| Monday, 27th October 2025, 8:25 am

അമീറും സീസറുമല്ല, ക്യൂബ്‌സുമായി മമ്മൂട്ടി കൈകോര്‍ക്കുമ്പോള്‍ വരുന്നത് പാബ്ലോ എസ്‌കോബാര്‍?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികളെ ഏറെ ആവേശത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. മാര്‍ക്കോ എന്ന ചിത്രത്തിലൂടെ മോളിവുഡില്‍ ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ച ക്യൂബ്‌സ് എന്റര്‍ടൈന്മെന്റ്‌സുമായി മമ്മൂട്ടി കൈകോര്‍ക്കുന്നു എന്ന വാര്‍ത്ത ആരാധകര്‍ ആവേശത്തോടെ സ്വീകരിച്ചു. ക്യൂബ്‌സ് എന്റര്‍ടൈന്മെന്റ്‌സിന്റെ ഉടമ ഷെരീഫ് മുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്.

അനൗണ്‍സ്‌മെന്റിന് പിന്നാലെ ഈ പ്രൊജക്ടിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മമ്മൂട്ടിയുടേതായി മുമ്പ് അനൗണ്‍സ് ചെയ്ത ചില സിനിമകളില്‍ ഏതെങ്കിലുമൊന്നാകുമെന്നായിരുന്നു പലരും അഭിപ്രായപ്പെടുന്നത്. ഹനീഫ് അദേനി- മമ്മൂട്ടി കോമ്പോയില്‍ വരുമെന്ന് അറിയിച്ച അമീര്‍, ഷാജി പാടൂര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുമെന്നറിയിച്ച സീസര്‍ എന്നിവയില്‍ ഏതെങ്കിലുമൊരു പ്രൊജക്ടാകും ഇതെന്നാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച.

അടുത്തിടെ ക്യൂബ്‌സ് എന്റര്‍ടൈന്മെന്‍ര് അനൗണ്‍സ് ചെയ്ത മാര്‍ക്കോയുടെ പ്രീക്വലാണെന്നും ചിലര്‍ അവകാശപ്പെടുന്നു. ലോര്‍ഡ് മാര്‍ക്കോ എന്ന് ടൈറ്റില്‍ നല്കിയ ചിത്രത്തില്‍ മമ്മൂട്ടിയാകും നായകനെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നുമാകില്ലെന്നാണ് മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ഷെരീഫ് മുഹമ്മദിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി ബന്ധപ്പെട്ടാണ് മറ്റ് ചര്‍ച്ചകള്‍.

മമ്മൂട്ടിയുടെ ചിത്രമുള്ള സ്റ്റോറിയാണ് ഷെരീഫ് പങ്കുവെച്ചത്. ഫോട്ടോയ്ക്ക് വിക്രം എന്ന സിനിമയിലെ ബി.ജി.എമ്മാണ് ഷെരീഫ് നല്‍കിയത്. പാബ്ലോ എസ്‌കോബാര്‍ തീമാണ് ഷെരീഫ് സ്‌റ്റോറിക്ക് നല്കിയത്. ഇതിന് പിന്നാലെ പാബ്ലോ എസ്‌കോബാറിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുള്ള പ്രൊജക്ടാകും ഇതെന്ന തരത്തിലാണ് ചര്‍ച്ചകള്‍.

ഇന്ത്യയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ പ്രൊജക്ട് ഇപ്പോള്‍ തന്നെ ഹൈപ്പ് ഉണ്ടാക്കിയെടുക്കുന്നുണ്ട്. എന്നാല്‍ ആരാണ് ചിത്രത്തിന്റെ സംവിധായകന്‍ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. അധികം വൈകാതെ ചിത്രത്തെക്കുറിച്ച് കൂടുതല്‍ അപ്‌ഡേറ്റുകള്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. ക്യൂബ്‌സിന് പിന്നാലെ മറ്റ് രണ്ട് വമ്പന്‍ പ്രൊഡക്ഷന്‍ ഹൗസുമായും മമ്മൂട്ടി കൈകോര്‍ക്കുന്നുണ്ടെന്നും റൂമറുകളുണ്ട്.

നിലവില്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റിന്റെ ഷൂട്ടിലാണ് മമ്മൂട്ടി. ആറ് മാസത്തോളം സിനിമാലോകത്ത് നിന്ന് വിട്ടുനിന്ന മമ്മൂട്ടി അടുത്തിടെയാണ് ക്യാമറക്ക് മുന്നില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്. പാട്രിയറ്റിന്റെ ലണ്ടന്‍ ഷെഡ്യൂളിന് ശേഷം കൊച്ചിയിലെത്തുന്ന മമ്മൂട്ടി ചത്താ പച്ചയില്‍ അതിഥിവേഷം കൈകാര്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Rumors that Mammootty Cubes Entertainment movie might be adaptation of Pablo Escobar’s life

We use cookies to give you the best possible experience. Learn more