| Friday, 3rd October 2025, 4:37 pm

സംവിധാനം പോത്തേട്ടന്‍, നായകന്‍ ലാലേട്ടന്‍, ഇനി കളികള്‍ വേറെ ലെവല്‍?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ വര്‍ഷം വരെ കേട്ട ബോക്‌സ് ഓഫീസ് പ്രകടനത്തിന്റെയും സ്‌ക്രിപ്റ്റ് സെലക്ഷന്റെയും പഴികളെല്ലാം പലിശയടക്കം തീര്‍ത്ത് ഇന്‍ഡസ്ട്രിയിലെ സിംഹാസനം തിരികെ പിടിച്ച മോഹന്‍ലാലിനെയാണ് 2025ല്‍ കാണാന്‍ സാധിച്ചത്. ബോക്‌സ് ഓഫീസ് റെക്കോഡെല്ലാം സ്വന്തമാക്കിയതിനൊപ്പം അടിമുടി അപ്‌ഡേറ്റാവുകയും ചെയ്ത മോഹന്‍ലാല്‍ സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്.

താരത്തിന്റെ ലൈനപ്പുകളും സിനിമാപ്രേമികള്‍ക്ക് പ്രതീക്ഷ നല്‍കുന്നവയാണ്. സ്വന്തം ബെല്‍റ്റിന് പകരം പുതിയ സംവിധായകര്‍ക്ക് അവസരം നല്‍കുകകയാണ് മോഹന്‍ലാല്‍. തുടരുമിന് ശേഷം ഓസ്റ്റിന്‍ ഡാന് ഡേറ്റ് നല്‍കിയതും കൃഷന്ദിന്റെ കഥ ഡിസ്‌കസ് ചെയ്തതുമെല്ലാം പ്രതീക്ഷ നല്‍കുന്ന അപ്‌ഡേറ്റുകളാണ്. നടനായും താരമായും മോഹന്‍ലാലിനെ മാക്‌സിമം ഉപയോഗിക്കാന്‍ കഴിയുന്ന സംവിധായകരാണ് ഇവരെല്ലാം.

സിനിമാപ്രേമികളും ആരാധകരും ഒരുപാട് കാലങ്ങളായി കാത്തിരിക്കുന്ന ഒരു കൂടിച്ചേരലാണ് ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ഒരു മോഹന്‍ലാല്‍ ചിത്രം എന്നത്. പലപ്പോഴും അത്തരത്തില്‍ റൂമറുകള്‍ കേള്‍ക്കാറുണ്ടായിരുന്നെങ്കിലും ഒന്നിലും വ്യക്തത വന്നിരുന്നില്ല. ഇപ്പോഴിതാ ശ്യാം പുഷ്‌കരന്‍ മോഹന്‍ലാലിനായി തിരക്കഥയൊരുക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

മൂന്ന് സിനിമകള്‍ സംവിധാനം ചെയ്ത് അവയെല്ലാം ഭാഷാതിര്‍ത്തികള്‍ കടന്ന ചര്‍ച്ചയാക്കിയ ദിലീഷ് പോത്തനാണ് ചിത്രം സംവിധാനം ചെയ്യുകയെന്നും സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സംവിധാനത്തില്‍ നിന്ന് മാറി അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദിലീഷ് പോത്തന്‍ അടുത്തിടെ പുതിയ ചിത്രത്തിന്റെ സംവിധാനത്തിലേക്ക് കടക്കുമെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഓരോ സീനിലും ഡയറക്ടര്‍ ബ്രില്യന്‍സ് കൊണ്ടുവരുന്ന സംവിധായകനൊപ്പം കംപ്ലീറ്റ് ആക്ടറും കൂടി ചേരുമ്പോള്‍ മികച്ച സിനിമ തന്നെയാകും ലഭിക്കുകയെന്നാണ് ആരാധകര്‍ കരുതുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് അധികം വൈകാതെ ഉണ്ടാകുമെന്നും ആശീര്‍വാദ് സിനിമാസ് ചിത്രം നിര്‍മിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വന്‍ ഹൈപ്പിലൊരുങ്ങുന്ന രണ്ട് സിനിമകളുടെ തിരക്കിലാണ് നിലവില്‍ മോഹന്‍ലാല്‍. ജീത്തു ജോസഫുമായി കൈകോര്‍ക്കുന്ന ദൃശ്യം 3യുടെ ഷൂട്ട് തൊടുപുഴയില്‍ അടുത്തിടെ ആരംഭിച്ചു. 12 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയുമായി ഒന്നിക്കുന്ന പാട്രിയറ്റിന്റെ രണ്ട് ഷെഡ്യൂളുകള്‍ ഇനിയും ബാക്കിയുണ്ട്. മോഹന്‍ലാല്‍ 2.0യുടെ വിശ്വരൂപം കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Rumors that Mohanlal going to do a project under Dileesh Pothan’s direction

We use cookies to give you the best possible experience. Learn more