ആര്‍.ആര്‍.ആറിലൂടെ ഗ്ലോബല്‍ റീച്ച് ലഭിച്ച താരമാണ് ജൂനിയര്‍ എന്‍.ടി.ആര്‍. എന്നാല്‍ കൈയിലെത്തിയ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡം വേണ്ടരീതിയില്‍ ഉപയോഗിക്കാതെ ഇരിക്കുകയാണ് താരം. വാര്‍ 2ലൂടെ താരം ബോളിവുഡിലേക്ക് എന്‍ട്രി നടത്തിയെങ്കിലും ചിത്രം വന്‍ പരാജയമാവുകയും സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മെറ്റീരിയലാവുകയും ചെയ്തു.
വാര്‍ 2ന് ശേഷം ജൂനിയര്‍ എന്‍.ടി.ആര്‍ നായകനാകുന്ന ചിത്രമാണ് ഡ്രാഗണ്‍. സലാറിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്. അനൗണ്‍സ് ചെയ്ത് രണ്ട് വര്‍ഷമായിട്ടും പകുതി പോലും പൂര്‍ത്തിയാകാത്തതില്‍ ആരാധകരും നിരാശയിലാണ്. ചിത്രത്തില്‍ വില്ലനായി മലയാളി താരം ടൊവിനോ തോമസ് എത്തിയേക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഒരു വര്‍ഷത്തിലധികം ഒരു സിനിമക്ക് വേണ്ടി മാറ്റിവെക്കാനാകില്ലെന്നും അതിനാല്‍ അന്യഭാഷാ സിനിമകള്‍ക്ക് താന്‍ പ്രാധാന്യം നല്‍കുന്നില്ലെന്നും താരം അറിയിച്ചു. ടൊവിനോ പിന്മാറിയതോടെ ഡ്രാഗണിലെ വില്ലന്‍ വേഷം ചെയ്യാന്‍ മറ്റൊരു താരം എത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരം ഷാഹിദ് കപൂറിനെയാണ് ഈ വേഷത്തിലേക്ക് പരിഗണിക്കുന്നതെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ബോളിവുഡിലെ മികച്ച നടന്മാരില്‍ ഒരാളായിട്ടും സമീപകാലത്ത് എടുത്തുപറയാന്‍ വലിയ ഹിറ്റില്ലാത്ത നടനാണ് ഷാഹിദ് കപൂര്‍. അപാരമായ ടാലന്റ് ഉണ്ടായിട്ടും കരിയറില്‍ അധികവും ചെയ്തത് റീമേക്കുകളാണ്. ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ഓ റോമിയോയും ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല.
നിലവില്‍ ബോളിവുഡിലെ മുന്‍നിര താരങ്ങളിലൊരാളായ ഷാഹിദ് തെലുങ്കില്‍ വില്ലന്‍ വേഷം ചെയ്യാന്‍ ഓക്കെ പറയുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. സഞ്ജയ് ദത്ത്, ഇമ്രാന്‍ ഹാഷ്മി, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ക്ക് ശേഷം തെലുങ്കില്‍ വില്ലന്‍ വേഷം ചെയ്യുന്ന ബോളിവുഡ് താരമായി ഷാഹിദ് കപൂര്‍ മാറിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം വലിയൊരു ബ്രേക്കാണ് പ്രശാന്ത് നീലും സംഘവും എടുത്തത്. സ്‌ക്രിപ്റ്റ് പലതവണ തിരുത്തിയതും ഷെഡ്യൂളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയതും ഷൂട്ട് നീണ്ടുപോകാന്‍ കാരണമായി. ഡ്രാഗണ് മുമ്പ് ഷൂട്ട് ആരംഭിച്ച രാജമൗലിയുടെ വാരണാസി 75 ശതമാനത്തോളം ഷൂട്ട് പൂര്‍ത്തിയാക്കിയതും വലിയ വാര്‍ത്തയായിരുന്നു.
ഡ്രാഗണ്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമേ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന സലാറിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ട് ആരംഭിക്കുകയുള്ളൂ. കെ.ജി.എഫ് സീരീസിന് ശേഷം പ്രശാന്ത് നീലിനെ അമിത ഹൈപ്പിന്റെ സമ്മര്‍ദം ബാധിച്ചിട്ടുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Content Highlight: Rumors that Shahid Kapoor might play the villain role in Dragon movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ