| Thursday, 12th March 2026, 7:00 pm

ഫഹദല്ല, സൂര്യയെ സഹായിക്കാനെത്തുന്ന പൊലീസാകുന്നത് തമിഴിലെ സൂപ്പര്‍താരം, സൂര്യ 47ല്‍ വരുന്നത് ഗംഭീര കാമിയോയെന്ന് റിപ്പോര്‍ട്ടുകള്‍

അമര്‍നാഥ് എം.

ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ 47. അടുത്തകാലത്തായി എടുത്തുപറയാന്‍ വലിയ ഹിറ്റില്ലാതിരിക്കുന്ന സൂര്യയുടെ ലൈനപ്പിലുള്ള ഗംഭീര പ്രൊജക്ടായാണ് പലരും സൂര്യ 47നെ കാണുന്നത്. ആവേശത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്.

വന്‍ ബജറ്റില്‍ ആക്ഷന്‍ കോമഡി ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ട് ചെന്നൈയില്‍ പുരോഗമിക്കുകയാണ്. വന്‍ താരനരിയാണ് ചിത്രത്തിലുള്ളത്. മലയാളിയായ നസ്‌ലെന്‍, നസ്രിയ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തില്‍ ഫഹദ് ഫാസില്‍ അതിഥിവേഷത്തിലെത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഫഹദിന് പകരം മറ്റൊരു താരം ഈ ചിത്രത്തിലേക്കെത്തും. തമിഴിലെ സൂപ്പര്‍താരങ്ങളിലൊരാളായ സിലമ്പരസനാകും സൂര്യ 47ലെ കാമിയോ ചെയ്യുകയെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ എത്തുന്ന കഥാപാത്രത്തെയാകും എസ്.ടി.ആര്‍ അവതരിപ്പിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടാം ഭാഗത്തിന് സാധ്യത നിര്‍ത്തിക്കൊണ്ടാകും സൂര്യ 47 അവസാനിക്കുകയെന്നും റിപ്പോര്‍ട്ടിലുണ്ട്. എസ്.ടി.ആറിനെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചെന്നും അതില്‍ അന്തിമ തീരുമാനം വരുംദിവസങ്ങളില്‍ പുറത്തുവരുമെന്നും സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എസ്.ടി.ആര്‍ ഈ വേഷം നിരസിച്ചാല്‍ മറ്റേതെങ്കിലും താരം ഈ വേഷം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ട്രാന്‍സ്ഫറായി എത്തുന്ന പൊലീസ് ഓഫീസറുടെ കഥയാണ് സൂര്യ 47ന്റേത്. കൊച്ചിയിലായിരുന്നു ചിത്രം ഷൂട്ട് ചെയ്യാന്‍ ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ പെര്‍മിഷന്‍ ലഭിക്കാത്തതിനാല്‍ ചെന്നൈയിലേക്ക് ലൊക്കേഷന്‍ മാറ്റുകയും കഥ തിരുത്തുകയും ചെയ്യുകയായിരുന്നു. ഏറെക്കാലത്തിന് ശേഷം സൂര്യ പൊലീസ് വേഷത്തില്‍ പ്രത്യക്ഷപ്പെടുകയാണ്.

ക്യാമറക്ക് മുന്നില്‍ മാത്രമല്ല, പിന്നിലും മലയാളികളുടെ നീണ്ടനിരയാണ് സൂര്യ 47ലുള്ളത്. സുഷിന്‍ ശ്യാം സംഗീതസംവിധാനം നിര്‍വഹിക്കുമ്പോള്‍ ഉണ്ണി പാലോടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മഷര്‍ ഹംസയാണ് കോസ്റ്റിയൂം ഡിസൈനര്‍. സൂര്യയുടെ ഉടമസ്ഥതയിലുള്ള പുതിയ പ്രൊഡക്ഷന്‍ ഹൗസായ ഴഗരം സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മാണം. ഈ വര്‍ഷം ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്.

Content Highlight: Rumors that Silambarasan might play a cameo in Suriya 47 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more