| Tuesday, 23rd July 2024, 1:19 pm

കൈതി 2വിന് മുന്നേ ദില്ലിയും റോളക്‌സും നേര്‍ക്കുനേര്‍ വരുമോ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പറ്റുന്ന താരങ്ങളാണ് സൂര്യയും അനുജന്‍ കാര്‍ത്തിയും. അവരവരുടേതായ അഭിനയശൈലി കൊണ്ട് തമിഴിലെ മുന്‍നിരയിലേക്ക് കടന്നുവരാന്‍ ഇരുവര്‍ക്കും സാധിച്ചു. മണിരത്‌നത്തിന്റെ അസിസ്റ്റന്റായി കരിയര്‍ ആരംഭിച്ച കാര്‍ത്തി ആയുത എഴുത്തില്‍ ചെറിയൊരു സീനില്‍ വന്നുപോകുന്നുണ്ട്. എന്നാല്‍ പിന്നീട് ഇരുവരും ഒന്നിച്ച സിനിമ വന്നിട്ടില്ല.

വിക്രം എന്ന ചിത്രത്തിലൂടെ തമിഴില്‍ പുതിയൊരു സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്ടിച്ച ലോകേഷ് കൈതിയിലെ ദില്ലിയെയും വിക്രത്തിലെ റോളക്‌സിനെയും ഒന്നിച്ചൊരു സിനിമയില്‍ കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ്. കൈതി 2വില്‍ നായകനായി കാര്‍ത്തിയും വില്ലനായി സൂര്യയും ഒരു ഫ്രെയിമില്‍ എത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം. എന്നാല്‍ കൈതി 2വിന് മുമ്പ് ഇരുവരും ഒന്നിക്കുമെന്ന റൂമറുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത്.

സൂര്യ നായകനാകുന്ന പുതിയ ചിത്രം കങ്കുവയില്‍ കാര്‍ത്തിയും ഉണ്ടാകുമെന്നാണ് റൂമറുകള്‍. ചിത്രം അവസാനിക്കുന്നത് രണ്ടാം ഭാഗത്തിലേക്ക് കണക്ട് ചെയ്യുന്ന സീനോട് കൂടിയാണെന്ന് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്‍ഡ് ക്രെഡിറ്റ് സീനില്‍ കാര്‍ത്തിയും ഉണ്ടാകുമന്നും രണ്ടാം ഭാഗത്തില്‍ ശക്തമായ കഥാപാത്രത്തെ കാര്‍ത്തി അവതരിപ്പിക്കുമെന്നുമാണ് റൂമറുകള്‍.

ചിത്രത്തിന്റെ എന്‍ഡ് ക്രെഡിറ്റ് സീനിന്റെ ഷൂട്ട് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നിരുന്നു. ഇതോടെയാണ് കങ്കുവയില്‍ കാര്‍ത്തിയും ഭാഗമാണെന്ന റൂമറുകള്‍ ശക്തമായത്. കങ്കുവ 2വിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായെന്നും അടുത്ത വര്‍ഷം ആദ്യം ഷൂട്ട് തുടങ്ങുമെന്നും ജ്ഞാനവേല്‍ രാജ അറിയിച്ചിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം തിയേറ്റര്‍ റിലീസാകുന്ന സൂര്യയുടെ ചിത്രമെന്ന പ്രത്യേകതയും കങ്കുവക്കുണ്ട്.

അണ്ണാത്തെക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് സൂര്യ എത്തുന്നത്. ബി.സി 400ലെ യോദ്ധാവായ കങ്കുവയുടെ ഗെറ്റപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ബോളിവുഡ് സൂപ്പര്‍ താരം സണ്ണി ഡിയോളാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിശാ പഠാനിയാണ് നായിക. ഒക്ടോബര്‍ 10ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Rumors that Karthi will be a part of Kanguva movie

Latest Stories

We use cookies to give you the best possible experience. Learn more