| Saturday, 4th October 2025, 5:02 pm

തത്കാലം തമിഴിലേക്കില്ല, ദോശ രാജാവിന്റെ കഥയില്‍ നിന്ന് പിന്മാറി മോഹന്‍ലാല്‍?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോക്‌സ് ഓഫീസ് പ്രകടനത്തിന്റെ പേരിലും സ്‌ക്രിപ്റ്റ് സെലക്ഷന്റെ പേരിലും കഴിഞ്ഞ കുറച്ചു കാലമായി കേട്ട പഴികള്‍ക്കെല്ലാം പലിശ സഹിതം മോഹന്‍ലാല്‍ മറുപടി നല്‍കിയ വര്‍ഷമാണ് 2025. ഒന്നിന് പിറകെ ഒന്നായി രണ്ട് 200 കോടി ചിത്രങ്ങളൊരുക്കി തന്റെ താരസിംഹാസനം മോഹന്‍ലാല്‍ തിരിച്ചുപിടിച്ചിരുന്നു. പിന്നാലെയെത്തിയ ഹൃദയപൂര്‍വവും വന്‍ കളക്ഷന്‍ സ്വന്തമാക്കിയതോടെ ബോക്‌സ് ഓഫീസ് രാജാവ് താന്‍ തന്നെയാണെന്ന് അദ്ദേഹം തെളിയിച്ചു.

മലയാളത്തിലെ ഏറ്റവും വലിയ നടനും താരവും താന്‍ തന്നെയെന്ന് തെളിയിച്ച മോഹന്‍ലാലിന്റെ ലൈനപ്പുകളെക്കുറിച്ച് പല തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മലയാളത്തിനൊപ്പം തമിഴിലും മോഹന്‍ലാല്‍ ചില പ്രൊജക്ടുകള്‍ ചെയ്യുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു അതില്‍ ഉയര്‍ന്നുകേട്ടത്.

തമിഴ്‌നാടിനെ ഞെട്ടിച്ച യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ജ്ഞാനവേല്‍ അടുത്ത ചിത്രമൊരുക്കുന്നതെന്ന് കേട്ടിരുന്നു. ദോശ രാജാവെന്ന് അറിയപ്പെട്ടിരുന്ന രാജഗോപാലിന്റെ ജീവിത കഥയാണ് ജ്ഞാനവേല്‍ തന്റെ അടുത്ത ചിത്രത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാല് മോഹന്‍ലാല്‍ ഈ കഥയില്‍ നിന്ന് പിന്മാറിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

താരത്തിന് പകരം സത്യരാജ് ഈ കഥയിലേക്ക് എത്തിയെന്നും റൂമറുകള്‍ കേള്‍ക്കുന്നു. മലയാളത്തിലെ പ്രൊജക്ടുകള്‍ കാരണം മോഹന്‍ലാല്‍ തിരക്കിലായതാണ് തമിഴ് പ്രൊജക്ടുകള്‍ അദ്ദേഹം ഉപേക്ഷിക്കുന്നതെന്ന് കേള്‍ക്കുന്നു. മുമ്പ് ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തില്‍ നിന്നും മോഹന്‍ലാല്‍ പിന്മാറിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തമിഴ്‌നാട് മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ശരവണഭവന്‍ ഹോട്ടല്‍ ചെയിനിന്റെ ഉടമയായിരുന്നു രാജഗോപാല്‍. ജ്യോത്സ്യന്റെ വാക്ക് കേട്ട് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും അതിന് വേണ്ടി തന്റെ മാനേജറെ കൊലപ്പെടുത്തുകയുമായിരുന്നു രാജഗോപാല്‍. ഈ സംഭവം പുറംലോകമറിഞ്ഞതോടെ സമ്പത്തിന്റെ ഉയരത്തില്‍ നിന്ന് പൊടുന്നനെ താഴേക്ക് വീഴുകയായിരുന്നു അദ്ദേഹം.

നെഗറ്റീവ് ഷെയ്ഡുള്ള ഈ കഥാപാത്രം മോഹന്‍ലാല്‍ ചെയ്‌തേക്കുമെന്ന വാര്‍ത്ത സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അവരെ ചെറുതായി നിരാശപ്പെടുത്തിയിരിക്കുകയാണ്. വേട്ടൈയന് ശേഷം ടി.ജെ. ജ്ഞാനവേല്‍ ഒരുക്കുന്ന പ്രൊജക്ടാണിത്. അടുത്ത വര്‍ഷം ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്ന് കരുതുന്നു.

Content Highlight: Rumors that Mohanlal rejected the story of Dosa King directed by T J Gnanavel

We use cookies to give you the best possible experience. Learn more