| Friday, 2nd January 2026, 3:18 pm

ഒടുവില്‍ രണ്ടാമൂഴം വെള്ളിത്തിരയിലേക്ക്? ഭീമനായി മോഹന്‍ലാലിന് പകരം റിഷബ് ഷെട്ടി?

അമര്‍നാഥ് എം.

മലയാളത്തിലെ ഏറ്റവും ജനപ്രിയ നോവലുകളിലൊന്നാണ് രണ്ടാമൂഴം. ഭീമനെ പ്രധാന കഥാപാത്രമാക്കി അക്ഷരങ്ങളുടെ തമ്പുരാന്‍ എം.ടി അണിയിച്ചൊരുക്കിയ നോവലിന് പ്രത്യേക ഫാന്‍ ബേസ് തന്നെയുണ്ട്. രണ്ടാമൂഴം സിനിമാരൂപത്തിലേക്കാകുമെന്ന് ഒരു പതിറ്റാണ്ടിനടുത്തായി സിനിമാപ്രേമികള്‍ ആഗ്രഹിക്കുന്നുണ്ട്. സ്‌ക്രിപ്റ്റ് പൂര്‍ത്തിയായിട്ടും ഇതുവരെ സംവിധായകരുള്‍പ്പെടെ ആരെയും തീരുമാനിച്ചിട്ടില്ല.

രണ്ടാമൂഴം സിനിമയാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ എം.ടിയുടെ മകള്‍ അശ്വതി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം സിനിമയാകുന്നതിനെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. കന്നഡയിലെ സൂപ്പര്‍താരം റിഷബ് ഷെട്ടിയെയാണ് സിനിമയാക്കാന്‍ സമീപിച്ചതെന്നാണ് പുതിയ റിപ്പോര്‍ട്ട്.

റിഷബ് ഷെട്ടി Phot: Screen grab/ Sony liv

എം.ടിയുടെ കുടുംബം റിഷബിനെ സമീപിച്ചെന്നും അധികം വൈകാതെ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. എം.ടിയുടെ തിരക്കഥയെ സിനിമാരൂപത്തിലേക്ക് മാറ്റുന്നതിനൊപ്പം ഭീമനായി റിഷബ് തന്നെ ഭീമനായി പ്രത്യക്ഷപ്പെട്ടേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. മോഹന്‍ലാലായിരുന്നു ആദ്യഘട്ടത്തില്‍ ഭീമനായി വേഷമിടാനിരുന്നത്. എം.ടിക്കും ഇക്കാര്യത്തില്‍ മോഹന്‍ലാലായിരുന്നു ആദ്യ ചോയ്‌സ്.

ഭീമന്റെ കൗമാരം മുതല്‍ അവസാനകാലം വരെയുള്ള യാത്രയാണ് രണ്ടാമൂഴത്തില്‍. ഇന്ത്യയിലെ മുന്‍നിര നിര്‍മാതാക്കളായ ജിയോ സ്റ്റുഡിയോസാകും ഈ പ്രൊജക്ട് നിര്‍മിക്കുകയെന്നും റൂമറുകളുണ്ട്. പാന്‍ ഇന്ത്യന്‍ പ്രൊജക്ടായാകും രണ്ടാമൂഴം ഒരുങ്ങുക. വലിയ ബജറ്റും താരനിരയും തന്നെയാകും രണ്ടാമൂഴത്തില്‍ അണിനിരക്കുക.

മഹാഭാരതത്തെ എം.ടിയുടെ കാഴ്ചപ്പാടിലൊരുക്കിയ നോവല്‍ നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. 2018ലാണ് എം.ടി രണ്ടാമൂഴത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. ഒടിയന്റെ സംവിധായകന്‍ വി.എ. ശ്രീകുമാറായിരുന്നു ആദ്യഘട്ടത്തില്‍ ഈ പ്രൊജക്ട് സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ പിന്നീട് ശ്രീകുമാറിന്റെ പക്കല്‍ നിന്ന് എം.ടി സ്‌ക്രിപ്റ്റ് തിരികെ വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു.

കന്നഡയില്‍ മികച്ച നടനായും സംവിധായകനായും വിസ്മയിപ്പിച്ച റിഷബിന് എം.ടിയുടെ സ്വപ്‌ന പ്രൊജക്ട് അതിന്റെ ആത്മാവ് ചോര്‍ന്നുപോകാതെ ചിത്രീകരിക്കാനാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. മലയാളത്തിലെ പല മുന്‍നിര താരങ്ങളും രണ്ടാമൂഴത്തിന്റെ ഭാഗമായേക്കും. 2026ല്‍ തന്നെ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.

Content Highlight: Rumors that  Rishab Shetty might be direct Randamoozham movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more