| Saturday, 10th January 2026, 10:26 pm

റിലീസ് ഡേറ്റ് കിട്ടാത്ത രണ്ട് സിനിമകള്‍ തമ്മിലുള്ള ക്ലാഷോ? എട്ട് വര്‍ഷത്തിന് ശേഷം ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടാനൊരുങ്ങി വിക്രമും സൂര്യയും

അമര്‍നാഥ് എം.

തമിഴില മികച്ച നടന്മാരാണ് സൂര്യയും വിക്രമും. സ്റ്റാര്‍ഡത്തിന് പിന്നാലെ പോകാതെ മികച്ച കഥകള്‍ തെരഞ്ഞെടുത്ത് അഭിനയിച്ച് ഇന്‍ഡസ്ട്രിയില്‍ തങ്ങളുടേതായ സ്ഥാനം നേടിയെടുക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലമായി രണ്ട് താരങ്ങളുടെയും സിനിമകളുടെ ബോക്‌സ് ഓഫീസ് പെര്‍ഫോമന്‍സ് അത്രകണ്ട് മികച്ചതല്ല.

ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള ക്ലാഷ് റിലീസിന് കോളിവുഡ് സാക്ഷ്യം വഹിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. സൂര്യ നായകനായ കറുപ്പ് ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തുമെന്നാണ് അഭ്യൂഹങ്ങള്‍. ഫെബ്രുവരി 20ന് ചിത്രം റിലീസിന് പ്ലാന്‍ ചെയ്യുന്നു എന്നാണ് അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദീപാവലിക്ക് തിയേറ്ററുകളിലെത്തുമെന്ന് ആദ്യം അറിയിച്ച ചിത്രം റിലീസ് വൈകുകയാണ്. ഒടുവില്‍ ചിത്രം ഫെബ്രുവരിയിലെത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.

എന്നാല്‍ കറുപ്പിനൊപ്പം വിക്രമിന്റെ ധ്രുവ നച്ചത്തിരവും റിലീസിനൊരുങ്ങുന്നെന്നും അഭ്യൂഹമുണ്ട്. ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രമാണ് ധ്രുവ നച്ചത്തിരം. വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രം 2016ലാണ് ഷൂട്ട് ആരംഭിച്ചത്. ഷൂട്ട് തീരാന്‍ കാലതാമസമെടുത്ത ചിത്രം റിലീസിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയായിരുന്നു.

ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവുമായ ഗൗതം വാസുദേവ് മേനോന്റെ സാമ്പത്തിക ബാധ്യതകള്‍ കാരണമാണ് റിലീസ് വൈകുന്നത്. ധ്രുവ നച്ചത്തിരവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകള്‍ തീര്‍ന്നെന്നും അധികം വൈകാതെ ചിത്രം റിലീസാകുമെന്നും കഴിഞ്ഞദിവസം സംവിധായകന്‍ അറിയിച്ചു. ഇതോടെയാണ് ധ്രുവ നച്ചത്തിരം വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിച്ചത്.

കറുപ്പും ധ്രുവ നച്ചത്തിരവും ഒന്നിച്ച് ക്ലാഷിനെത്തിയാല്‍ അത് വീണ്ടുമൊരു കൗതുകത്തിന് വഴിവെക്കും. എട്ട് വര്‍ഷം മുമ്പാണ് ഇരുവരും ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടിയത്. വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത താനാ സേര്‍ന്ത കൂട്ടം, വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്ത സ്‌കെച്ചുമാണ് അന്ന് ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടിയത്.

രണ്ട് സിനിമകള്‍ക്കും ബോക്‌സ് ഓഫീസില്‍ സമ്മിശ്ര പ്രതികരണം മാത്രമാണ് സ്വന്തമാക്കാനായത്. ലോക്കല്‍ മാസ് ഴോണറുമായെത്തിയ സൂര്യക്കും സ്‌റ്റൈലിഷ് ലുക്കിലെത്തിയ വിക്രമിനും പ്രതീക്ഷിച്ച വിജയം നേടാനായിരുന്നില്ല. എട്ട് വര്‍ഷത്തിന് ശേഷം ഇരുവരും ഏറ്റുമുട്ടുമ്പോള്‍ ആരാധകരും പ്രതീക്ഷയിലാണ്. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം ഇരുവര്‍ക്കും വലിയൊരു വിജയം അത്യാവശ്യമാണ്.

ആര്‍.ജെ. ബാലാജി സംവിധാനം ചെയ്ത കറുപ്പ് മാസ് മസാല ഴോണറിലാണ് ഒരുങ്ങിയിട്ടുള്ളത്. അഡ്വക്കേറ്റായി സൂര്യ വേഷമിടുന്ന ചിത്രത്തില്‍ തൃഷയാണ് നായിക. അതേ സമയം ധ്രുവ നച്ചത്തിരം ഇന്റര്‍നാഷണല്‍ സ്‌പൈ ത്രില്ലറായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ഏറെക്കാലമായി കാത്തിരിക്കുന്ന രണ്ട് സിനിമകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് വിജയിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Rumors that Karuppu and Dhruva Natchathiram movie releasing on same day

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more