| Friday, 6th March 2026, 5:05 pm

ഫസ്റ്റ് പാര്‍ട്ടില്‍ ദുല്‍ഖര്‍, അടുത്ത പാര്‍ട്ടില്‍ ടൊവിനോയോ പൃഥ്വിയോ? കല്‍ക്കി 2ല്‍ ഇത്തവണ കലക്കാന്‍ മലയാളി താരവും?

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമയിലെ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ക്കുമെന്ന് പലരും കരുതുന്ന ചിത്രമാണ് കല്‍ക്കി 2. പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ കല്‍ക്കിയുടെ ആദ്യഭാഗം ബോക്‌സ് ഓഫീസില്‍ 1000 കോടിയിലേറെ നേടിയിരുന്നു. മഹാഭാരത കാലത്ത് ആരംഭിച്ച് എ.ഡി 2898 വരെ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്.

രണ്ടാം ഭാഗത്തിന് സൂചന നല്‍കിക്കൊണ്ടാണ് ചിത്രം അവസാനിച്ചത്. അടുത്തിടെ കല്‍ക്കി 2ന്റെ ഷൂട്ട് ആരംഭിക്കുകയും ചെയ്തു. അമിതാഭ് ബച്ചന്റെ സീനുകളാണ് ആദ്യ ഷെഡ്യൂളില്‍ ചിത്രീകരിച്ചത്. കമല്‍ ഹാസനും ആദ്യ ഷെഡ്യൂളില്‍ വരുംദിവസങ്ങളില്‍ ജോയിന്‍ ചെയ്യും. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സിനിമാപേജുകളിലെ ചര്‍ച്ചാവിഷയം.

രണ്ടാം ഭാഗത്തില്‍ മലയാളത്തിലെ ഒരു മുന്‍നിര നടന്‍ പ്രധാനവേഷം കൈകാര്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. കല്‍ക്കിയുടെ ആദ്യ ഭാഗത്തിലും മലയാളി സാന്നിധ്യമുണ്ടായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ അതിഥിവേഷത്തിലെത്തിയപ്പോള്‍ അന്ന ബെന്നും ശോഭനയും ശക്തമായ വേഷവുമായി കല്‍ക്കിയില്‍ ഞെട്ടിച്ചു. രണ്ടാം ഭാഗത്തില്‍ മറ്റൊരു താരമാണ് ഭാഗമാകുന്നതെന്നാണ് റിപ്പോര്‍ട്ട്.

മഹാഭാരത കാലഘട്ടത്തിലെ ഒരു കഥാപാത്രമായിട്ടായിരിക്കും മലയാളി താരം പ്രത്യക്ഷപ്പെടുകയെന്നും റിപ്പോര്‍ട്ടുണ്ട്. ഇതോടെ ആരാകും ആ നടനെന്ന കാര്യത്തില്‍ ആരാധകര്‍ ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. ടൊവിനോ തോമസ്, പൃഥ്വിരാജ് എന്നിവരുടെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. യോദ്ധാവിന്റെ വേഷം ചെയ്യാന്‍ നിലവില്‍ ഈ രണ്ട് നടന്മാരാണ് ഏറ്റവും അനുയോജ്യരെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

എന്നാല്‍ രാജമൗലി ഒരുക്കുന്ന വാരണാസിയടക്കം നാല് സിനിമകള്‍ ലൈനപ്പിലുള്ളതിനാല്‍ പൃഥ്വിരാജ് ഈ ചിത്രത്തില്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രശാന്ത് നീല്‍- എന്‍.ടി.ആര്‍ കോമ്പോയിലൊരുങ്ങുന്ന ഡ്രാഗണിലൂടെ ടോളിവുഡ് എന്‍ട്രി നടത്തിയ ടൊവിനോക്കാണ് പലരും മുന്‍തൂക്കം കല്പിക്കുന്നത്.

അന്യഭാഷയില്‍ ഏത് തരം വേഷവും ചെയ്യുന്ന ജയറാമാകാമെന്നും ചിലര്‍ സര്‍ക്കാസമായി കമന്റ് പങ്കുവെക്കുന്നുണ്ട്. രണ്ട് കാലഘട്ടത്തെ കഥപറച്ചില്‍ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച നാഗ് അശ്വിന്‍ എന്തെല്ലാം സര്‍പ്രൈസുകളാണ് ഇത്തവണ ഒരുക്കി വെച്ചിരിക്കുന്നതെന്നറിയാന്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്. എന്നാല്‍ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിന് മുമ്പ് തന്നെ ചിത്രത്തിന് വലിയ പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നു.

ആദ്യ ഭാഗത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളായെത്തിയ ദീപിക പദുകോണ്‍ രണ്ടാം ഭാഗത്തില്‍ ഉണ്ടാകില്ലെന്ന വാര്‍ത്ത പലരെയും ഞെട്ടിച്ചു. നിര്‍മാതാക്കളുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ദീപികക്ക് പകരം സായ് പല്ലവിയാകും രണ്ടാം ഭാഗത്തില്‍ സുമതിയെ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Rumors that Prithviraj or Tovino might be part of Kalki 2 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more