാണ് കെ.വി.എന്‍ കൈകോര്‍ക്കാനൊരുങ്ങുന്നത്. 24 എന്ന സൂപ്പര്‍ഹിറ്റ് ഒരുക്കിയ വിക്രം കുമാര്‍ ഈ ചിത്രം സംവിധാനം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. വരുംദിവസങ്ങളില്‍ ചിത്രത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തുവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൂര്യയുടെ 48ാമത്തെയോ 49ാമത്തെയോ ചിത്രമായാകും ഈ പ്രൊജക്ട് ഒരുങ്ങുക.

സൂര്യയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു 2016ല്‍ പുറത്തിറങ്ങിയ 24. മൂന്ന് വ്യത്യസ്ത വേഷങ്ങളില്‍ സൂര്യ പ്രത്യക്ഷപ്പെട്ട ചിത്രം രണ്ടാം ഭാഗത്തിന് സൂചന നല്‍കിക്കൊണ്ടാണ് അവസാനിച്ചത്. ആത്രേയ എന്ന വില്ലന്‍ കഥാപാത്രം സൂര്യയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു. 24ന്റെ സീക്വലാണോ കെ.വി.എന്നുമായി ചേര്‍ന്ന് ചെയ്യുന്നതെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

സിനിമയില്‍ നിന്ന് വിജയ് കളമൊഴിഞ്ഞതും അജിത് റേസിലേക്ക് ശ്രദ്ധ നല്‍കിയതും സൂര്യക്ക് ഗുണകരമായിരിക്കുകയാണ്. 13 വര്‍ഷമായി തിയേറ്റര്‍ ഹിറ്റില്ലാത്ത താരം കറുപ്പിലൂടെ വലിയ തിരിച്ചുവരവാണ് നടത്തിയത്. ഒരുപാട് പ്രതിസന്ധികള്‍ക്കൊടുവില്‍ തിയേറ്ററുകളിലെത്തിയ കറുപ്പ് ഇതിനോടകം 270 കോടിയിലധികം സ്വന്തമാക്കിക്കഴിഞ്ഞു.

കറുപ്പിന്റെ വിജയം ഇനി വരാനിരിക്കുന്ന ചിത്രങ്ങളിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. വെങ്കി അട്‌ലൂരിയുമായി ഒന്നിക്കുന്ന വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ്, ജിത്തു മാധവനൊപ്പമുള്ള സൂര്യ 47 എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കുമെന്ന് സിനിമാപ്രേമികള്‍ കരുതുന്നു. ഇതിന് ശേഷമാകും മറ്റ് പ്രൊജക്ടുകള്‍ താരം അനൗണ്‍സ് ചെയ്യുക.

Content Highlight: Rumors that Suriya is joining hands with Vikram Kumar

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more