സിനിമയിലെത്തി അഞ്ച് പതിറ്റാണ്ട് പിന്നിടുമ്പോഴും ഇന്‍ഡസ്ട്രിയിലെ ശക്തനായ താരമായി നിറഞ്ഞുനില്‍ക്കുകയാണ് രജിനികാന്ത്. കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തില്‍ വില്ലനായാണ് രജിനി വേഷമിട്ടത്. കമല്‍ ഹാസന്റെ വില്ലനായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട രജിനിക്ക് നായകവേഷത്തിലേക്ക് ചുവടുമാറ്റിയ ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
കാലമിത്ര കഴിഞ്ഞിട്ടും ഇന്ത്യന്‍ സിനിമയുടെ ഒരേയൊരു സൂപ്പര്‍സ്റ്റാറായി തിളങ്ങുകയാണ് രജിനികാന്ത്. കരിയറില്‍ പലപ്പോഴും തിരിച്ചടികള്‍ നേരിടേണ്ടി വന്നപ്പോഴും അതില്‍ തളരാതെ പൂര്‍വാധികം ശക്തിയോടെ രജിനി മുന്നോട്ട് കുതിച്ചിട്ടുണ്ട്. തന്റെ കാലം കഴിഞ്ഞെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയായിരുന്നു ജയിലറിന്റെ വിജയം.
കരിയറിന്റെ പുതിയ ഘട്ടത്തില്‍ സീനിയര്‍ സംവിധായകരെക്കാള്‍ യുവസംവിധായകര്‍ക്ക് അവസരം നല്‍കുന്ന രജിനിയെയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ജയിലറിലൂടെ നെല്‍സണും കൂലിയിലൂടെ ലോകേഷിനും അവസരം കൊടുത്ത രജിനി രണ്ടും കല്പിച്ചാണെന്ന് ഏറെക്കുറെ വ്യക്തമാണ്. ജയിലര്‍ 2വിന് ശേഷമുള്ള താരത്തിന്റെ പ്രൊജക്ടിനെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
തെലുങ്ക് സംവിധായകന്‍ വിവേക് ആത്രേയക്കൊപ്പമായിരിക്കും രജിനി തന്റെ 173ാമത് ചിത്രം ചെയ്യുകയെന്നാണ് റൂമറുകള്‍. ബ്രോച്ചെവാരെവരുറാ എന്ന കോമഡി ചിത്രത്തിലൂടെ സിനിമാപ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടിയ സംവിധായകനാണ് വിവേക് ആത്രേയ. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ സരിപ്പോദ സനിവാരത്തിലൂടെ മാസ് ഴോണറും തനിക്കിണങ്ങുമെന്ന് വിവേക് തെളിയിച്ചു. നാനി നായകനായെത്തിയ ചിത്രം 100 കോടിക്കുമുകളില്‍ കളക്ഷന്‍ നേടി.
തെലുങ്കിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ മൈത്രി മൂവീ മേക്കേഴ്‌സാകും ചിത്രം നിര്‍മിക്കുക. ഗുഡ് ബാഡ് അഗ്ലിയിലൂടെ തമിഴില്‍ അരങ്ങേറിയ മൈത്രിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാകും തലൈവര്‍ 173.ജയിലര്‍ 2വിന്റെ ഷൂട്ടിന് ശേഷമാകും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ജയിലര്‍ 2വിന്റെ ചെന്നൈ ഷെഡ്യൂളിലാണ് രജിനികാന്ത്. ആദ്യഭാഗത്തെക്കാള്‍ ഗ്രാന്‍ഡായാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. എസ്.ജെ. സൂര്യ വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് വന്‍ താരനിര അണിനിരക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, വിനീത് തട്ടില്‍, സുനില്‍ സുഖദ എന്നിവരാണ് ജയിലര്‍ 2ലെ മലയാളി സാന്നിധ്യം. ആദ്യ ഭാഗം കളറാക്കിയ അതിഥിവേഷങ്ങള്‍ ഇത്തവണയുമുണ്ട്. മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ എന്നിവര്‍ക്കൊപ്പം ബാലകൃഷ്ണയും ജയിലര്‍ 2വിന്റെ ഭാഗമായേക്കും.
Content Highlight: Rumors that Rajnikanth’s next film with Telugu director Vivek Athreya