| Monday, 22nd September 2025, 6:45 pm

70 കോടി വേണമെന്ന് ലോകേഷ്, പറ്റില്ലെന്ന് നിര്‍മാതാവ്, ഒടുവില്‍ കൈതി 2വും ഡ്രോപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമയുടെ ഗതി മാറ്റാന്‍ സാധ്യതയുള്ള പ്രൊജക്ടാണ് കൈതി 2. കാര്‍ത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ കൈതിയുടെ തുടര്‍ഭാഗമാണ് ഈ ചിത്രം. വിക്രത്തിലൂടെ ആരംഭിച്ച ലോകേഷ് സിനമാറ്റിക് യൂണിവേഴ്‌സിലെ നാലാമത്തെ ചിത്രം ഒരുപാട് കാലമായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒന്നാണ്.

വിക്രത്തിന് ശേഷം 2023ല്‍ കൈതി 2 പുറത്തിറങ്ങുമെന്ന് കരുതിയെങ്കിലും വിജയ്‌യെ നായകനാക്കി ലിയോയും പിന്നാലെ രജിനിയെ നായകനാക്കി കൂലിയും ഒരുക്കുകയായിരുന്നു ലോകേഷ്. കൂലിക്ക് ശേഷം ഈ വര്‍ഷം ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്ന് അറിയിച്ചെങ്കിലും അടുത്ത വര്‍ഷത്തേക്ക് നീളുകയായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ചിത്രം ഉപേക്ഷിച്ചെന്ന തരത്തിലുള്ള റൂമറുകളാണ് വന്നുകൊണ്ടിരിക്കുന്നത്. പ്രതിഫലത്തെച്ചൊല്ലിയും പ്രൊഡക്ഷനെപ്പറ്റിയുമുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കൈതി 2 ഉപേക്ഷിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ലോകേഷ് ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്ത കൂലി പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് ഇതിന് പിന്നിലെന്നും കേള്‍ക്കുന്നു.

കൂലിയില്‍ 50 കോടി പ്രതിഫലം ലഭിച്ച ലോകേഷ് കൈതി 2വിനായി 70 കോടി ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൈതിയുടെ ആദ്യ ഭാഗം 25 കോടിക്ക് പൂര്‍ത്തിയാക്കിയ ലോകേഷിന്റെ ഈ ആവശ്യം നിര്‍മാതാക്കള്‍ അംഗീകരിച്ചില്ലെന്നും സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിന്റെ ബജറ്റ് 200 കോടിക്കും മുകളിലായേക്കുമെന്ന് ഇടക്ക് അഭ്യൂഹങ്ങള്‍ കേട്ടിരുന്നു.

മുടക്കിയതിന്റെ ഇരട്ടി തിരിച്ച് പിടിക്കാന്‍ സാധ്യതയുള്ള പ്രൊജക്ടായിട്ടും നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് ചിത്രത്തിനായി വലിയ ബജറ്റ് നല്‍കാന്‍ തയാറാകാത്തതാണ് പ്രൊജക്ട് ഉപേക്ഷിക്കാന്‍ കാരണമെന്ന് കേള്‍ക്കുന്നു. ഡ്രാം വാരിയേഴ്‌സിന്റെ ഏറ്റവും പുതിയ ചിത്രമായ കറുപ്പിന്റെ റിലീസിനെ ചൊല്ലിയുള്ള അനിശ്ചിതത്വവും ഇതിന് കാരണമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എല്‍.സി.യുവിലെ എല്ലാ താരങ്ങളും കൈതി 2വില്‍ അണിനിരക്കുമെന്നായിരുന്നു ലോകേഷിന്റെ വാദം. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദില്ലി- റോളക്‌സ് ഫേസ് ഓഫ് സീനും കൈതി 2വില്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു. ആ പ്രതീക്ഷകള്‍ക്കെല്ലാം ഒരുപോലെ തിരിച്ചടി ലഭിച്ച വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കൂലി പ്രതീക്ഷിച്ച വിജയം നേടാത്തതിനാല്‍ ആമിര്‍ ഖാനുമൊത്തുള്ള പ്രൊജക്ട് ഡ്രോപ്പായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രജിനികാന്തും കമല്‍ ഹാസനും ഒന്നിക്കുന്ന പ്രൊജക്ടും ലോകേഷിന്റെ കൈയില്‍ നിന്നും ഒഴിവായെന്നും കേള്‍ക്കുന്നു. ഇതിന് പിന്നാലെയാണ് കൈതി 2വും ഉപേക്ഷിക്കപ്പെട്ടത്.

Content Highlight: Rumors that Kaithi 2 has been dropped to because of creative differences

We use cookies to give you the best possible experience. Learn more