സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് തലൈവര്‍ 173. രജിനികാന്തിനെ നായകനാക്കി കമല്‍ ഹാസന്‍ നിര്‍മിക്കുന്ന ചിത്രമെന്ന നിലയില്‍ തലൈവര്‍ 173ക്ക് അനൗണ്‍സ്‌മെന്റ് മുതല്‌ക്കേ ഹൈപ്പുണ്ടായിരുന്നു. ഇതാദ്യമായാണ് രജിനിയുടെ ചിത്രം കമല്‍ നിര്‍മിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.
ഡോണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സിബി ചക്രവര്‍ത്തിയാണ് ഈ പ്രൊജക്ട് സംവിധാനം ചെയ്യുന്നത്. ആദ്യചിത്രത്തില്‍ തന്നെ തന്നിലെ സംവിധായകന്റെ കഴിവ് തെളിയിച്ച സിബിക്ക് വലിയൊരു അവസരമാണ് ഇതോടെ വന്നുചേര്‍ന്നിരിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.
മലയാളത്തില്‍ നിന്ന് മുന്‍നിര താരത്തിന്റെ സാന്നിധ്യം തലൈവര്‍ 173ല്‍ ഉണ്ടായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. സംവിധായകനായും നടനായും തന്റേതായ സ്ഥാനം സ്വന്തമാക്കിയ ബേസിലിന്റെ പേരായിരുന്നു ഉയര്‍ന്നുകേള്‍ക്കുന്നത്. രജിനിയുടെ മകന്റെ വേഷമാകും ബേസില്‍ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ചിത്രത്തിലെ നായികയായി ശോഭന വേഷമിടുമെന്ന് പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.
ദളപതിക്ക് ശേഷം രജിനിയുടെ നായികയായി ശോഭന വേഷമിടുമ്പോള്‍ ആരാധകര്‍ക്കും ഇരട്ടി സന്തോഷമാകും. ഒരൊറ്റ സിനിമയില്‍ തന്നെ അപാര കെമിസ്ട്രിയായിരുന്നു ഇരുവരും തമ്മില്‍. കൂലിയുടെ ക്ലൈമാക്‌സില്‍ ശോഭനയുടെ ചെറിയൊരു ഫോട്ടോയ്ക്ക് ഗംഭീര കൈയടികളായിരുന്നു ലഭിച്ചത്. ഈയൊരു ഫാക്ടര്‍ വര്‍ക്കൗട്ട് ചെയ്യാന്‍ സിബിക്ക് സാധിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെ വരുംദിവസങ്ങളില്‍ അനൗണ്‍സ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
മുന്‍ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഫാമിലി ഇമോഷനുകള്‍ക്കാണ് തലൈവര്‍ 173 പ്രാധാന്യം നല്‍കുന്നത്. ആക്ഷന്‍ കഥകള്‍ ഒഴിവാക്കിയാണ് രജിനിയും കമലും സിബിയുടെ കഥയ്ക്ക് ഓക്കെ പറഞ്ഞതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രജിനികാന്തിലെ താരത്തെക്കാള്‍ നടനാകും തലൈവര്‍ 173ല്‍ തിളങ്ങുകയെന്നാണ് ആരാധകര്‍ കരുതുന്നത്.
ഒരുപാട് ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവിലാണ് തലൈവര്‍ 173യുടെ സംവിധാന ചുമതല സിബിയെ തേടിയെത്തിയത്. തുടക്കത്തില്‍ ലോകേഷിന്റെ പേരായിരുന്നു ഉയര്‍ന്നുകേട്ടത്. പിന്നീട് നെല്‍സണ്‍, കാര്‍ത്തിക് സുബ്ബരാജ് എന്നിവരുടെ പേരുകള്‍ കേട്ടെങ്കിലും സുന്ദര്‍ സി ഈ പ്രൊജക്ട് സംവിധാനം ചെയ്യുമെന്ന് കമല്‍ ഹാസന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ സുന്ദര്‍ സി ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറി. ഒടുവില്‍ സിബിക്ക് നറുക്ക് വീഴുകയായിരുന്നു.
നിലവില്‍ ജയിലര്‍ 2ന്റെ തിരക്കിലാണ് രജിനികാന്ത്. ഈ മാസം അവസാനത്തോടെ ജയിലര്‍ 2 പൂര്‍ത്തിയാക്കുന്ന രജിനി മെയ് മാസത്തോടെ തലൈവര്‍ 173ല്‍ ജോയിന്‍ ചെയ്യും. ഒക്ടോബറോടെ ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാകുമെന്നും അടുത്ത വര്‍ഷം പൊങ്കലിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlight: Rumors that Shobhana might be the heroine of Rajnikanth in Thalaivar 173 movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ