| Saturday, 20th December 2025, 3:13 pm

ശിവകാര്‍ത്തികേയന്‍ മാത്രമല്ല, വിജയ്ക്ക് ക്ലാഷ് വെക്കാനൊരുങ്ങി അജിത്തും, ജന നായകന് സ്‌ക്രീനുകള്‍ കിട്ടാന്‍ പാടുപെടും?

അമര്‍നാഥ് എം.

തങ്ങളുടെ ഇഷ്ടനടന്റെ അവസാന ചിത്രം തമിഴ് ഇന്‍ഡസ്ട്രി കണ്ട ഏറ്റവും വലിയ ആഘോഷമക്കാന്‍ വിജയ് ആരാധകര്‍ പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ രണ്ട് ചിത്രങ്ങളും സോളോ റിലീസായതിനാല്‍ വിജയ്ക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നു. മുന്‍ ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം തമിഴ്‌നാട്ടിലെ 1100 തിയേറ്ററുകളിലും റിലീസായിരുന്നു. എന്നാല്‍ ജന നായകന് അത്തരമൊരു വരവേല്പ്പ് ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന പരാശക്തിയും ജന നായകനൊപ്പം ബോക്‌സ് ഓഫീസില്‍ മത്സരിക്കുന്നുണ്ട്. ശിവയുടെ 25ാമത്തെ ചിത്രവും വിജയ്‌യുടെ അവസാനചിത്രവും നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കാകുമെന്ന് കണക്കുകൂട്ടുകയാണ് സിനിമാലോകം. എന്നാല്‍ ശിവകാര്‍ത്തികേയന്‍ മാത്രമല്ല, തമിഴ് സൂപ്പര്‍താരം അജിത് കുമാറും വിജയ്ക്ക് ക്ലാഷ് വെക്കാന്‍ തയാറെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അജിത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ മങ്കാത്ത ജനുവരി 10ന് റീ റിലീസ് ചെയ്‌തേക്കുമെന്നാണ് പുതിയ വാര്‍ത്ത. അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ച ചെറിയ സൂചനയാണ് ഇത്തരമൊരു ചര്‍ച്ചക്ക് വഴിവെച്ചത്. അജിത്തിന്റെ 50ാമത് ചിത്രമായി എത്തിയ മങ്കാത്ത ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറി. മങ്കാത്തയിലെ അജിത്തിന്റെ കഥാപാത്രത്തിനും വലിയ ഫാന്‍ബേസാണ് ഉള്ളത്.

ഇതോടെ തമിഴ്‌നാട്ടില്‍ ജന നായകന്റെ സ്‌ക്രീനുകള്‍ വീണ്ടും കുറയുമെന്നാണ് കണക്കുകൂട്ടല്‍. ക്ലാഷുള്ളതിനാല്‍ 550 സ്‌ക്രീനുകള്‍ ജന നായകനും 450 സ്‌ക്രീനുകള്‍ പരാശക്തിക്കും ലഭിക്കുമെന്നായിരുന്നു ആരാധകര്‍ കണക്കുകൂട്ടിയത്. എന്നാല്‍ മങ്കാത്തയുടെ റീ റിലീസ് സ്‌ക്രീനുകളുടെ എണ്ണത്തില്‍ വീണ്ടും വ്യത്യാസം വരുത്തുമെന്നാണ് കരുതുന്നത്.

ഈ വര്‍ഷം അജിത്തിന്റെ ബിഗ് ബജറ്റ് ചിത്രമായ ഗുഡ് ബാഡ് അഗ്ലിക്കൊപ്പം വിജയ് ചിത്രം സച്ചിന്‍ റീ റിലീസ് ചെയ്തിരുന്നു. ഇതിന് പകരമായിട്ടാണ് മങ്കാത്ത ജന നായകനുമായി ക്ലാഷ് വെക്കുന്നതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ എത്ര വലിയ ക്ലാഷാണെങ്കിലും കളക്ഷനില്‍ ജന നായകന്‍ തന്നെ മുന്നേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

450 കോടി ബജറ്റിലാണ് ജന നായകന്റെ വരവ്. തുനിവിന് ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആരാധകര്‍ക്ക് ആദ്യാവസാനം ആഘോഷിക്കാനുള്ള എല്ലാം ഉണ്ടാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. പൂജ ഹെഗ്‌ഡേയാണ് ചിത്രത്തിലെ നായിക. മമിത ബൈജു, ബോബി ഡിയോള്‍, നരേന്‍, ഗൗതം വാസുദേവ് മേനോന്‍, പ്രിയാമണി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Content Highlight: Rumors that Mankatha going to re release in January

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more