| Sunday, 18th January 2026, 3:35 pm

രണ്‍വീര്‍ പിന്മാറിയതിന് പിന്നാലെ ഡോണ്‍ 3 ചെയ്യാന്‍ തീരുമാനിച്ച് കിങ് ഖാന്‍? ഒരൊറ്റ കണ്ടീഷന്‍ മാത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡിലെ ഹിറ്റ് ഫ്രാഞ്ചൈസിയാണ് ഡോണ്‍. 1978ല്‍ അമിതാഭ് ബച്ചന്‍ നായകനായെത്തിയ ഡോണ്‍ രണ്ടര പതിറ്റാണ്ടിന് ശേഷം ഷാരൂഖ് ഖാനെ നായകനാക്കി ഫര്‍ഹാന്‍ അക്തര്‍ റീബൂട്ട് ചെയ്തു. ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ അഞ്ച് വര്‍ഷത്തിന് ശേഷം ഡോണിന് രണ്ടാം ഭാഗവുമൊരുങ്ങിയിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗവും സംവിധായകന്‍ അടുത്തിടെ അനൗണ്‍സ് ചെയ്തത് ആവേശം ഇരട്ടിയാക്കി.

ആദ്യ രണ്ട് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി മൂന്നാം ഭാഗത്തില്‍ രണ്‍വീര്‍ സിങ്ങായിരുന്നു നായകന്‍. ആരാധകര്‍ക്ക് ഈ വാര്‍ത്ത ചെറുതായി നിരാശ സമ്മാനിക്കുകയും ചെയ്തു. എന്നാല്‍ ധുരന്ധറിന്റെ വിജയത്തിന് ശേഷം രണ്‍വീര്‍ ഡോണ്‍ 3യില്‍ നിന്ന് പിന്മാറിയെന്ന റൂമറുകള്‍ പുറത്തുവന്നു. ഇതോടെ ഡോണിന്റെ മൂന്നാം ഭാഗം അനിശ്ചിതത്വത്തിലായെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഡോണ്‍ 3 ഷാരൂഖിലേക്ക് തിരിച്ചെത്തിയെന്നാണ് വിവരം. 15 വര്‍ഷത്തിന് ശേഷം ഫര്‍ഹാന്‍- കിങ് ഖാന്‍ കോമ്പോ ഒന്നിക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. എന്നാല്‍ ഡോണ്‍ 3 കമ്മിറ്റ് ചെയ്യണമെങ്കില്‍ ഒരു കണ്ടീഷന്‍ ഷാരൂഖ് മുന്നോട്ടു വെച്ചിട്ടുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.

ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസറായി അറ്റ്‌ലീ വേണമെന്ന ആവശ്യം ഷാരൂഖ് മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജവാനിലൂടെ പിറവിയെടുത്ത ഈ കോമ്പോ ഷാരൂഖിന് വലിയ ഇഷ്ടമായെന്നുള്ളതിന്റെ തെളിവാണിത്. നിലവില്‍ ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരിലൊരാളായ അറ്റ്‌ലീ ഡോണ്‍ 3യുടെ ക്രൂവിലേക്കെത്തുമ്പോള്‍ ഹൈപ്പ് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. അല്ലു അര്‍ജുനുമൊത്തുള്ള ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ തിരക്കിലാണ് നിലവില്‍ അറ്റ്‌ലീ. ഈ വര്‍ഷം അവസാനത്തോടെ മാത്രമേ അറ്റ്‌ലീ ഫ്രീയാവുകയുള്ളൂ. ഇതിന് ശേഷം മാത്രമേ അറ്റ്‌ലീ ഡോണ്‍ 3യുടെ ഭാഗാമാകാന്‍ സാധ്യതയുള്ളൂവെന്നാണ് വിലയിരുത്തല്‍.

നിലവില്‍ സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിങ്ങിന്റെ തിരക്കിലാണ് ഷാരൂഖ്. ബോളിവുഡിലെ ഏറ്റവും വലിയ സ്റ്റാര്‍ കാസ്റ്റിലാണ് കിങ് ഒരുങ്ങുന്നത്. സെപ്റ്റംബറില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്. ഇതിന് ശേഷമാകും ഡോണ്‍ 3യുടെ മറ്റ് അപ്‌ഡേറ്റുകള്‍ പുറത്തുവരികയെന്നും റിപ്പോര്‍ട്ടുണ്ട്.

കിങ്ങിന് ശേഷം ഷാരൂഖ് സിനിമയില്‍ നിന്ന് ഇടവേളയെടുക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 2018ല്‍ സീറോയുടെ പരാജയത്തിന് ശേഷം ഷാരൂഖ് ഇന്‍ഡസ്ട്രിയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. തിരിച്ചുവരവില്‍ ബാക്ക് ടു ബാക്ക് 1000 കോടി നേടിയാണ് കിങ് ഖാന്‍ തന്റെ സിംഹാസനം വീണ്ടെടുത്തത്. വീണ്ടുമൊരു ഇടവേളയെടുക്കുന്ന കിങ് ഖാന്‍ വലിയൊരു ശൂന്യത ഇന്‍ഡസ്ട്രിയിലുണ്ടാകുമെന്ന് ഉറപ്പാണ്.

Content Highlight: Rumors that Shah Rukh Khan will do Don 3 movie after Ranveer quits the project

We use cookies to give you the best possible experience. Learn more