വന്‍ ഹൈപ്പിലെത്തി പ്രേക്ഷകരെ നിരാശരാക്കിയ സിനിമകളിലൊന്നായിരുന്നു ഭ ഭ ബ. ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ മോശം പ്രകടനം കാഴ്ചവെക്കുകയായിരുന്നു. 40 കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിന് ബ്രേക്ക് ഇവന്‍ പോലുമാകാതെ കളം വിടേണ്ടിവന്നു.
മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ അതിഥിവേഷത്തിന് പോലും ചിത്രത്തെ രക്ഷിക്കാനായില്ല. ഗില്ലി ബാല എന്ന മോഹന്‍ലാലിന്റെ കഥാപാത്രം സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മെറ്റീരിയലായി മാറി. വിജയ്‌യുടെ ആരാധകനായ ബാല എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പെല്ലാം ഒ.ടി.ടി റിലീസിന് ശേഷം ട്രോളന്മാര്‍ ഏറ്റെടുക്കുമെന്ന് ഉറപ്പാണ്.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് മോഹന്‍ലാലിന്റെ വരാനിരിക്കുന്ന അതിഥിവേഷങ്ങളാണ്. ഗോകുലം മൂവീസ് നിര്‍മിക്കാനിരിക്കുന്ന സിനിമകളില്‍ മോഹന്‍ലാല്‍ തുടര്‍ച്ചയായി അതിഥിവേഷം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ജയസൂര്യ നായകനാകുന്ന കത്തനാര്‍, സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ എന്നിവയിലെ അതിഥിവേഷത്തിന് പുറമെ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
മോഹന്‍ലാലിനെ വെറുതേ വിടാന്‍ ഗോകുലം മൂവീസിന് ഉദ്ദേശമില്ലെന്നാണ് ട്രോളന്മാര്‍ അഭിപ്രായപ്പെടുന്നത്. ഒന്നിന് പിന്നാലെ ഒന്നായി തന്റെ സിനിമകളില്‍ മോഹന്‍ലാലിനെ കൊണ്ടുവരുന്ന ഗോകുലം ഗോപാലനെയാണ് പലരും ട്രോളുന്നത്. പഞ്ചാബി ഹൗസ് എന്ന ചിത്രത്തില്‍ ദിലീപ് ഷൂ പോളിഷ് ചെയ്യുന്ന രംഗത്തില്‍ ഗോകുലം ഗോപാലന്റെയും മോഹന്‍ലാലിന്റെയും മുഖം വെച്ചുകൊണ്ടുള്ള ട്രോളാണ് വൈറലായിരിക്കുന്നത്.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ ഗോകുലം മൂവീസാണ് ബാക്ക് ചെയ്തത്. ചിത്രം 300 കോടിയിലേറെ നേടിയിരുന്നു. എന്നാല്‍ അന്ന് ഗോകുലം ഗോപാലന്‍ എമ്പുരാനെ ഏറ്റെടുത്തപ്പോള്‍ മുന്നോട്ടുവെച്ച എഗ്രിമെന്റ് കാരണമാണ് മോഹന്‍ലാല്‍ ഈ അതിഥിവേഷങ്ങള്‍ ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉയരുന്നുണ്ട്.
ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഫാന്റസി ചിത്രമാണ് കത്തനാര്‍. ത്രീ.ഡിയിലൊരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റേത് ഗംഭീര കഥാപാത്രമാണെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ദിവസത്തെ ഡേറ്റാണ് ഈ ചിത്രത്തിനായി മോഹന്‍ലാല്‍ നല്‍കിയതെന്നും റിപ്പോര്‍ട്ടുണ്ട്. റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിനിടെ നടന്ന ഓപ്പറേഷന്‍ ഗംഗയെ ആസ്പദമാക്കി വിഷ്ണു മോഹന്‍ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് നായകനെന്നും സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആശീര്‍വാദ് സിനിമാസിന് ശേഷം മോഹന്‍ലാലുമായി ഏറ്റവുമധികം സിനിമകള്‍ ചെയ്യുന്ന പ്രൊഡക്ഷന്‍ ഹൗസാകാനാണോ ഗോകുലം മൂവീസിന്റെ ശ്രമമെന്നാണ് പലരും പരിഹസിക്കുന്നത്. ഗില്ലി ബാല പോലുള്ള മോശം കഥാപാത്രങ്ങള്‍ ഇനി ചെയ്യരുതെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
Content Highlight: Rumors that Mohanlal doing back to back movies with Sree Gokulam Movies