| Saturday, 3rd January 2026, 8:02 pm

ഭ്രമയുഗത്തിലെ അവാര്‍ഡ് അവസാനത്തേതാകില്ല, അടൂര്‍- മമ്മൂട്ടി പ്രൊജക്ട് മലയാളത്തിലെ ക്ലാസിക് നോവലിന്റെ ചലച്ചിത്രഭാഷ്യം

അമര്‍നാഥ് എം.

കൊവിഡിന് ശേഷം തന്നിലെ നടന് വെല്ലുവിളിയാകുന്ന സിനിമകള്‍ തെരഞ്ഞെടുത്ത് ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിക്കുകയാണ് മമ്മൂട്ടി. പുഴു, റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങിയവ അതിന് ഉദാഹരണം മാത്രമാണ്. അടുത്തിടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് തിരിച്ചെത്തിയ മമ്മൂട്ടി അടിമുടി മാറ്റത്തിനൊരുങ്ങുകയാണ്.

പരീക്ഷണ സിനിമകള്‍ക്കൊപ്പം മാസ് സബ്ജക്ടുകള്‍ക്കും താരം പ്രാധാന്യം നല്‍കുന്നുണ്ട്. മലയാളസിനിമയിലെ അതികായന്മാരിലൊരാളായ അടൂര്‍ ഗോപാലകൃഷ്ണനുമായുള്ള പ്രൊജക്ടും മമ്മൂട്ടിയുടെ ലൈനപ്പിലുണ്ട്. അടുത്തിടെ അടൂര്‍ ഗോപാലകൃഷ്ണന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്.

അടൂര്‍ ഗോപാലകൃഷ്ണന്‍ Phot: Screen grab/ Celluloid TV

മലയാളത്തിലെ ക്ലാസിക് നോവലുകളിലൊന്നായ രണ്ടിടങ്ങഴിയെ ആസ്പദമാക്കിയാകും അടൂര്‍ ഈ ചിത്രം ഒരുക്കുകയെന്നാണ് പുതിയ റിപ്പോര്‍ട്ട്. തകഴി ശിവശങ്കരപ്പിള്ളയുടെ മികച്ച നോവലുകളിലൊന്നാണ് രണ്ടിടങ്ങഴി. 1950കളില്‍ കുട്ടനാട്ടിലെ കര്‍ഷകരുടെ ദുരിതം വരച്ചുകാട്ടിയ നോവലുകളിലൊന്നായിരുന്നു ഇത്. 1958ല്‍ ഈ നോവലിനെ ആസ്പദമാക്കി സിനിമ പുറത്തിറങ്ങിയിരുന്നു.

നാലര പതിറ്റാണ്ടിനിപ്പുറം ഇതേ നോവലിന് മറ്റൊരു ചലച്ചിത്രഭാഷ്യം ഒരുങ്ങുകയാണ്. നിലവിലെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ വെച്ച് ക്രൂരനായ ജന്മിയുടെ കഥാപാത്രത്തെയാകും മമ്മൂട്ടി അവതരിപ്പിക്കുക. അഭിനയജീവിതത്തിലെ പുതിയ ഘട്ടത്തില്‍ പ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിക്കാന്‍ തന്നെയാകും മമ്മൂട്ടിയുടെ തീരുമാനം. ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മമ്മൂട്ടിക്കമ്പനി തന്നെയാണ് ഈ പ്രൊജക്ട് നിര്‍മിക്കുന്നത്. 25 ദിവസത്തെ ഡേറ്റാണ് മമ്മൂട്ടി ഈ പ്രൊജക്ടിനായി നല്‍കിയിരിക്കുന്നത്. 31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും അടൂര്‍ ഗോപാലകൃഷ്ണനും ഒന്നിക്കുന്നത്. ഇരുവരും അവസാനമായി ഒന്നിച്ച വിധേയന്‍ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരുന്നു. വീണ്ടും ഒന്നിക്കുമ്പോള്‍ മികച്ച സിനിമയില്‍ കുറഞ്ഞ ഒന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.

ഈ വര്‍ഷം നാല് സിനിമകളിലാണ് മമ്മൂട്ടി ഭാഗമാകുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റിന്റെ ഷൂട്ട് കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. പിന്നാലെ ഖാലിദ് റഹ്‌മാനുമൊത്തുള്ള ബിഗ് ബജറ്റ് ചിത്രത്തിലേക്ക് താരം കടക്കും. നിതീഷ് സഹദേവിന്റെ പ്രൊജക്ടും മമ്മൂട്ടിയുടെ ലൈനപ്പിലുണ്ട്.

Content Highlight: Rumors that Mammootty Adoor Gopalakrishnan project based on Randidangazhi novel

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more