| Thursday, 4th December 2025, 8:15 am

കളിയാക്കിയവരൊക്കെ മാറിനില്‍ക്കേണ്ടി വരും, രജിനിക്ക് സംഗീതമൊരുക്കാന്‍ സായ് അഭ്യങ്കര്‍?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

20ാം വയസില്‍ തമിഴ് ഇന്‍ഡസ്ട്രിയുടെ മുന്‍നിരയില്‍ സ്ഥാനം സ്വന്തമാക്കിയ സംഗീതസംവിധായകനാണ് സായ് അഭ്യങ്കര്‍. ഇന്‍ഡിപ്പെന്‍ഡന്റ് മ്യൂസിക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ സായ് ആദ്യ തമിഴ് ചിത്രത്തിലൂടെ തന്റെ റേഞ്ച് വ്യക്തമാക്കിയിരുന്നു. കീര്‍ത്തീശ്വരന്‍ സംവിധാനം ചെയ്ത ഡ്യൂഡിലെ ഗാനങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു.

‘ഊറും ബ്ലഡ്’ എന്ന ഒരൊറ്റ ഗാനത്തിന്റെ വ്യത്യസ്ത വേര്‍ഷനുകളാണ് സായ് ഡ്യൂഡിനായി ഒരുക്കിയത്. തുടക്കത്തില്‍ ചിലര്‍ ഈ കാര്യത്തില്‍ സായ്‌ക്കെതിരെ ട്രോളുമായി രംഗത്തെത്തിയിരുന്നു. എന്നല്‍ ട്രോളിയവരെക്കൊണ്ട് പോലും പിന്നീട് സായ് കൈയടിപ്പിച്ചു. മറ്റ് സിനിമകളിലെ മാസ് സീനുകളില്‍ ഡ്യൂഡിലെ ബി.ജി.എം സിങ്ക് ആകുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഇപ്പോഴിതാ സാക്ഷാല്‍ രജിനികാന്തിന് വേണ്ടി സായ് സംഗീതമൊരുക്കാന്‍ പോകുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. രജിനിയെ നായകനാക്കി കമല്‍ ഹാസന്‍ നിര്‍മിക്കുന്ന തലൈവര്‍ 173യില്‍ സായ് അഭ്യങ്കറാകും സംഗീതമൊരുക്കുക എന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. ദേശീയ അവാര്‍ഡ് ജേതാവായ രാംകുമാര്‍ ബാലകൃഷ്ണനാകും ഈ പ്രൊജക്ട് സംവിധാനം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്.

2019 മുതലിങ്ങോട്ട് രജിനി നായകനായ ആറ് സിനിമകളില്‍ അഞ്ചിലും സംഗീതമൊരുക്കിയത് അനിരുദ്ധായിരുന്നു. എന്നാല്‍ ഇത്തവണ അതിന് മാറ്റമുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. കരിയര്‍ ആരംഭിച്ച ആദ്യവര്‍ഷം തന്നെ രജിനികാന്തിന് സംഗീതമൊരുക്കുക എന്ന അപൂര്‍വ നേട്ടം സായ് സ്വന്തമാക്കുമെന്നാണ് കരുതുന്നത്.

രജിനിയുടെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 12നാകും തലൈവര്‍ 173യുടെ സംവിധായകനെ പ്രഖ്യാപിക്കുക. അടുത്തിടെ സുന്ദര്‍ സി ഈ ചിത്രം സംവിധാനം ചെയ്യുമെന്ന് അറിയിച്ചെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു. ഇതോടെ പ്രൊജക്ട് അനിശ്ചിതത്വത്തിലായി. ഇന്ത്യന്‍ സിനിമയിലെ രണ്ട് വമ്പന്‍ പവര്‍ ഹൗസുകള്‍ ഒന്നിക്കുന്നു എന്നതാണ് തലൈവര്‍ 173യുടെ പ്രത്യേകത.

കൈനിറയെ പ്രൊജക്ടുകളുള്ള സായ് അഭ്യങ്കറിന് തലൈവര്‍ 173 പൊന്‍തുവലായേക്കുമെന്നാണ് വിലയിരുത്തല്‍. ഒന്നിന് പിന്നാലെ ഒന്ന് എന്ന രീതിയില്‍ ആറ് സിനിമകളാണ് സായ് കമ്മിറ്റ് ചെയ്തത്. അതില്‍ രണ്ട് സിനിമകള്‍ മാത്രമാണ് പുറത്തുവന്നത്. സൂര്യ നായകനാകുന്ന കറുപ്പ്, രാഘവ ലോറന്‍സിന്റെ ബെന്‍സ്, കാര്‍ത്തിയുടെ മാര്‍ഷല്‍, അല്ലു അര്‍ജുന്‍- അറ്റ്‌ലീ പ്രൊജക്ട് എന്നിവ പുറത്തിറങ്ങാനുള്ള ചിത്രങ്ങളാണ്. ഇതിലേക്ക് തലൈവര്‍ 173യും വരുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Rumors that Sai Abhyankar will be the music director of Thalaivar 173 movie

We use cookies to give you the best possible experience. Learn more