തമിഴിലെ മുന്‍നിര താരങ്ങളിലൊരാളാണ് സൂര്യ. കൊമേഷ്‌സ്യല്‍ സിനിമകള്‍ക്കൊപ്പം അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളും തേടിപ്പിടിച്ച് ചെയ്ത് തമിഴില്‍ വലിയൊരു ഫാന്‍ ബേസ് താരം സ്വന്തമാക്കിയിട്ടുണ്ട്. 13 വര്‍ഷത്തോളം വലിയൊരു ഹിറ്റില്ലാതിരുന്ന താരം അതിഗംഭീര തിരിച്ചുവരാണ് അടുത്തിടെ നടത്തിയത്. ആര്‍.ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പാണ് ഈ വര്‍ഷം തമിഴിലെ ഇയര്‍ ടോപ്പര്‍.
കറുപ്പിലൂടെ തമിഴിലെ തന്റെ സ്റ്റാര്‍ഡം എങ്ങും പോയിട്ടില്ലെന്ന് അറിയിച്ച സൂര്യയുടെ വരാനിരിക്കുന്ന പ്രൊജക്ടുകളും പ്രതീക്ഷ നല്‍കുന്നവയാണ്. വെങ്കി അട്‌ലൂരിയുമായുള്ള വിശ്വനാഥ് ആന്‍ഡ് സണ്‍സ്, ജിത്തു മാധവനൊപ്പമുള്ള സൂര്യ 47 എന്നിവയുടെ ഷൂട്ട് പൂര്‍ത്തിയായി. ടി.ജെ ജ്ഞാനവേലുമായി വീണ്ടും കൈകോര്‍ക്കുന്ന സൂര്യ 48 അടുത്തിടെ അനൗണ്‍സ് ചെയ്തിരുന്നു.
വമ്പന്‍ പ്രൊഡക്ഷന്‍ ഹൗസുകളും മികച്ച സംവിധായകരുമായി തന്റെ ലൈനപ്പ് കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സൂര്യ. ഇതിന് പുറമെ തന്റെ പ്രതിഫലത്തിന്റെ കാര്യത്തിലും വലിയ മാറ്റങ്ങള്‍ സൂര്യ കൊണ്ടുവരാന്‍ പോവുകയാണെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൂര്യ 48ന് ശേഷം 100 കോടി പ്രതിഫലം വാങ്ങാന്‍ തയാറെടുക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
പല സിനിമകളും പ്രതീക്ഷിച്ച വിജയം കൈവരിക്കാത്തതിനാല്‍ പ്രതിഫലമെല്ലാം താരം തിരിച്ചുകൊടുത്തിരുന്നു. രണ്ടരവര്‍ഷത്തോളം വര്‍ക്ക് ചെയ്ത കങ്കുവ നിര്‍മാതാവിന് നഷ്ടം സമ്മാനിച്ചപ്പോള്‍ പ്രതിഫലത്തിന്റെ 60 ശതമാനത്തോളം സൂര്യ തിരിച്ചുനല്‍കിയിരുന്നു. കറുപ്പ് റിലീസ് ദിവസത്തെ പ്രതിസന്ധി തീര്‍ക്കാന്‍ സ്വന്തം കൈയില്‍ നിന്ന് 30 കോടി നല്‍കിയതും വലിയ വാര്‍ത്തയായിരുന്നു.
തെലുങ്കിലെ ടോപ് നിര്‍മാതാക്കളായ സിതാര എന്റര്‍ടൈന്മെന്റ്‌സ്, കന്നഡയിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ എന്നിവരുമായാണ് സൂര്യ പ്രവര്‍ത്തിക്കുന്നത്. കരിയറിലെ മോശം സമയത്തില്‍ നിന്ന് കരകയറുന്ന സൂര്യ ഇനി പ്രതിഫലത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കുമെന്നാണ് റെഡ്ഡിറ്റ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിലെ റൂമര്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല.
വിജയ് സിനിമാജീവിതം ഉപേക്ഷിച്ചതും അജിത് സിനിമയെക്കാള്‍ റേസിങ്ങിന് പ്രാധാന്യം നല്‍കുന്നതും സൂര്യക്ക് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. കൊമേഷ്‌സ്യല്‍ പ്രൊജക്ടുകളും പരീക്ഷണ സിനിമകളും ഒരുപോലെ കൊണ്ടുപോയി തന്റെ പഴയ റേഞ്ചിലേക്ക് താരം തിരിച്ചെത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
Content Highlight: Rumors that Suriya is charging 100 crores as his remuneration