| Saturday, 24th January 2026, 2:17 pm

ക്യൂബ്‌സ് കൈവിട്ടാലും ഖാലിദിനെ മമ്മൂട്ടി കൈവിടില്ല, ഡിസ്‌കസ് ചെയ്ത പ്രൊജക്ട് മമ്മൂട്ടിക്കമ്പനി ഏറ്റെടുത്തേക്കും?

അമര്‍നാഥ് എം.

ഈ വര്‍ഷം സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രൊജക്ടുകളിലൊന്നായിരുന്നു മമ്മൂട്ടി- ഖാലിദ് റഹ്‌മാന്‍ ഒന്നിക്കുന്ന ചിത്രം. വെറും രണ്ട് സിനിമകള്‍ കൊണ്ട് മോളിവുഡില്‍ മുന്‍നിരയിലെത്തിയ ക്യൂബ്‌സ് എന്റര്‍ടൈന്മെന്റാണ് ഈ പ്രൊജക്ട് നിര്‍മിക്കുമെന്ന് അറിയിച്ചത്. ആരാധകരെല്ലാം ആവേശത്തോടെ കാത്തിരുന്ന ഈ പ്രൊജക്ടില്‍ നിന്ന് ഖാലിദ് പിന്മാറിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഖാലിദ് റഹ്‌മാനുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം ക്യൂബ്‌സ് എന്റര്‍ടൈന്മെന്റസ് പിന്‍വലിച്ചതിന് പിന്നാലെയാണ് ഇത്തരമൊരു അഭ്യൂഹം ചര്‍ച്ചയായത്. മറ്റൊരു സംവിധായകനൊപ്പം മമ്മൂട്ടി- ക്യൂബ്‌സ് ചിത്രം ഓണാകുമെന്നും സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ക്യൂബ്‌സ് എന്റര്‍ടൈന്മെന്റ്‌സും ഖാലിദുമൊത്തുള്ള പ്രൊജക്ട് മാത്രമേ മുടങ്ങിയുള്ളൂവെന്നും ചില സിനിമാപേജുകള്‍ റിപ്പോര്‍ട്ട് പങ്കുവെച്ചു.

ഖാലിദ് റഹ്‌മാന്റെ സ്‌ക്രിപ്റ്റ് മമ്മൂട്ടിക്ക് ഇഷ്ടമായെന്നും മമ്മൂട്ടിക്കമ്പനി ഈ പ്രൊജക്ട് നിര്‍മിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഖാലിദ് റഹ്‌മാന്റെ സ്ഥിരം രീതിയില്‍ അണ്‍ കണ്‍വെന്‍ഷണല്‍ സ്‌ക്രിപ്റ്റായതുകൊണ്ടാകാം ക്യൂബ്‌സ് ഇതില്‍ നിന്ന് പിന്മാറിയതെന്നും ആരാധകര്‍ അവകാശപ്പെടുന്നു. വ്യത്യസ്തമായ സ്‌ക്രിപ്റ്റുകള്‍ തേടിപ്പിടിച്ച് ചെയ്യുന്ന മമ്മൂട്ടിക്കമ്പനി എത്തുന്നതോടെ പ്രൊജക്ടിന് ഹൈപ്പ് ഉയരുമെന്നും ആരാധകര്‍ കരുതുന്നു.

മമ്മൂട്ടിയും ഖാലിദ് റഹ്‌മാനും ആദ്യമായി ഒന്നിച്ചപ്പോള്‍ ലഭിച്ചത് ക്ലാസ് പ്രൊജക്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കോമ്പോ വീണ്ടുമൊന്നിക്കുമ്പോള്‍ പ്രതീക്ഷകളേറെയാണ്. ലോക്കല്‍ ഗ്യാങ്‌സ്റ്റര്‍ ഴോണറിലാകും ഈ പ്രൊജക്ട് ഒരുങ്ങുക. വരുംദിവസങ്ങളില്‍ ചിത്രത്തെക്കുറിച്ച് കൂടുതല്‍ അപ്‌ഡേറ്റുകള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.

അതേസമയം മമ്മൂട്ടി- ക്യൂബ്‌സ് പ്രൊജക്ട് സംവിധാനം ചെയ്യുന്നത് അമല്‍ നീരദാണെന്ന് അഭ്യൂഹങ്ങളുണ്ട്. 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഹിറ്റ് കൂട്ടുകെട്ട് വീണ്ടും കൈകോര്‍ക്കുകയാണെങ്കില്‍ ബോക്‌സ് ഓഫീസിലെ പല റെക്കോഡുകളും തകരുമെന്ന് ഉറപ്പാണ്. ഒരേസമയം മാസും ക്ലാസും മാറി മാറി ചെയ്യുക എന്ന രീതിയാണ് മമ്മൂട്ടി പരീക്ഷിക്കുന്നത്.

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പദയാത്രക്ക് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ജോയിന്‍ ചെയ്യുക. ലോക്കല്‍ ഗ്യാങ്‌സ്റ്റര്‍ ഴോണറിലൊരുങ്ങുന്ന ഈ ചിത്രം നിര്‍മിക്കുന്നതും മമ്മൂട്ടിക്കമ്പനിയാണ്. കൊവിഡിന് ശേഷം സ്‌ക്രിപ്റ്റ് സെലക്ഷനില്‍ ഞെട്ടിക്കുന്ന മമ്മൂട്ടിയുടെ 2.0 വേര്‍ഷന്‍ പുതിയ ട്രാക്കില്‍ കയറുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകരും സിനിമാലോകവും.

Content Highlight: Rumors that Khalid Rahman Mammootty project will produced by Mammootty Kampany

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more