തന്റെ ബോക്‌സ് ഓഫീസ് പ്രകടനത്തെയും സ്റ്റാര്‍ഡത്തെയും സംശയത്തോടെ നോക്കിക്കണ്ടവര്‍ക്ക് മോഹന്‍ലാല്‍ മറുപടി നല്‍കിയ വര്‍ഷമായിരുന്നു 2025. എമ്പുരാന്‍, തുടരും എന്നീ സിനിമകളിലൂടെ നഷ്ടപ്പെട്ട തന്റെ ബോക്‌സ് ഓഫീസ് സിംഹാസനം മോഹന്‍ലാല്‍ തിരിച്ചുപിടിച്ചു. പിന്നാലെയെത്തിയ ഹൃദയപൂര്‍വവും ബോക്‌സ് ഓഫീസില്‍ ഹിറ്റായി മാറി.
കഴിഞ്ഞവര്‍ഷത്തെ ബോക്‌സ് ഓഫീസ് പ്രകടനം ഈ വര്‍ഷവും തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അനൗണ്‍സ് ചെയ്ത സിനിമകള്‍ക്ക് പിന്നാലെ മോഹന്‍ലാലിന്റെ അടുത്ത പ്രൊജക്ടുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അത്തരമൊരു റൂമറാണ് പുതിയ ചര്‍ച്ച.
യുവ സംവിധായകന്‍ വിഷ്ണു മോഹനുമായി മോഹന്‍ലാല്‍ കൈകോര്‍ക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മേപ്പടിയാന്‍, കഥ ഇന്നുവരെ എന്നീ ചിത്രങ്ങളൊരുക്കിയ വിഷ്ണു മോഹന്‍ ഇത്തവണ എത്തുന്നത് വലിയ പ്രൊജക്ടുമായാണ്. റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിന്റെ സമയത്ത് ഇന്ത്യക്കാരെ നാട്ടിലെത്തിച്ച ഓപ്പറേഷന്‍ ഗംഗയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
വന്‍ ബജറ്റ് ആവശ്യമായ ഈ ചിത്രത്തിന്റെ കഥ ആദ്യം പറഞ്ഞത് പൃഥ്വിരാജിനോടായിരുന്നു. എന്നാല്‍ തിരക്കുകള്‍ കാരണം ഈ പൃഥ്വി ഈ പ്രൊജക്ട് വേണ്ടെന്ന് വെച്ചെന്നും പിന്നാലെ മോഹന്‍ലാലിലേക്ക് ഇത് എത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോഹന്‍ലാലിന് കഥ ഇഷ്ടമായെന്നും അധികം വൈകാതെ ഔദ്യോഗികമായി പ്രൊജക്ട് അനൗണ്‍സ് ചെയ്യുമെന്നുമാണ് കരുതുന്നത്.
മോഹന്‍ലാലിന്റെ അടുത്ത പ്രൊജക്ട് ദിലീഷ് പോത്തനുമൊത്ത് ആയിരിക്കുമെന്ന് കഴിഞ്ഞദിവസം ചില സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ഥിരം ശൈലിയില്‍ നിന്ന് മാറി ദിലീഷ് പോത്തന്‍ ഒരുക്കുന്ന ഈ പ്രൊജക്ട് ആശീര്‍വാദ് സിനിമാസ് നിര്‍മിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ആടുജീവിതത്തിന് ശേഷം ഉയര്‍ന്നുകേട്ട മോഹന്‍ലാല്‍- ബ്ലെസി പ്രൊജക്ടിന്റെ കാര്യത്തിലും അപ്‌ഡേറ്റുകളൊന്നുമില്ല.
നിലവില്‍ വിസ്മയ ആദ്യമായി നായികയാവുന്ന തുടക്കത്തിന്റെ ഷൂട്ടിലാണ് മോഹന്‍ലാല്‍. രജിനികാന്ത് നായകനാകുന്ന ജയിലര്‍ 2, ഇന്ത്യന്‍ സിനിമ ഉറ്റുനോക്കുന്ന ദൃശ്യം 3, 13 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുമായി ഒന്നിക്കുന്ന പാട്രിയറ്റ്, തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന L365 എന്നിവയാണ് മോഹന്‍ലാലിന്റെ ലൈനപ്പിലുള്ള മറ്റ് സിനിമകള്‍.
Content Highlight: Rumors that Mohanlal’s next movie with Vishnu Mohan