| Saturday, 25th April 2026, 10:57 pm

മോളിവുഡിനും വരുന്നുണ്ട് ഒരു എം.സി.യു, മുകുന്ദനുണ്ണിയുടെ രണ്ടാം വരവ്? ഒപ്പം നിവിന്‍ പോളിയും?

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ സിനിമാറ്റിക് യൂണിവേഴ്‌സുകളുടെ കാലമാണ്. ഹോളിവുഡിലെ ഈ ട്രെന്‍ഡ് അടുത്തിടെയാണ് ഇന്ത്യന്‍ സിനിമയില്‍ സ്ഥിരം കാഴ്ചയായത്. ബോളിവുഡില്‍ കോപ് യൂണിവേഴ്‌സ്, മഡോക് സൂപ്പര്‍ നാച്ചുറല്‍ യൂണിവേഴ്‌സ് എന്നിവയും തമിഴില്‍ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

മലയാളത്തില്‍ ഇത്തരമൊരു യൂണിവേഴ്‌സ് വന്നിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് മലയാളത്തിലും ഒരു സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കമാവുകയാണ്. യുവസംവിധായകരില്‍ ശ്രദ്ധ നേടിയ അഭിനവ് സുന്ദര്‍ നായക് ഈ യൂണിവേഴ്‌സ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിനവിന്റെ ആദ്യചിത്രമായ മുകുന്ദനുണ്ണി അസോസിയേറ്റ്‌സുമായി ബന്ധപ്പെട്ടതാകും അടുത്ത ചിത്രമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിനീത് ശ്രീനിവാസന്‍ നായകനായെത്തിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച ഡാര്‍ക്ക് കോമഡി സിനിമകളിലൊന്നാണ്. ജീവിതത്തില്‍ വിജയിക്കാന്‍ ആരെയും ഇല്ലാതാക്കാന്‍ മടിയില്ലാത്ത മുകുന്ദനുണ്ണി എന്ന കഥാപാത്രം വിനീത് ഗംഭീരമാക്കിയിരുന്നു. ഈ കഥാപാത്രം തിരിച്ചുവരുമെന്നും ഒപ്പം നിവിന്‍ പോളിയുടെ സാന്നിധ്യവുമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മുകുന്ദനുണ്ണി സിനിമാറ്റിക് യൂണിവേഴ്‌സ് (എം.സി.യു) എന്നാകും ഈ യൂണിവേഴ്‌സിന്റെ പേരെന്നും അഭിനവിന്റെ സംവിധാന മികവ് ഗംഭീരമായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വരുംദിവസങ്ങളില്‍ ചിത്രത്തിന്റെ ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ് ഉണ്ടാകുമെന്നും സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിലവില്‍ നസ്‌ലെന്‍ നായകനാകുന്ന മോളിവുഡ് ടൈംസിന്റെ പണിപ്പുരയിലാണ് അഭിനവ് സുന്ദര്‍ നായക്.

വിനീത് ശ്രീനിവാസന്റെ ശിഷ്യന്മാരില്‍ പ്രധാനിയായ അഭിനവ് എഡിറ്ററായാണ് സിനിമാലോകത്തേക്ക് കടന്നുവന്നത്. തന്റെ ഗുരുവിനെ നായകനാക്കിക്കൊണ്ടുള്ള ആദ്യചിത്രം തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി. നസ്‌ലെനെ നായകനാക്കിക്കൊണ്ടുള്ള അടുത്ത ചിത്രത്തിലും പ്രതീക്ഷകളേറെയാണ്. നസ്‌ലെനെ ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് അഭിനവ് തന്റെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

മോളിവുഡിലെ എക്കാലത്തെയും മികച്ച ‘ക്രിമിനല്‍’ ലോയറായ മുകുന്ദനുണ്ണിയോടൊപ്പം പിടിച്ചുനില്‍ക്കാന്‍ നിവിന്‍ പോളിയുടെ കഥാപാത്രത്തിന് സാധിക്കുമോ എന്നാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. നിവിന്‍ പോളിയുടെ ലൈനപ്പിലേക്ക് ഈ ചിത്രവും കൂടി വന്നതോടെ ആരാധകരും വലിയ പ്രതീക്ഷയിലാണ്.

Content Highlight: Rumors that Mukundan Unni Associates movie sequel is discussing with Nivin Pauly

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more