കഴിഞ്ഞ കുറച്ചു കാലങ്ങളായി സോഷ്യല്‍ മീഡിയയില്‍ കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തയാണ് സൂര്യയും ജിത്തു മാധവനും ഒന്നിക്കുന്നു എന്നത്. ആവേശത്തിന് ശേഷം ജിത്തു മാധവന്റേതായി പല പ്രൊജക്ടുകള്‍ കേട്ടിരുന്നെങ്കിലും സൂര്യയുമായുള്ള പ്രൊജക്ട് ഏതാണ്ട് ഉറപ്പായെന്നാണ് പല സിനിമാപേജുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ ജിത്തുവിന്റെ ആദ്യ തമിഴ് ചിത്രം എന്നതില്‍ നിന്ന് മാറി സൂര്യയുടെ മലയാള സിനിമ എന്ന രീതിയിലേക്കാണ് ഈ പ്രൊജക്ട് ഇപ്പോള്‍ കടന്നുപോകുന്നത്. ക്യാമറക്ക് പിന്നില്‍ കൂടുതലും മലയാളത്തില്‍ നിന്നുള്ളവരായിരിക്കുമെന്ന് ആദ്യമേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ക്യാമറക്ക് മുന്നിലും കൂടുതലായും മലയാളികളായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ചിത്രത്തില്‍ നസ്‌ലെനും പ്രധാനവേഷത്തിലെത്തുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതോടെ സൂര്യ 47ല്‍ ഭാഗമാകുന്ന മൂന്നാമത്തെ മലയാളി താരമായി നസ്‌ലെന്‍ മാറിയേക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ചിത്രത്തില്‍ നായികയായി നസ്രിയ വേഷമിടുമെന്ന് തുടക്കം മുതല്‍ക്കേ അഭ്യൂഹങ്ങളുണ്ടായിരുന്നു. പിന്നാലെ ഫഹദ് ഫാസിലും സൂര്യ 47ല്‍ അതിഥിവേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതോടെ സൂര്യ 47 മലയാള സിനിമയായി മാറിയേക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കഥ നടക്കുന്ന പശ്ചാത്തലം കേരളമാണെന്നതും ശ്രദ്ധേയമാണ്. തമിഴ്‌നാട്ടില്‍ നിന്ന് ട്രാന്‍സ്ഫര്‍ ലഭിച്ച് കേരളത്തിലെത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ കഥയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറെക്കാലത്തിന് ശേഷം സൂര്യ കാക്കിയണിയുന്ന ചിത്രം കൂടിയാകും ഇത്.
ചിത്രത്തിന്റെ സെറ്റ് വര്‍ക്കുകള്‍ എറണാകുളത്ത് ആരംഭിച്ചിട്ടുണ്ട്. നവംബര്‍ അവസാനത്തോടെ ചിത്രം ഔദ്യോഗികമായി അനൗണ്‍സ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂര്യയുടെ പുതിയ പ്രൊഡക്ഷന്‍ ഹൗസായ ഴഗരം സ്റ്റുഡിയോസ് ചിത്രം നിര്‍മിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോമഡി ആക്ഷന്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.
നിലവില്‍ വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലാണ് സൂര്യ. ലക്കി ഭാസ്‌കറിന് ശേഷം വെങ്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമിത ബൈജുവാണ് നായിക. രവീണ ടണ്ടനും സൂര്യ 46ല്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് റിലീസിന് തയാറെടുക്കുകയാണ്.
Content Highlight: Rumors that Naslen might be part of Suriya 47