| Thursday, 12th March 2026, 8:20 am

ഷാരൂഖിനെ തമിഴ് സംവിധായകരുടെ കൈയില്‍ കിട്ടിയാല്‍ കാക്കിയിടീപ്പിച്ചിട്ടേ വിടുള്ളൂ, ജവാന് പിന്നാലെ ജയിലര്‍ 2ലും പൊലീസ് വേഷം?

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമാലോകം കോളിവുഡിലേക്ക് ഉറ്റുനോക്കുന്ന പ്രൊജക്ടാണ് ജയിലര്‍ 2. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ താരസംഗമത്തിനാണ് ജയിലര്‍ 2ല്‍ കളമൊരുങ്ങുന്നത്. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനൊപ്പം മലയാളത്തിന്റെ മോഹന്‍ലാലും കറുനാട ചക്രവര്‍ത്തി ശിവ രാജ്കുമാറും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ജയിലര്‍ 2ന്റെ ഭാഗമാകുന്നുണ്ട്.

ഇവര്‍ക്കൊപ്പം ഇന്ത്യന്‍ സിനിമയുടെ ബാദ്ഷ ഷാരൂഖ് ഖാനും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഈ മാസം അവസാനത്തോടെയാകും കിങ് ഖാന്‍ ജയിലര്‍ 2ന്റെ ഭാഗമാവുകയെന്നാണ് റിപ്പോര്‍ട്ട്. ആറ് ദിവസത്തെ ഡേറ്റാണ് ഷാരൂഖ് ജയിലര്‍ 2നായി നല്‍കിയിരിക്കുന്നത്. സൂപ്പര്‍സ്റ്റാറും കിങ് ഖാനും തമ്മിലുള്ള ഫേസ് ഓഫ് സീനാണ് ചിത്രീകരിക്കുക.

പൊലീസ് വേഷത്തിലാണ് ഷാരൂഖ് ജയിലര്‍ 2ല്‍ പ്രത്യക്ഷപ്പെടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ താരത്തിന്റെ കരിയറിലെ ചെറിയൊരു സാമ്യത ചര്‍ച്ചയായിരിക്കുകയാണ്. കരിയറില്‍ ഇത് രണ്ടാം തവണയാണ് ഷാരൂഖ് കാക്കി ധരിച്ച് ക്യാമറക്ക് മുന്നിലെത്തുന്നത്. 2023ല്‍ റിലീസായ ജവാനിലാണ് കിങ് ഖാനെ ആദ്യമായി പൊലീസ് യൂണിഫോമില്‍ ആരാധകര്‍ കണ്ടത്.

2001ല്‍ റിലീസായ വണ്‍ 2 കാ 4 എന്ന ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷമായിരുന്നെങ്കിലും താരം കാക്കി ധരിച്ചിരുന്നില്ല. അറ്റ്‌ലീയാണ് താരത്തെ ആദ്യമായി കാക്കി ധരിപ്പിച്ചത്. ജവാനിലെ ഏറ്റവും വലിയ പുതുമയും ഷാരൂഖിന്റെ പൊലീസ് വേഷമായിരുന്നു. ഇപ്പോഴിതാ ജയിലര്‍ 2ലും താരം പൊലീസായി വേഷമിടുകയാണ്.

തമിഴ് സംവിധായകരുടെ കൈയില്‍ ഷാരൂഖിനെ കിട്ടിയാല്‍ കാക്കി ധരിപ്പിച്ചിട്ടേ വിടുള്ളൂ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. രണ്ടരമണിക്കൂര്‍ സിനിമയില്‍ അറ്റ്‌ലീ കിങ് ഖാനെ അവതരിപ്പിച്ചതിനെക്കാള്‍ മാസ്സായി നെല്‍സണ് പ്രസന്റ് ചെയ്യാന്‍ സാധിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. രജിനിക്കും ഷാരൂഖിനുമൊപ്പം എസ്.ജെ. സൂര്യയും ഈ ഷെഡ്യൂളില്‍ ഭാഗമാകുന്നുണ്ടെന്നാണ് റൂമറുകള്‍.

ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ താരങ്ങളെ ഒരു പ്രൊജക്ടിലേക്ക് എത്തിച്ച നെല്‍സണ്‍ ഇത്തവണയും നിരാശപ്പെടുത്തില്ലെന്നാണ് പ്രതീക്ഷ. ആദ്യഭാഗത്തെക്കാള്‍ കൂടിയ ഡോസിലാണ് ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്റെ പുതിയ വരവ്. തമിഴ് താരങ്ങള്‍ക്കൊപ്പം ഒരുപിടി മലയാള താരങ്ങളും ജയിലര്‍ 2ല്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, വിനീത് തട്ടില്‍, ഷൈന്‍ ടോം ചാക്കോ, അന്ന രാജന്‍, സുജിത്ത് ശങ്കര്‍, സുനില്‍ സുഖദ എന്നിവരാണ് ജയിലര്‍ 2ന്റെ ഭാഗമാകുന്ന മലയാളി താരങ്ങള്‍. ആദ്യഭാഗത്തില്‍ വില്ലനായി ഞെട്ടിച്ച വിനായകന്റെ സാന്നിധ്യവും ജയിലര്‍ 2ലുണ്ട്. ഓഗസ്റ്റ് 15ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

Content Highlight: Rumors that Shah Rukh Khan playing a cop role in Jailer 2 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more