| Tuesday, 19th August 2025, 10:43 pm

ജോണ്‍ എബ്രഹാം, ഹൃതിക് റോഷന്‍, ആമിര്‍ ഖാന്‍, ധൂം സിരീസില്‍ ഇനി ഞെട്ടിക്കാന്‍ രണ്‍ബീര്‍ കപൂര്‍, ഒപ്പം സൗത്ത് ഇന്ത്യയിലെ വമ്പന്‍ താരവും?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാപ്രേമികളുടെ ഇഷ്ട സിനിമാ ഫ്രാഞ്ചൈസികളിലൊന്നാണ് ധൂം. സഞ്ജയ് ഗാഡ്വിയുടെ സംവിധാനത്തില്‍ 2004ലാണ് ഈ ഫ്രാഞ്ചൈസിയിലെ ആദ്യചിത്രമെത്തിയത്. സൂപ്പര്‍ബൈക്കും നീളന്‍ മുടിയും യുവാക്കള്‍ക്കിടയില്‍ ഇതോടെ ട്രെന്‍ഡായി മാറി. ജോണ്‍ എബ്രഹാം എന്ന നടന്റെ കരിയറും ധൂമിന് ശേഷം മാറിമറിഞ്ഞു.

പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങി. ഇത്തവണ ഹൃതിക് റോഷനായിരുന്നു വില്ലനായി വേഷമിട്ടത്. ആദ്യഭാഗത്തെക്കാള്‍ ഗംഭീരവിജയമാകാന്‍ ചിത്രത്തിന് സാധിച്ചു. ഏഴ് വര്‍ഷത്തിന് ശേഷം പുറത്തിറങ്ങിയ ധൂം 3 ഇന്‍ഡസ്ട്രിയിലെ ചരിത്രവിജയമായി മാറി. എന്നാല്‍ ആദ്യ രണ്ട് ഭാഗങ്ങളുടെയത്ര മികച്ചതല്ലെന്നായിരുന്നു ചിത്രത്തിന് ലഭിച്ച റിപ്പോര്‍ട്ട്.

മൂന്നാം ഭാഗം റിലീസ് ചെയ്ത് പത്ത് വര്‍ഷം പിന്നിടുമ്പോള്‍ ധൂം 4നെക്കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നാലാം ഭാഗത്തില്‍ ഷാരൂഖ് ഖാന്‍ പ്രധാനവേഷത്തിലെത്തുമെന്നും അഭിഷേക് ബച്ചന് പകരം സൂര്യ ധൂം 4ന്റെ ഭാഗമാകുമെന്ന തരത്തില്‍ റൂമറുകളുണ്ടായിരുന്നു. എന്നാല്‍ ഇത് അണിയറപ്രവര്‍ത്തകര്‍ നിഷേധിക്കുകയായിരുന്നു.

നാലാം ഭാഗം വന്നാല്‍ ഇന്‍ഡസ്ട്രിയല്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും സിനിമാപ്രേമികള്‍ പ്രതീക്ഷിക്കുന്നില്ല. ഇപ്പോഴിതാ ധൂം 4ല്‍ രണ്‍ബീര്‍ കപൂര്‍ പ്രധാനവേഷത്തില്‍ എത്തിയേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. മറ്റ് മൂന്ന് വില്ലന്മാര്‍ക്കും മുകളില്‍ നില്‍ക്കുന്ന ഒന്നാകും രണ്‍ബീറിന്റേത് എന്നാണ് ആരാധകര്‍ കരുതുന്നത്. രണ്‍ബീറിനൊപ്പം സൗത്ത് ഇന്ത്യയിലെ മറ്റൊരു വമ്പന്‍ താരവും ധൂം 4ന്റെ ഭാഗമാകുമെന്നും കേള്‍ക്കുന്നു.

ബോളിവുഡില്‍ ഒരുപിടി മികച്ച ഹിറ്റുകളൊരുക്കിയ അയന്‍ മുഖര്‍ജി ധൂമിന്റെ നാലാം ഭാഗം ഒരുക്കുമെന്നായിരുന്നു ആദ്യം കേട്ടത്. എന്നാല്‍ വാര്‍ 2വിന് മോശം പ്രതികരണങ്ങള്‍ വന്നതിന് പിന്നാലെ അയന്‍ മുഖര്‍ജിക്ക് പകരക്കാരെ യഷ് രാജ് ഫിലിംസ് തേടുന്നു എന്നാണ് കേള്‍ക്കുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദ്, കബീര്‍ ഖാന്‍ എന്നിവരുടെ പേരുകളാണ് പകരം ഉയരുന്നത്.

നിലവില്‍ നിതേഷ് തിവാരി ഒരുക്കുന്ന രാമായണത്തിന്റെ തിരക്കിലാണ് രണ്‍ബീര്‍ കപൂര്‍. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന മാഗ്നം ഓപ്പസാണ് രാമായണ. രാമനായി രണ്‍ബീര്‍ കപൂര്‍ വേഷമിടുമ്പോള്‍ യഷ് ആണ് രാവണന്റെ വേഷം കൈകാര്യം ചെയ്യുന്നത്. സീതയായി വേഷമിടുന്നത് സായ് പല്ലവിയാണ്. രാമായണക്ക് ശേഷം അനിമല്‍ പാര്‍ക്ക്, ബ്രഹ്‌മാസ്ത്ര 2 എന്നിവയും രണ്‍ബീറിന്റെ ലൈനപ്പിലുണ്ട്.

Content Highlight: Rumors that Ranbir Kapoor will be the main lead in Dhoom 4

We use cookies to give you the best possible experience. Learn more