| Tuesday, 23rd September 2025, 3:39 pm

തിരിച്ചുവരവ് ഗ്രാന്‍ഡാക്കാന്‍ മമ്മൂട്ടി, ഖാലിദ് റഹ്‌മാനൊപ്പം ഗ്യാങ്സ്റ്റര്‍ ഡ്രാമ, ഒപ്പം മലയാളത്തിലെ പുതിയ സെന്‍സേഷന്‍ നായകനും?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ സ്വന്തം മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്ത കേരളക്കരയൊന്നാകെ ആഘോഷമാക്കിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഏപ്രില്‍ മുതല്‍ അഞ്ച് മാസം മമ്മൂട്ടി പൂര്‍ണമായും സിനിമയില്‍ നിന്നും മറ്റ് പൊതുപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. അടുത്തിടെ മമ്മൂട്ടിയുടെ അസുഖം ഭേദമായെന്നും സെപ്റ്റംബര്‍ മുതല്‍ സിനിമയില്‍ സജീവമാകുമെന്നും അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

തിരിച്ചുവരവില്‍ ആദ്യം ജോയിന്‍ ചെയ്യുന്നത് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റിലാണ്. 10 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ബാക്കിയുള്ള പോര്‍ഷനുകളിലേക്കാണ് മമ്മൂട്ടി കടക്കുക.

പാട്രിയറ്റിന് ശേഷമുള്ള മമ്മൂട്ടിയുടെ ലൈനപ്പുകള്‍ ഏതൊക്കെയെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇടവേളയെടുക്കുന്നതിന് മുമ്പ് മിതീഷ് സഹദേവുമായുള്ള പ്രൊജക്ടിനെക്കുറിച്ച് കേട്ടിരുന്നെങ്കിലും ആ പ്രൊജക്ട് അടുത്ത വര്‍ഷമേ ഉണ്ടാകുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ജീവയെ നായകനാക്കി ഒരുക്കുന്ന തമിഴ് ചിത്രത്തിന്റെ തിരക്കിലാണ് നിതീഷ് സഹദേവ്.

പാട്രിയറ്റിന് ശേഷം അധികം വൈകാതെ മമ്മൂട്ടി മറ്റൊരു പ്രൊജക്ടിലേക്ക് കടക്കുമെന്നും കേള്‍ക്കുന്നുണ്ട്. ഉണ്ടക്ക് ശേഷം ഖാലിദ് റഹ്‌മാനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്യാങ്‌സ്റ്റര്‍ ഡ്രാമയായിട്ടാകും ഈ ചിത്രം ഒരുങ്ങുകയെന്നും മലയാളത്തിലെ നിലവിലെ സെന്‍സേഷനായ നസ്‌ലെനും ഈ പ്രൊജക്ടില്‍ ഭാഗമായേക്കുമെന്നും കേള്‍ക്കുന്നു.

മമ്മൂട്ടിക്കമ്പനിയാകും ചിത്രം നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓരോ സിനിമയും വ്യത്യസ്ത ഴോണറിലൊരുക്കുന്ന ഖാലിദും ഇടവേളക്ക് ശേഷം വീണ്ടും സജീവമാകുന്ന മമ്മൂട്ടിയും ഒന്നിക്കുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്. അടുത്ത വര്‍ഷമാകും ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുക. ഒക്ടോബര്‍ രണ്ടിനായിരിക്കും മമ്മൂട്ടി വീണ്ടും ക്യാമറക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയെന്നും കേള്‍ക്കുന്നു.

നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവലാണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്. മമ്മൂട്ടി വില്ലനായി വേഷമിടുന്ന ചിത്രത്തില്‍ വിനായകനാണ് നായകന്‍. പുറത്തുവന്ന അപ്‌ഡേറ്റുകളിലെല്ലാം ഇതുവരെ കാണാത്ത ഡെവിളിഷ് ലുക്കിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ അവസാനത്തോടെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് കരുതുന്നു.

Content Highlight: Rumors that Mammootty will joining hands with Khalid Rahman for a gangster drama

We use cookies to give you the best possible experience. Learn more