| Tuesday, 16th December 2025, 6:25 pm

എം.എസ്. സുബ്ബലക്ഷ്മിയാവാന്‍ സായ് പല്ലവി, ക്യാമറക്ക് പിന്നില്‍ ദേശീയ അവാര്‍ഡ് നേടിയ സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ് സായ് പല്ലവി. അല്‍ഫോണ്‍സ് പുത്രന്‍ സിനിമാലോകത്തിന് സമ്മാനിച്ച സായ് പല്ലവി 2015ല്‍ പുറത്തിറങ്ങിയ പ്രേമത്തിലൂടെയാണ് ശ്രദ്ധ നേടിയത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ സായ്ക്ക് സാധിച്ചു.

ഇപ്പോഴിതാ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗായികമാരില്‍ ഒരാളായ എം. എസ് സുബ്ബലക്ഷ്മിയുടെ ബയോപിക്കില്‍ സായ് പല്ലവി നായികയാകുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ജേഴ്‌സി എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ ഗൗതം തിന്നനൂരിയാകും ചിത്രത്തിന്റെ സംവിധായകനെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ അവസാനഘട്ടത്തിലാണെന്നാണ് പുറത്തുവരുന്ന വിവരം.

തെലുങ്കിലെ മുന്‍നിര നിര്‍മാതാക്കളായ ഗീതാ ആര്‍ട്‌സാകും ഈ ചത്രം നിര്‍മിക്കുക. സുബ്ബലക്ഷ്മിയുടെ ജീവിതത്തിലെ നാഴിക്കക്കല്ലുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാകും ഗൗതം ഈ ചിത്രം ഒരുക്കുകയെന്ന് കരുതുന്നു. തമിഴ്‌നാട്ടിലെ സാധാരണ ഗ്രാമത്തില്‍ ജനിച്ച സുബ്ബലക്ഷ്മി പിന്നീട് ഇന്ത്യന്‍ സംഗീതലോകത്ത് ഒഴിച്ചുകൂടാനാകാത്ത വ്യക്തിയായി മാറി.

ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ വരെ പാടിയ സുബ്ബലക്ഷ്മിക്ക് ഭാരതരത്‌ന നല്‍കി കേന്ദ്ര സര്‍ക്കാര്‍ ആദരിച്ചിരുന്നു. ഭാരതരത്‌ന ലഭിച്ച ആദ്യ സംഗീതജ്ഞ കൂടിയാണ് സുബ്ബലക്ഷ്മി. ഇതിഹാസതുല്യമായ ഒരു വ്യക്തിയെ സായ് പല്ലവി എങ്ങനെ സ്‌ക്രീനില്‍ അവതരിപ്പിക്കുമെന്നാണ് പലരും ഉറ്റുനോക്കുന്നത്. 2026ലാകും ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുകയെന്ന് കരുതുന്നു.

കൈയില്‍ ഒരുപിടി മികച്ച ചിത്രങ്ങളാണ് സായ് പല്ലവിയുടെ ലൈനപ്പിലുള്ളത്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായ രാമായണയാണ് സായ് പല്ലവിയുടെ അടുത്ത റിലീസ്. രണ്ട് ഭാഗങ്ങളായി പുറത്തിറക്കാന്‍ ശ്രമിക്കുന്ന രാമായണയുടെ ആദ്യ ഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027ലും പുറത്തിറങ്ങും. ധനുഷിനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലും സായ് പല്ലവിയാണ് നായിക.

ഇതിന് ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിലാകും സായ് ഭാഗമാവുക. ഈ പ്രൊജക്ടിന് ശേഷം ഗൗതം തിന്നനൂരിയുടെ ചിത്രത്തില്‍ സായ് ജോയിന്‍ ചെയ്യും. തുടര്‍ച്ചയായി ബിഗ് ബജറ്റ് സിനിമകള്‍ ചെയ്ത് ഇന്‍ഡസ്ട്രിയുടെ മുന്‍നിരയില്‍ സായ് സ്ഥാനം പിടിക്കുമെന്ന് ഉറപ്പാണ്.

Content Highlight: Rumors that Sai Pallavi might be a part of M S Subbalakshmi’s biopic

We use cookies to give you the best possible experience. Learn more