| Tuesday, 22nd July 2025, 3:38 pm

കല്യാണി പ്രിയദര്‍ശനോ സായ് പല്ലവിയോ? കമല്‍ ഹാസന്റെ അടുത്ത ചിത്രത്തിലെ നായിക ആരെന്ന ചര്‍ച്ചയില്‍ സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്‍ഡസ്ട്രിയല്‍ ഹിറ്റായ വിക്രത്തിന് ശേഷം രണ്ട് വമ്പന്‍ പരാജയങ്ങള്‍ സമ്മാനിച്ചിരിക്കുകയാണ് കമല്‍ ഹാസന്‍. തിരിച്ചുവരവിലെ ആദ്യചിത്രം വന്‍ വിജയമായി മാറിയെങ്കിലും പിന്നീട് അത് നിലനിര്‍ത്താന്‍ കമല്‍ ഹാസന് സാധിച്ചില്ല. 2024ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ 2 വന്‍ പരാജയമായതിന് പുറമെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മെറ്റീരിയലായി മാറി.

ഈ വര്‍ഷം പുറത്തിറങ്ങിയ തഗ് ലൈഫിനും പരാജയമായിരുന്നു വിധി. വന്‍ ഹൈപ്പില്‍ 200 കോടി ബജറ്റിലെത്തിയ ചിത്രത്തിന് 100 കോടി പോലും നേടാനായില്ല. മണിരത്‌നം- കമല്‍ ഹാസന്‍ കോമ്പോയ്ക്ക് ആരാധകരുടെ പ്രതീക്ഷ കാത്തുസൂക്ഷിക്കാനായില്ല. എന്നിരുന്നാലും വലിയ ലൈനപ്പാണ് കമല്‍ ഹാസന് ഇപ്പോഴുള്ളത്.

ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായ അന്‍പറിവ് ഒരുക്കുന്ന ചിത്രമാണ് ഇതില്‍ പ്രധാനം. ഇരുവരുടെയും ആദ്യ സംവിധാനസംരംഭമാണ് ഈ ചിത്രം. കമല്‍ ഹാസന്റെ 237ാമത് ചിത്രമാണിത്. KH 237 എന്ന് താത്കാലികമായി ടൈറ്റിലിട്ടിരിക്കുന്ന ചിത്രം കഴിഞ്ഞ വര്‍ഷം ആരംഭിക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ തഗ് ലൈഫിന്റെ ഷൂട്ട് അവസാനിക്കാത്തതിനാല്‍ ചിത്രത്തിന്റെ ഷൂട്ട് മാറ്റിവെക്കുകയായിരുന്നു.

ഈ വര്‍ഷം അവസാനത്തോടെ KH 237ന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിലെ നായിക ആരായിരിക്കുമെന്ന ചര്‍ച്ചയിലാണ് സോഷ്യല്‍ മീഡിയ. രണ്ട് നായികമാരുടെ പേരാണ് പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്. സായ് പല്ലവിയുടെയും കല്യാണി പ്രിയദര്‍ശന്റെയും പേരുകളാണ് പ്രധാനമായും കേള്‍ക്കുന്നത്. ഇരുവരില്‍ ആരാകുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

വന്‍ ബജറ്റിലൊരുങ്ങുന്ന ആക്ഷന്‍ ത്രില്ലറാകും KH 237 എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യക്ക് പുറത്തായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. നിലവിലെ തിരക്കുകള്‍ക്കനുസരിച്ചാകും ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാവുകയെന്നാണ് കരുതുന്നത്. 2026 അവസാനത്തോടെയാകും ചിത്രം തിയേറ്ററുകളിലെത്തുക.

ഷങ്കര്‍ ഒരുക്കുന്ന ഇന്ത്യന്‍ 3യാണ് കമല്‍ ഹാസന്റെ അടുത്ത റിലീസ്. നിരവധി ട്രോളുകളേറ്റുവാങ്ങേണ്ടി വന്ന രണ്ടാം ഭാഗം ഇന്ത്യന്‍ 3യുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കിയിരുന്നു. ഷൂട്ട് അവസാനിച്ച ചിത്രത്തിന്റെ സി.ജി.ഐ വര്‍ക്കുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ വര്‍ഷം ഡിസംബര്‍ 19നാകും ചിത്രത്തിന്റെ റിലീസെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Rumors that Kalyani Priyadarshan or Sai Pallavi might be the heroine of Kamal Haasan’s next movie

We use cookies to give you the best possible experience. Learn more