ഇനിയൊരു തിരിച്ചുവരവില്ലെന്ന് പലരും വിധിയെഴുതിയ ഇടത്ത് നിന്ന് സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ട് വമ്പന് കംബാക്ക് നടത്തിയ താരമാണ് സൂര്യ. 13 വര്‍ഷത്തിലേറെ നല്ലൊരു ഹിറ്റില്ലാത്തതിന്റെ പേരില്‍ പലരാലും പരിഹസിക്കപ്പെട്ട താരം കറുപ്പിലൂടെ എല്ലാവരെയും അത്ഭുതപ്പെടുത്തി. റീജിയണല്‍ ഭക്തി സിനിമ കൊണ്ട് ബോക്‌സ് ഓഫീസിന് സൂര്യ നല്‍കിയ പ്രഹരം ചെറുതല്ലായിരുന്നു.
കറുപ്പിന് ശേഷം സൂര്യയുടെ ലൈനപ്പ് ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നവയാണ്. തെലുങ്ക് സംവിധായകന്‍ വെങ്കി അട്‌ലൂരിയുമായുള്ള വിശ്വനാഥ് ആന്‍ഡ് സണ്‍സ് റിലീസിന് തയാറെടുക്കുകയാണ്. ജിത്തു മാധവനുമായി കൈകോര്‍ക്കുന്ന സൂര്യ 47 അടുത്തിടെ ഷൂട്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. സൗത്ത് ഇന്ത്യയിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെയുമായി ഒന്നിക്കുന്ന സൂര്യ 48ന്റെ അനൗണ്‍സ്‌മെന്റും ആരാധകര്‍ക്ക് ആവേശം പകര്‍ന്നു. ടി.ജെ. ജ്ഞാനവേലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
സൂര്യയുടെ 50ാമത് സിനിമയെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. പല സംവിധായകരുടെയും പേര് ഈ പ്രൊജക്ടില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞദിവസം എസ്.എസ്. രാജമൗലിയും സൂര്യയും കൈകോര്‍ത്തേക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ഇനിഷ്യല്‍ ഡിസ്‌കഷന്‍ കഴിഞ്ഞെന്നും ഔദ്യോഗിക സ്ഥിരീകരണം വരുംദിവസങ്ങളില്‍ പുറത്തുവന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രണ്ട് തവണയാണ് സൂര്യ- രാജമൗലി കോമ്പോ അവസാനനിമിഷം ഒന്നിക്കാതെ പോയത്. റാം ചരണിനെ നായകനാക്കി ഒരുക്കിയ മഗധീരയില്‍ രാജമൗലിയുടെ ആദ്യ ചോയ്‌സ് സൂര്യയായിരുന്നു. എന്നാല്‍ കെ.വി ആനന്ദ് സംവിധാനം ചെയ്ത അയന്‍ കാരണം മഗധീര ഉപേക്ഷിക്കേണ്ടി വന്നു. ആര്‍.ആര്‍.ആറിന്റെ സ്‌ക്രിപ്റ്റ് എഴുതിയപ്പോള്‍ സൂര്യയും കാര്‍ത്തിയുമായിരുന്നു തന്റെ മനസിലെന്ന് തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ് പറയുകയും ചെയ്തു.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ഐക്കോണിക് കോമ്പോ ഒന്നിച്ചേക്കുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. വാരണാസിക്ക് ശേഷം അല്ലു അര്‍ജുനുമായിട്ടാകും രാജമൗലി കൈകോര്‍ക്കുകയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അല്ലു അര്‍ജുന്‍ ലോകേഷുമായുള്ള പ്രൊജക്ടിലേക്ക് പോയതിനാല്‍ രാജമൗലിയുമായുള്ള പ്രൊജക്ട് വൈകുകയാണ്. സൂര്യ 50ന്റെ അമരക്കാരന്‍ രാജമൗലിയാണെങ്കില്‍ ബോക്‌സ് ഓഫീസില്‍ വലിയ അത്ഭുതങ്ങള്‍ ‘ദി വണ്‍’ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
രാജമൗലിക്ക് പുറമെ പ്രശാന്ത് നീല്‍, നെല്‍സണ്‍ എന്നിവരുടെ പേരും സൂര്യ 50ന്റെ സംവിധായകരുടെ ലിസ്റ്റില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. വര്‍ഷത്തില്‍ മിനിമം രണ്ട് സിനിമകളെങ്കിലും ചെയ്യുക എന്ന പ്ലാനിലാണ് സൂര്യ ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. തമിഴകത്ത് തന്റെ ആധിപത്യം ഉറപ്പിക്കുക എന്നത് തന്നെയായിരിക്കും സൂര്യയുടെ ലക്ഷ്യം.
Content Highlight: Rumors that Suriya is joining hands with S S Rajamouli