മലയാളികളുടെ ഫേവറെറ്റ് യൂട്യൂബ് ചാനലായ കരിക്ക് സിനിമാലോകത്തേക്ക് കാലെടുത്തുവെക്കുന്നുവെന്ന വാര്‍ത്ത എല്ലാവരെയും ഒരുപോലെ സന്തോഷപ്പെടുത്തിയിരുന്നു. കരിക്ക് സ്റ്റുഡിയോയും അനന്തു എസ് എന്റര്‍ടൈന്മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഏറെക്കാലമായി ആരാധകര്‍ കാത്തിരുന്ന കാര്യമായിരുന്നു കരിക്കിന്റെ ഫീച്ചര്‍ ഫിലിം.
സ്വാഭാവികമായ കോമഡികളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച കരിക്ക് ആദ്യമായ സിനിമ ചെയ്യുമ്പോള്‍ കഥയെന്താകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള ചര്‍ച്ചകളും കരിക്കിന്റെ സിനിമയെക്കുറിച്ച് നടക്കുന്നുണ്ട്. കരിക്കിന്റെ ആദ്യ സിരീസായ തേരാ പാരയുടെ രണ്ടാം ഭാഗമാകും സിനിമയാവുക എന്നാണ് പലരും അഭിപ്രായപ്പെട്ടത്.
കരിക്ക് Photo: Screen grab/ Karikku
എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് കരിക്കിന്റെ സിനിമയുടെ തീം മറ്റൊന്നാണ്. പ്രേക്ഷകരെ ഏറ്റവുമധികം ചിരിപ്പിച്ച പ്ലസ് ടു സിരീസാകും കരിക്ക് ടീം സിനിമയാക്കുകയെന്നാണ് അഭ്യൂഹങ്ങള്‍. 2019ല്‍ പ്ലസ് ടൂ ഫ്രീ പിരീയഡ് എന്ന ആശയത്തിലാണ് ഈ സിരീസിലെ ആദ്യ എപ്പിസോഡ് പുറത്തിറങ്ങിയത്. പിന്നീട് ഇതൊരു സിരീസായി മാറുകയും ആറ് എപ്പിസോഡുകള്‍ പുറത്തിറങ്ങുകയും ചെയ്തിരുന്നു.
ടൂറിന് പോകുന്ന പ്ലസ് ടു പിള്ളേരെ കാണിച്ച് നിര്‍ത്തിയ അവസാന എപ്പിസോഡിന് പിന്നാലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് പ്ലസ് ടു സിരീസിനെക്കുറിച്ച് യാതൊരു അപ്‌ഡേഷനും ലഭിച്ചിരുന്നില്ല. മേക്കിങ് ക്വാളിറ്റിയില്‍ മുന്നേറുന്ന കരിക്ക് സിനിമയാകുമ്പോള്‍ ടൂറിന് പോയ പിള്ളേര്‍ക്ക് എന്ത് സംഭവിച്ചെന്നറിയാന്‍ സിനിമ റിലീസാകുന്നതുവരെ കാത്തിരിക്കേണ്ടി വരും.
കരിക്ക് Photo: Screen grab/ Karikku
യൂട്യൂബ് സിരീസ് എന്താണെന്നറിയാത്ത സാധാരണക്കാരെ അതിലേക്ക് ആകര്‍ഷിച്ച ആദ്യ പ്ലാറ്റ്‌ഫോമായിരുന്നു കരിക്ക്. എറണാകുളത്തെ ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്ന് ആരംഭിച്ച കരിക്കിന്റെ പാത പിന്നീട് പലരും പിന്തുടരുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. അതില്‍ പലര്‍ക്കും കരിക്കിനെപ്പോലെ ജനപ്രീതി നേടാന്‍ സാധിച്ചിട്ടില്ല.
തേരാ പാര, അറേഞ്ച്‌മെന്റ് കല്യാണം, ഓണ സദ്യ, ജിം ബോയ്‌സ്, ഭാസ്‌കരന്‍പിള്ള ടെക്‌നോളജീസ്, സ്‌മൈല് പ്ലീസ്, ഉല്‍ക്ക തുടങ്ങി ആദ്യാവസാനം ചിരിപ്പിക്കുന്ന നിരവധി എപ്പിസോഡുകള്‍ കരിക്ക് പുറത്തിറക്കിയിട്ടുണ്ട്. പൊരുള്‍, പ്രിയപ്പെട്ടവന്‍ പീയൂഷ് പോലുള്ള സീരിയസ് സബ്ജക്ടുകളും കരിക്ക് പരീക്ഷിച്ചിട്ടുണ്ട്. കരിക്കിന്റെ സിനിമക്കായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.
Content Highlight: Rumors that Karikku Movie will be based on Plus Two series