| Friday, 27th November 2026, 11:00 am

രാജമൗലിക്ക് ശേഷം ജിത്തു മാധവന്‍, വാരണാസിക്ക് ശേഷമുള്ള മഹേഷ് ബാബുവിന്റെ ചിത്രം മലയാളി സംവിധായകനൊപ്പം?

അമര്‍നാഥ് എം.

മലയാളി സംവിധായകര്‍ക്ക് അന്യഭാഷയില്‍ വമ്പന്‍ അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. സ്വന്തം ഇന്‍ഡസ്ട്രിയിലെ സംവിധായകരുടെ രീതിയെക്കാള്‍ മറ്റ് ഇന്‍ഡസ്ട്രിയിലെ സംവിധായകരുടെ കഴിവിനെ തിരിച്ചറിഞ്ഞ് അവരുമായി കൈകോര്‍ക്കുന്ന സൂപ്പര്‍താരങ്ങള്‍ സിനിമാപേജുകളില്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്.

പുഷ്പ എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന് ശേഷം തമിഴ് സംവിധായകരായ അറ്റ്‌ലീ, ലോകേഷ് കനകരാജ്, മലയാളികളുടെ സ്വന്തം ബേസില്‍ ജോസഫ് എന്നിവര്‍ക്കൊപ്പമാണ് അല്ലു അര്‍ജുന്‍ കൈകോര്‍ക്കുന്നത്. തമിഴ് സൂപ്പര്‍താരം സൂര്യയും ഇതേ പാതയിലാണ്. തെലുങ്ക് സംവിധായകന്‍ വെങ്കി അട്‌ലൂരി, മലയാളിയായ ജിത്തു മാധവന്‍ എന്നിവരുമായി ഒന്നിക്കാനുള്ള തീരുമാനം തെറ്റായില്ല.

ജിത്തു മാധവന്‍, മഹേഷ് ബാബു Photo: Censor Reports/ X.com

ഇപ്പോഴിതാ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവും ഈ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്. മലയാളി സംവിധായകന്‍ ജിത്തു മാധവനൊപ്പം ഒരു പ്രൊജക്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ താരം ചെയ്തുകൊണ്ടിരിക്കുന്ന വാരണാസിയുടെ റിലീസിന് ശേഷമാകും ഈ പ്രൊജക്ടിലേക്ക് താരം കടക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തെലുങ്കിലെ മുന്‍നിര നിര്‍മാതാക്കളായ മൈത്രി മൂവീ മേക്കേഴ്‌സ് ഈ പ്രൊജക്ടിന്റെ നിര്‍മാണ ചുമതല ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കരിയറിലെ രണ്ടര വര്‍ഷത്തോളം വാരണാസിക്ക് വേണ്ടി മാറ്റിവെച്ച മഹേഷ് ബാബു ഇനി തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാനുള്ള തയാറെടുപ്പിലാകുമെന്നും സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.

മഹേഷ് ബാബു, രാജമൗലി Photo: IMDb

ജിത്തു മാധവന് പുറമെ മറ്റ് സംവിധായകരുടെ പേരും മഹേഷ് ബാബുവിന്റെ ലൈനപ്പില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. സന്ദീപ് റെഡ്ഡി വാങ്ക, ലോകേഷ് കനകരാജ്, അനില്‍ രവിപുടി എന്നിവരുടെ പേരുകളാണ് ലിസ്റ്റിലുള്ളത്. വമ്പന്‍ സിനിമകളുടെ തിരക്കിലായതിനാല്‍ സന്ദീപ് റെഡ്ഡിക്കും ലോകേഷിനും സാധ്യത കുറവാണെന്നും അനില്‍ രവിപുടിയുമായാകും കൈകോര്‍ക്കുകയെന്നും തെലുങ്ക് പേജുകള്‍ അഭിപ്രായപ്പെടുന്നു.

സീന്‍ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം പുതിയ പ്രൊജക്ടിനെക്കുറിച്ചൊന്നും ജിത്തു മാധവന്‍ വ്യക്തത വരുത്തിയിട്ടില്ലായിരുന്നു. ദുല്‍ഖര്‍ സല്‍മാനുമൊത്തുള്ള പ്രൊജക്ടിനെക്കുറിച്ച് ചില അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും അങ്ങനെയൊന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബേസിലിനെപ്പോലെ ജിത്തുവും തെലുങ്കിലേക്ക് ചേക്കേറുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

Content Highlight: Rumors that Mahesh Babu’s next project might be with Jithu Madhavan

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more