| Saturday, 25th October 2025, 9:02 am

ഡെഡ്‌ലി കോംബോ ലോഡിങ്, മോഹന്‍ലാലിനെ റാഞ്ചി ഹോംബോലെ ഫിലിംസ്?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടനായും താരമായും 2025 മൊത്തമായി തന്റെ പേരിലാക്കിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍. ഇന്‍ഡസ്ട്രിയിലെ കളക്ഷന്‍ റെക്കോഡുകളെല്ലാം തിരുത്തിക്കുറിച്ച മോഹന്‍ലാല്‍ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡും സ്വന്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ ഓരോ സിനിമകളും തിയേറ്ററുകളെ ഇളക്കിമറിക്കുകയും ചെയ്തു.

മോളിവുഡില്‍ ഈ വര്‍ഷം 500 കോടിയുടെ കളക്ഷനാണ് മോഹന്‍ലാലിന്റെ സിനിമകള്‍ നേടിയത്. ഇതോടെ പല വമ്പന്‍ പ്രൊഡക്ഷന്‍ കമ്പനികളും മോഹന്‍ലാലുമായുള്ള പ്രൊജക്ടുകള്‍ക്കായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ സൗത്ത് ഇന്ത്യയിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലേ ഫിലിംസ് മോഹന്‍ലാലിനെ സമീപിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

തൊട്ടതെല്ലാം ഹിറ്റാക്കിയ, കന്നഡയില്‍ മൂന്ന് ഇന്‍ഡസ്ട്രി ഹിറ്റുകള്‍ സ്വന്തം പേരിലാക്കിയ പ്രൊഡക്ഷന്‍ ഹൗസാണ് ഹോംബാലെ ഫിലിംസ്. ഈ വര്‍ഷം ഹോംബാലെ നിര്‍മിച്ച കാന്താര ചാപ്റ്റര്‍ വണ്‍ ഇന്ത്യയിലെ ഇയര്‍ ടോപ്പറായി മാറിയിരിക്കുകയാണ്. വിതരണം ചെയ്ത മഹാവതാര്‍ നരസിംഹ 300 കോടിയിലേറെ നേടുകയും ചെയ്തു.

മോഹന്‍ലാലുമായി കൈകോര്‍ക്കുമ്പോള്‍ കളക്ഷന്‍ റെക്കോഡുകളെല്ലാം തകര്‍ക്കപ്പെടുമെന്നതില്‍ സംശയമില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. രണ്ട് സിനിമകള്‍ക്ക് വേണ്ടിയാണ് ഹോംബാലെ മോഹന്‍ലാലിനെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രണ്ട് പ്രൊജക്ടുകളും എപ്പോള്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ഫഹദ് ഫാസില്‍ നായകനായ ധൂമം ആയിരുന്നു ഹോംബാലെയുടെ ആദ്യ മലയാള ചിത്രം. തിയേറ്ററില്‍ ചിത്രം വന്‍ പരാജയമായി മാറി. പൃഥ്വിരാജ് സംവിധായക കുപ്പായമണിയുന്ന ടൈസണ്‍ നിര്‍മിക്കുന്നതും ഹോംബാലെയാണ്. ഇതിന് പിന്നാലെയാണ് മോഹന്‍ലാലുമൊത്ത് ഹോംബാലെ കൈകോര്‍ക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ ഉണ്ടാകുമെന്നാണ് കരുതുന്നത്.

നിലവില്‍ ദൃശ്യം 3യുടെ തിരക്കിലാണ് മോഹന്‍ലാല്‍. ഇതിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റിന്റെ ബാക്കി പോര്‍ഷനുകള്‍ അദ്ദേഹം പൂര്‍ത്തിയാക്കും. വിസ്മയ മോഹന്‍ലാലിന്റെ ആദ്യ ചിത്രം തുടക്കത്തില്‍ മോഹന്‍ലാലും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്. പാട്രിയറ്റിന് ശേഷം മോഹന്‍ലാല്‍ തുടക്കത്തിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Rumors that Mohanlal going to joining hands with Hombale Films

We use cookies to give you the best possible experience. Learn more