ഒരൊറ്റ ഗ്ലിംപ്‌സിലൂടെ വാനോളം ഹൈപ്പുയര്‍ത്തിയ ചിത്രമാണ് ഖലീഫ. പോക്കിരി രാജക്ക് ശേഷം വൈശാഖും പൃഥ്വിരാജും കൈകോര്‍ക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. പൃഥ്വിയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറങ്ങിയ ഗ്ലിംപ്‌സ് സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചു. ഇപ്പോഴിതാ ചിത്രത്തില്‍ മമ്മൂട്ടി അതിഥിവേഷത്തിലെത്തുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഖലീഫയുടെ ഗ്ലിംപ്‌സില്‍ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന ഹംസ എന്ന കഥാപാത്രം മെന്‍ഷന്‍ ചെയ്യുന്ന മാമ്പറക്കല്‍ അഹമ്മദ് ഹാജി എന്ന കഥാപാത്രമായിട്ടാകും മമ്മൂട്ടി വേഷമിടുകയെന്നാണ് റിപ്പോര്‍ട്ട്. കോഫെപോസ ആക്ട് കൊണ്ടുവന്ന സമയത്ത് ഇന്ദിര ഗാന്ധിക്ക് പോലും ജയിലിലിടാന്‍ കഴിയാത്ത ഡോണായിരുന്നു അഹമ്മദ് ഹാജിയെന്നാണ് ഗ്ലിംപ്‌സിലെ ബില്‍ഡപ്പ്.
ഈ അതിഥിവേഷത്തിനായി അണിയറപ്രവര്‍ത്തകര്‍ മമ്മൂട്ടിയെ സമീപിച്ചെന്നും താരത്തിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നുമാണ് വിവരം. യു.കെ, ദുബായ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ട്. യു.കെ ഷെഡ്യൂള്‍ അടുത്തിടെയാണ് അവസാനിച്ചത്. 2021ല്‍ അനൗണ്‍സ് ചെയ്ത് ചിത്രം നാല് വര്‍ഷത്തിന് ശേഷമാണ് ചിത്രീകരണം ആരംഭിച്ചത്.
രാജമൗലിയുടെ സിനിമയടക്കം നാല് പ്രൊജക്ടുകളിലാണ് പൃഥ്വിരാജ് ഭാഗമായിരിക്കുന്നത്. നിസാം ബഷീര്‍ ചിത്രം ഐ നോബഡി, വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന സന്തോഷ് ട്രോഫി, ബോളിവുഡ് ചിത്രം ദയ്‌റ എന്നിവയില്‍ മാറി മാറിയാണ് പൃഥ്വി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 2026 ഓണം റിലീസായാണ് ഖലീഫ തിയേറ്ററുകളിലെത്തുക.
2026ല്‍ മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തിലും മമ്മൂട്ടി അതിഥിവേഷത്തിലെത്തുന്നുണ്ട്. അര്‍ജുന്‍ അശോകനെ നായകനാക്കി നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ചത്താ പച്ചയിലാണ് മെഗാസ്റ്റാര്‍ കാമിയോ ചെയ്യുന്നത്. WWEയെ ആസ്പദമാക്കി ഒരുങ്ങുന്ന ആദ്യ മലയാള ചിത്രമാണ് ചത്താ പച്ച. ചിത്രത്തിന്റെ ടീസറിന് വന്‍ വരവേല്പാണ് ലഭിച്ചത്.
ഏഴ് ദിവസത്തെ ഡേറ്റാണ് ചത്താ പച്ചക്കായി മമ്മൂട്ടി നല്കിയിരിക്കുന്നത്. പാട്രിയറ്റിന്റെ യു.കെ ഷെഡ്യൂളിന് ശേഷം കഴിഞ്ഞദിവസമാണ് മമ്മൂട്ടി കൊച്ചിയില്‍ ചത്താ പച്ചയുടെ സെറ്റില്‍ ജോയിന്‍ ചെയ്തത്. കാതില്‍ സ്റ്റഡ്ഡൊക്കെ ധരിച്ച് മമ്മൂട്ടിയുടെ ഗെറ്റപ്പ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. മെഗാസ്റ്റാര്‍ അടുത്ത വര്‍ഷവും ഞെട്ടിക്കുമെന്നാണ് സിനിമാപ്രേമികള്‍ കണക്കുകൂട്ടുന്നത്.
Content Highlight: Rumors that Mammootty will do a guest role in Prithviraj’s Khalifa Movie