സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പല വമ്പന്മാരും അതിഥിവേഷത്തിലെത്തുന്നുണ്ട്. ആദ്യഭാഗത്തെക്കാള്‍ മികച്ചതാകുമെന്ന് കരുതുന്ന ചിത്രത്തിന്റെ ഷൂട്ട് അടുത്തിടെ പൂര്‍ത്തിയായതായിരുന്നു.
എന്നാല്‍ ചിത്രത്തിന് ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന റീഷൂട്ട് ആവശ്യമുണ്ടെന്ന് കഴിഞ്ഞദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചില പ്രധാന ഭാഗങ്ങളില്‍ തൃപ്തി വരാത്തതിനാലാണ് റീഷൂട്ട് ചെയ്യുന്നതെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രജിനികാന്തിന്റെ സീനുകളടക്കം വീണ്ടും ഷൂട്ട് ചെയ്യേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇപ്പോഴിതാ ചിത്രത്തില്‍ മാറ്റം വരുത്തേണ്ട ഭാഗങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ചിത്രത്തിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് അത് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ വിജയ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
തെരഞ്ഞെടുപ്പില്‍ വിജയ് ജയിക്കാന്‍ ചാന്‍സില്ലെന്ന് പറയുന്ന തരത്തില്‍ ഇന്‍ഡയറക്ടായിട്ടുള്ള ചില ഡയലോഗുകള്‍ ജയിലര്‍ 2ല്‍ ഉള്‍പ്പെടുത്തിയിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വിജയ് ജയിക്കുമെന്ന് നിര്‍മാതാക്കള്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. ഇപ്പോള്‍ ആ ഭാഗങ്ങള്‍ വീണ്ടും ഷൂട്ട് ചെയ്യേണ്ടി വന്നിരിക്കുകയാണ്.
വിജയ്‌യുടെ രാഷ്ട്രീയ എതിരാളികളായ ഡി.എം.കെയുമായ ബന്ധമുള്ളവരാണ് ജയിലര്‍ 2ന്റെ നിര്‍മാതാക്കള്‍. സണ്‍ പിക്‌ചേഴ്‌സും വിജയ്‌യും കഴിഞ്ഞ കുറച്ചുകാലങ്ങളായി അത്ര നല്ല ടേമിലല്ലെന്നത് പരസ്യമായ രഹസ്യമാണ്. വിജയ്‌യുടെ സിനിമകളും പാട്ടുകളും സണ്‍ നെറ്റ്‌വര്‍ക്കിന്റെ ഉടമസ്ഥതതയിലുള്ള ഒരു ചാനലിലും ടെലികാസ്റ്റ് ചെയ്യാത്തത് വലിയ ചര്‍ച്ചയായിരുന്നു.
വിജയ്‌യും- രജിനിയും തമ്മില്‍ അത്ര നല്ല ടേമല്ലെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ജയിലറിന്റെ ഓഡിയോ ലോഞ്ചില്‍ രജിനികാന്ത് നടത്തിയ കാക്ക- പരുന്ത് പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ ജയിലര്‍ 2ല്‍ വിജയ്‌യെ പരിഹസിക്കുന്നു എന്ന വാര്‍ത്ത വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
രജിനികാന്തിനൊപ്പം വലിയ താരനിര ജയിലര്‍ 2ല്‍ അണിനിരക്കുന്നുണ്ട്. ആദ്യഭാഗത്തില്‍ രോമാഞ്ചം സമ്മാനിച്ച മോഹന്‍ലാലിനും ശിവ രാജ് കുമാറിനും പുറമെ വിജയ് സേതുപതി, മിഥുന്‍ ചക്രവര്‍ത്തി എന്നിവരുടെ സാന്നിധ്യം ചിത്രത്തിലുണ്ട്. എസ്.ജെ. സൂര്യയാണ് ചിത്രത്തിലെ വില്ലന്‍. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, സുജിത് ശങ്കര്‍, വിനീത് തട്ടില്‍, അന്ന രാജന്‍, സുനില്‍ സുഖദ തുടങ്ങി മലയാളി താരങ്ങളും ജയിലര്‍ 2ന്റെ ഭാഗമാണ്.
Content Highlight: Rumors that makers removing the portions that mocking Chief Minister Vijay in Jailer 2 movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ