ചുരുങ്ങിയ സമയത്തിനുള്ളില്‍ തമിഴ് സിനിമാലോകത്ത് ശ്രദ്ധ നേടിയ നടനാണ് ശിവകാര്‍ത്തികേയന്‍. കോമഡി താരമായി കരിയര്‍ ആരംഭിച്ച ശിവകാര്‍ത്തികേയന്‍ മുന്‍നിരതാരമായി വളരെ വേഗത്തില്‍ ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കി. റോം കോം ഴോണറുകളില്‍ നിന്ന് ആക്ഷന്‍ ഴോണറിലേക്കും താരം തന്റെ ചുവടുമാറ്റിയിരുന്നു.
വിജയ് സിനിമാജീവിതത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചതോടെ പലരും ആ സ്ഥാനത്തേക്ക് ശിവകാര്‍ത്തികേയന്‍ എത്തുമെന്ന് കണക്കുകൂട്ടി. 2024ല്‍ റിലീസായ അമരന്‍ അതിന് ഉദാഹരണമായിരുന്നു. എന്നാല്‍ അമരന്‍ നല്‍കിയ വിജയം കാത്തുസൂക്ഷിക്കാന്‍ താരത്തിന് സാധിച്ചില്ല. അമരന് ശേഷം പുറത്തുവന്ന മദിരാശി, പരാശക്തി എന്നീ സിനിമകള്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ പോവുകയായിരുന്നു.
രണ്ട് സിനിമകളും ബോക്‌സ് ഓഫീസില്‍ 100 കോടി പോലും നേടാനാകാതെയാണ് കളംവിട്ടത്. 120 കോടിയിലേറെ ബജറ്റിലൊരുങ്ങിയ പരാശക്തി 90 കോടി മാത്രമാണ് നേടിയത്. ഇതോടെ ശിവകാര്‍ത്തികേയന്റെ സ്റ്റാര്‍ഡത്തിന് ഇടിവ് സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായ രണ്ട് തിരിച്ചടികള്‍ ശിവ തന്റെ ലൈനപ്പില്‍ മാറ്റം വരുത്തുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
പരാശക്തിക്ക് ശേഷം വെങ്കട് പ്രഭുവുമായി ചേര്‍ന്ന് സൈ ഫൈ പ്രൊജക്ട് ചെയ്യുന്നു എന്നായിരുന്നു ആദ്യം കേട്ടത്. എന്നാല്‍ നിലവിലെ റിപ്പോര്‍ട്ടനുസരിച്ച് ഈ പ്രൊജക്ട് തത്കാലത്തേക്ക് ഹോള്‍ഡ് ചെയ്‌തെന്നും ശിവകാര്‍ത്തികേയന്‍ മറ്റൊരു ചെറിയ ചിത്രം ചെയ്യാന്‍ പോകുന്നുവെന്നുമാണ് പുറത്തുവരുന്ന വിവരം. തന്റെ സ്ഥിരം സോണിലുള്ള റൂറല്‍ കോമഡി ഴോണറിലാകും ഈ ചിത്രം ഒരുങ്ങുകയെന്നും റിപ്പോര്‍ട്ടുണ്ട്.
താരം നിര്‍മിക്കുന്ന പുതിയ ചിത്രമായ തായ് കിഴവിയുടെ സംവിധായകന്‍ ശിവകുമാര്‍ മുരുകേശനുമായിട്ടാണ് ശിവ അടുത്ത ചിത്രമൊരുക്കുക എന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് ശേഷം മാത്രമേ വെങ്കട്ട് പ്രഭുവുമായുള്ള പ്രൊജക്ടിലേക്ക് താരം കടക്കുകയുള്ളൂ.
ബോക്‌സ് ഓഫീസില്‍ നഷ്ടപ്പെട്ടുപോയ പ്രതാപം ശിവകാര്‍ത്തികേയന്‍ തിരിച്ചുപിടിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. അമരന് ശേഷം താരത്തിന് ചുവടുപിഴച്ചതും പ്രദീപ് രംഗനാഥന്‍ തുടര്‍ വിജയങ്ങളുമായി കളം നിറയുന്നതും തമിഴ് സിനിമാലോകത്ത് ചര്‍ച്ചാവിഷയമായിരിക്കുകയാണ്. അടുത്ത ദളപതിയായി ആര് മാറുമെന്നാണ് പലരും ഉറ്റുനോക്കുന്നത്.
Content Highlight: Rumors that Sivakarthikeyan stopped doing experimental subjects after the failure of Parasakthi