| Saturday, 25th October 2025, 2:51 pm

ചുവപ്പിലേക്ക് മാറി ഡീയസ് ഈറേ ക്രൂവും കാസ്റ്റും, ഒപ്പം മോഹന്‍ലാലും, ഇനിയെങ്ങാനും കാമിയോ ഉണ്ടാകുമോ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഡീയസ് ഈറേ റിലീസിന് തയാറെടുക്കുകയാണ്. ചിത്രത്തിന്റെ റിലീസ് ട്രെയ്‌ലര്‍ പുറത്തുവിട്ടതിന് പിന്നാലെ അണിയറ പ്രവര്‍ത്തകരെല്ലാവരും അവരുടെ സോഷ്യല്‍ മീഡിയ ഡി.പി മാറ്റിയിരിക്കുകയാണ്. സംവിധായകന്‍ രാഹുല്‍ സദാശിവന്‍, പ്രൊഡക്ഷന്‍ ഹൗസായ നൈറ്റ്ഷിഫ്റ്റ് സ്റ്റുഡിയോസ് എന്നിവരും ഡി.പി മാറ്റിക്കഴിഞ്ഞു.

ചുവപ്പ് ബാക്ക്ഗ്രൗണ്ടിലെ ചിത്രമാണ് ഡി.പിയായി വെച്ചിരിക്കുന്നത്. എന്നാല്‍ ഇതേ സമയത്ത് മോഹന്‍ലാലും തന്റെ ഡി.പി മാറ്റിയിരിക്കുകയാണ്. ഡീയസ് ഈറേ ടീമിനെപ്പോലെ ചുവപ്പ് ബാക്ക്ഗ്രൗണ്ടില്‍ തന്നെയാണ് മോഹന്‍ലാലിന്റെ ഡി.പിയും. ഇതോടെ ഡീയസ് ഈറേയില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ ഉണ്ടാകുമോ എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്.

ഇന്ന് പുറത്തിറങ്ങിയ ട്രെയ്‌ലറില്‍ വാതില്‍ തുറക്കുന്ന ഒരു കൈ കാണിക്കുന്നുണ്ട്. ഇത് മോഹന്‍ലാലിന്റേതാകാമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ചിത്രത്തിന്റെ കാസ്റ്റ് ലിസ്റ്റ് പോലും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടാത്തത് കൂടുതല്‍ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നുണ്ട്. ഏഴ് വര്‍ഷത്തിന് ശേഷം അച്ഛനും മകനും ഒന്നിച്ച് സ്‌ക്രീനിലെത്തുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

പ്രണവിന്റെ ആദ്യചിത്രമായ ആദിയില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ സീന്‍ ആരാധകര്‍ ആഘോഷമാക്കി. പിന്നീട് പ്രിയദര്‍ശന്‍ ഒരുക്കിയ മരക്കാറില്‍ മോഹന്‍ലാലിന്റെ ചെറുപ്പം അവതരിപ്പിച്ചത് പ്രണവായിരുന്നു. ഡീയസ് ഈറേയില്‍ വീണ്ടും അച്ഛനെയും മകനെയും കാണാനാകുമോ എന്നാണ് പ്രധാന ചോദ്യം.

ഭൂതകാലവും ഭ്രമയുഗവും പോലെ ഹൊറര്‍ ഴോണറില്‍ തന്നെയാണ് രാഹുല്‍ സദാശിവന്‍ ഡീയസ് ഈറേ ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ ഇതുവരെ വന്നതില്‍ വെച്ച് മികച്ച ഹൊറര്‍ എക്‌സ്പീരിയന്‍സാകും ചിത്രം സമ്മാനിക്കുകയെന്ന് ട്രെയ്‌ലറും മറ്റ് അപ്‌ഡേറ്റുകളും ഉറപ്പു നല്‍കുന്നുണ്ട്. ഒരു മാസം കൊണ്ട് ഷൂട്ട് പൂര്‍ത്തിയാക്കിയ ചിത്രം പോസ്റ്റ് പ്രൊഡക്ഷനാണ് കൂടുതല്‍ സമയമെടുത്തത്.

പ്രണവിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം ഡീയസ് ഈറേയില്‍ കാണാന്‍ സാധിക്കുമെന്നാണ് പലരും കരുതുന്നത്. ഹാലോവീന്‍ ദിനമായ ഒക്ടോബര്‍ 31ന് ചിത്രം തിയേറ്ററുകളിലെത്തും. റിലീസിന് ഒരുദിവസം മുമ്പ് രാത്രി തെരഞ്ഞെടുക്കപ്പെട്ട സ്‌ക്രീനുകളില്‍ ഡീയസ് ഈറേക്ക് പെയ്ഡ് പ്രീമിയര്‍ ഉണ്ടായേക്കുമെന്നും കേള്‍ക്കുന്നു.

Content Highlight: Rumors that Mohanlal might play a cameo in Dies Irae

We use cookies to give you the best possible experience. Learn more