| Saturday, 17th January 2026, 4:42 pm

ഒരു കരയ്‌ക്കെത്തിയിട്ടു പോരെ ഇത്തരം പരീക്ഷണം, ജിത്തു മാധവന് ശേഷം സൂര്യയുടെ അടുത്ത സംവിധായകനെക്കുറിച്ച് ആരാധകര്‍

അമര്‍നാഥ് എം.

വലിയൊരു തിയേറ്റര്‍ ഹിറ്റിനായി സൂര്യയുടെ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 13 വര്‍ഷമായിരിക്കുകയാണ്. വലിയ ഹൈപ്പിലെത്തിയ പല സിനിമകളും വേണ്ടത്ര ശോഭിക്കാത്തതിനാല്‍ പലരും നിരാശയിലാണ്. എന്നാല്‍ പ്രതീക്ഷ നല്‍കുന്ന ലൈനപ്പാണ് നിലവില്‍ സൂര്യയുടേത്. കങ്കുവയുടെ പരാജയത്തിന് ശേഷം ഒരു വര്‍ഷം മൂന്ന് സിനിമകളെന്ന പ്ലാനിലാണ് താരം മുന്നോട്ടുപോകുന്നത്.

ഈ വര്‍ഷം സൂര്യയുടേതായി മൂന്ന് സിനിമകള്‍ റിലീസാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഷൂട്ട് പൂര്‍ത്തിയായിട്ടും റിലീസാകാത്ത കറുപ്പ് മാര്‍ച്ചില്‍ തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷ. നിലവില്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സൂര്യ 47ന്റെ തിരക്കിലാണ് താരം. എന്നാല്‍ ഈ പ്രൊജക്ടിന് ശേഷം സൂര്യ ഏത് സംവിധായകനുമായി കൈകോര്‍ക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

പാണ്ഡിരാജ്‌, സൂര്യ Photo: IMDB

തമിഴ് സംവിധായകന്‍ പാണ്ഡിരാജുമായിട്ടാകും താരം കൈകോര്‍ക്കുകയെന്നാണ് അഭ്യൂഹങ്ങള്‍. പസങ്ക 2, എതര്‍ക്കും തുനിന്തവന്‍ എന്നീ ചിത്രങ്ങളാണ് ഈ കോമ്പോ മുമ്പ് ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചത്. നിലവിലെ ബോക്‌സ് ഓഫീസ് സ്ഥിതെ വെച്ച് പാണ്ഡിരാജുമായി സൂര്യ വീണ്ടും ഒന്നിക്കരുതെന്നാണ് ആരാധകരില്‍ പലരും അഭിപ്രായപ്പെടുന്നത്.

എന്നാല്‍ ഇത് വെറും സാധ്യത മാത്രമാണെന്നും ചിലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സൂര്യയുടെ പുതിയ പ്രൊഡക്ഷന്‍ ഹൗസായ ഴഗരം സ്റ്റുഡിയോസ് പാണ്ഡിരാജിന്റെ അടുത്ത ചിത്രം നിര്‍മിക്കുക മാത്രമേ ചെയ്യുള്ളൂവെന്നും റിപ്പോര്‍ട്ടുണ്ട്. സൂര്യ 48ന്റെ സംവിധായകന്‍ ആരാകുമെന്ന് വരുംദിവസങ്ങളില്‍ അറിയാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജിത്തു മാധവന്റെ ചിത്രത്തിന്റെ പ്രൊമോ ഷൂട്ടിനായി എത്തിയപ്പോള്‍ രാഹുല്‍ സദാശിവന്‍ സൂര്യയോട് ഒരു കഥ പറഞ്ഞിട്ടുണ്ടായിരുന്നെന്നും സൂര്യക്ക് അത് ഇഷ്ടമായെന്നും റിപ്പോര്‍ട്ടുണ്ട്. എല്ലാം ഒത്തുവന്നാല്‍ തുടര്‍ച്ചയായ രണ്ടാമത്തെ ചിത്രവും മലയാളി സംവിധായകനൊപ്പം സൂര്യ ചെയ്യാന്‍ സാധ്യതയുണ്ട്. നഹാസ് ഹിദായത്തും സൂര്യയോട് കഥ പറഞ്ഞതായി ചില സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വര്‍ഷം സൂര്യയുടെ ആദ്യ റിലീസ് കറുപ്പാണ്. ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് കരുതിയെങ്കിലും വീണ്ടും നീണ്ടുപോവുകയായിരുന്നു. നിലവിലൈ റിപ്പോര്‍ട്ടുകളനുസരിച്ച് മാര്‍ച്ച് 19നാകും ചിത്രത്തിന്റെ റിലീസ്. വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന സൂര്യ 46 സമ്മര്‍ റിലീസായും സൂര്യ 47 ദീപാവലിക്കും തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

ഷൂട്ട് പോലും തുടങ്ങാത്ത സൂര്യ 47ന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയത് വലിയ വാര്‍ത്തയായിരുന്നു. മികച്ച സംവിധായകരുമായി കൈകോര്‍ക്കുന്നതിലൂടെ ബോക്‌സ് ഓഫീസിലെ പഴയ ട്രാക്കിലേക്ക് സൂര്യ തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlight: Rumors that Suriya going to join hands with Pandiraj

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more