| Friday, 5th December 2025, 7:20 pm

കിങ് ഖാന്‍ ഇനിയും ബോളിവുഡ് ഭരിക്കും, ഒന്നിച്ചപ്പോഴെല്ലാം ബ്ലോക്ക്ബസ്റ്റര്‍ നല്‍കിയ ടീം വീണ്ടും കൈകോര്‍ക്കുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒപ്പം വന്നവരും പിന്നാലെ വന്നവരുമെല്ലാം മുന്‍പന്തിയില്‍ ഇടംപിടിക്കാന്‍ ശ്രമിക്കുമ്പോഴും ബോളിവുഡിലെ തന്റെ സിംഹാസം ഒഴിയാന്‍ കൂട്ടാക്കാതെ നില്‍ക്കുന്ന താരമാണ് ഷാരൂഖ് ഖാന്‍. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ബ്രാന്‍ഡായി മാറിയ ഷാരൂഖിന് വെല്ലുവിളിയുയര്‍ത്താന്‍ പോന്ന താരം ബോളിവുഡില്‍ പിന്നീട് ഉണ്ടായിട്ടില്ലെന്ന് പറയാം.

താരത്തിന്റെ പുതിയ പ്രൊജക്ടിനെക്കുറിച്ചുള്ള റൂമറുകളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഷാരൂഖിന്റെ കരിയറില്‍ വന്‍ വിജയങ്ങള്‍ മാത്രം സമ്മാനിച്ചിട്ടുള്ള ഫറാ ഖാനുമായിട്ടാകും താരം അടുത്തതായി കൈകോര്‍ക്കുകയെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഷാരൂഖുമൊത്ത് പ്രൊജക്ട് ഉണ്ടായേക്കുമെന്ന് ഫറ അറിയിച്ചിരുന്നു.

മൂന്ന് തവണയാണ് ഷാരൂഖ്- ഫറാ ഖാന്‍ കോമ്പോ ഒന്നിച്ചിട്ടുള്ളത്. മേം ഹൂം നാ, ഓം ശാന്തി ഓം, ഹാപ്പി ന്യൂ ഇയര്‍ എന്നീ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരുന്നു. ഇതേ കോമ്പോ വീണ്ടും ഒന്നിക്കുകയാണെങ്കില്‍ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി മാറുമെന്നാണ് കരുതുന്നത്. ചിത്രത്തിന്റെ പ്രാരംഭഘട്ട ചര്‍ച്ചകള്‍ അവസാനിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഇരുവരും ആദ്യമായി ഒന്നിച്ച മേം ഹൂം നായുടെ സീക്വലായിരിക്കും ഈ പ്രൊജക്ടെന്നാണ് പുറത്തുവരുന്ന വിവരം. 2004ല്‍ പുറത്തിറങ്ങിയ മേം ഹൂം നാ വന്‍ വിജയമായി മാറിയിരുന്നു. ഷാരൂഖ്- സുസ്മിത സെന്‍ ജോഡി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം രാം പ്രസാദിന്റെ വരവ് എങ്ങനെയാകുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

നിലവില്‍ സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിങ്ങിന്റെ ഷൂട്ടിലാണ് ഷാരൂഖ് ഖാന്‍. അടുത്തിടെ പുറത്തിറങ്ങിയ കിങ്ങിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റിന് വന്‍ വരവേല്പായിരുന്നു ലഭിച്ചത്. താരത്തിന്റെ സ്റ്റൈലിഷ് ലുക്കും സ്‌ക്രീന്‍ പ്രസന്‍സുമായിരുന്നു ടീസറിന്റെ ഹൈലൈറ്റ്. ഷാരൂഖിന്റെ കരിയറില്‍ ഏറ്റവുമുയര്‍ന്ന ബജറ്റിലാണ് കിങ് ഒരുങ്ങുന്നത്.

വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ഷാരൂഖിന്റെ മകള്‍ സുഹാനാ ഖാനും കിങ്ങില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ദീപിക പദുകോണാണ് ചിത്രത്തിലെ നായിക. അഭിഷേക് ബച്ചന്‍, അര്‍ഷാദ് വര്‍സി, അനില്‍ കപൂര്‍, രാഘവ് ജുയല്‍, ജാക്കി ഷ്‌റോഫ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 2026 ജൂണില്‍ ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Rumors that Shah Rukh Khan joining hands with Farah Khan after 11 years

We use cookies to give you the best possible experience. Learn more