| Sunday, 24th May 2026, 4:17 pm

പാര്‍വതിക്ക് കൈകൊടുത്ത് മമ്മൂട്ടി, സത്യന്‍ അന്തിക്കാടുമായി വീണ്ടും ഒന്നിക്കാന്‍ മോഹന്‍ലാല്‍? ബിഗ് എംസ് ഇത്തവണ വേറെ ട്രാക്കില്‍

അമര്‍നാഥ് എം.

മലയാളസിനിമയുടെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. പല ഇന്‍ഡസ്ട്രികളിലും സൂപ്പര്‍താരങ്ങളുടെ കാര്യത്തില്‍ തലമുറമാറ്റം സംഭവിച്ചിട്ടുണ്ടെങ്കിലും മോളിവുഡിനെ ഇപ്പോഴും താങ്ങി നിര്‍ത്തുന്ന് മമ്മൂട്ടിയും മോഹന്‍ലാലുമാണ്. ബോക്‌സ് ഓഫീസ് റെക്കോഡുകളുമായി മോഹന്‍ലാല്‍ ഇന്‍ഡസ്ട്രിയില്‍ കളം നിറയുമ്പോള്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ തേടിപ്പിടിച്ച് ചെയ്തുകൊണ്ട് മമ്മൂട്ടി ഇന്‍ഡസ്ട്രിയെ ഞെട്ടിക്കുകയും ചെയ്യുന്നു.

കരിയറിന്റെ പുതിയ ഫേസിലെത്തി നില്‍ക്കുമ്പോഴും ഇരുവരുടെയും ലൈനപ്പുകള്‍ സിനിമാപ്രേമികളെ ഞെട്ടിക്കുന്നതാണ്. ആരാധകര്‍ കാണാനാഗ്രഹിക്കുന്ന വേഷങ്ങളില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നതും ഇതുവരെ കാണാത്ത വേഷത്തില്‍ മമ്മൂട്ടി എത്തുന്നതും മറ്റ് ഇന്‍ഡസ്ട്രികള്‍ക്ക് പാഠമാണ്. ഇപ്പോഴിതാ ഇരുവരുടെയും അടുത്ത ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.

കഴിവുള്ള യുവ സംവിധായകരുമായി കൈകോര്‍ക്കാന്‍ എപ്പോഴും താത്പര്യം പ്രകടപ്പിക്കുന്ന മമ്മൂട്ടി ഇത്തവണ പുതുമുഖത്തിനാണ് അവസരം നല്‍കുന്നത്. ക്യാമറക്ക് മുന്നില്‍ പ്രേക്ഷകരെ ഞെട്ടിച്ച പാര്‍വതി തിരുവോത്ത് ആദ്യമായി സംവിധായക കുപ്പായമണിയുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകവേഷം കൈകാര്യം ചെയ്‌തേക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് അധികം വൈകാതെ പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേ സമയം മോഹന്‍ലാല്‍ മറ്റൊരു ട്രാക്കിലാണ്. കരിയറില്‍ മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുള്ള സത്യന്‍ അന്തിക്കാടുമായി അദ്ദേഹം ഒരിക്കല്‍ കൂടി കൈകോര്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇരുവരും അവസാനമായി ഒന്നിച്ച ഹൃദയപൂര്‍വം ബോക്‌സ് ഓഫീസ് വിജയമായിരുന്നു. ചിത്രത്തിന്റെ അവസാനഘട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് ചിത്രങ്ങളുടെയും ഷൂട്ട് ഈ വര്‍ഷം തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ധനുഷ് നായകനാകുന്ന D55ന്റെ തിരക്കിലാണ് മമ്മൂട്ടി. ഇതിന് ശേഷമാകും പാര്‍വതിയുമൊത്തുള്ള പ്രൊജക്ടെന്നാണ് കരുതുന്നത്. ഖാലിദ് റഹ്‌മാനുമൊത്തുള്ള മട്ടാഞ്ചേരി മാഫിയ, നിതീഷ് സഹദേവുമൊത്തുള്ള പ്രൊജക്ട് എന്നിവയും മമ്മൂട്ടിയുടെ ലൈനപ്പിലുണ്ട്.

ഇന്‍ഡസ്ട്രി ഹിറ്റ് സമ്മാനിച്ച തരുണ്‍ മൂര്‍ത്തിയോടൊപ്പമുള്ള അതിമനോഹരത്തിന്റെ തിരക്കിലാണ് മോഹന്‍ലാല്‍. ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന് ശേഷം പ്രിയദര്‍ശന്റെ 100ാമത് ചിത്രമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഈ പ്രൊജക്ടിന് മുമ്പ് സത്യന്‍ അന്തിക്കാടുമൊത്തുള്ള ചിത്രം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Content Highlight: Rumors that Mammootty joining hands with Parvathy Thiruvothu

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more