ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ക്ലാഷായിരുന്നു ഈയിടെ അരങ്ങേറിയത്. ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ താരങ്ങള്‍ അണിനിരന്ന കൂലിയും ബോളിവുഡിലെ ബിഗ് ബജറ്റ് ചിത്രം വാര്‍ 2വുമായിരുന്നു ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടിയത്. അനൗണ്‍സ്‌മെന്റ് സമയത്ത് വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ടീസറും ട്രെയ്‌ലറും റിലീസായതിന് പിന്നാലെ ചിത്രത്തിന് മേലുള്ള പ്രതീക്ഷകള്‍ മങ്ങി.
പ്രീ സെയിലിലടക്കം വാര്‍ 2വിനെക്കാള്‍ മുന്‍തൂക്കവും ഹൈപ്പും കൂലിക്കായിരുന്നു. ആദ്യ ഷോയ്ക്ക് പിന്നാലെ കൂലിക്ക് സമ്മിശ്ര പ്രതികരണവും വാര്‍ 2വിന് മോശം പ്രതികരണവുമായിരുന്നു ലഭിച്ചത്. സ്‌പൈ യൂണിവേഴ്‌സിലെ മുന്‍ ചിത്രങ്ങളുടെ അതേ പാറ്റേണില്‍ തന്നെയാണ് വാര്‍ 2വിന്റെയും കഥ. ഒപ്പം ലോജിക് തൊട്ടുതീണ്ടിയില്ലാത്ത ആക്ഷന്‍ സീനുകളും ചിത്രത്തെ പിന്നോട്ടടിച്ചു.
ഇപ്പോഴിതാ ചിത്രത്തിന്റെ സ്‌ക്രിപ്റ്റില്‍ ജൂനിയര്‍ എന്‍.ടി.ആര്‍ കൈകടത്തിയെന്നാണ് റൂമറുകള്‍. സംവിധായകന്‍ അയന്‍ മുഖര്‍ജി ആദ്യം തയാറാക്കിയ കഥയില്‍ എന്‍.ടി.ആര്‍ അവതരിപ്പിച്ച വിക്രം ക്ലൈമാക്‌സില്‍ മരിക്കുന്നതായാണ് എഴുതിയത്. എന്നാല്‍ ഇത് താരം ഇടപെട്ട് മാറ്റുകയായിരുന്നു. തന്റെ കഥാപാത്രം മരിക്കുന്നത് ആരാധകര്‍ അംഗീകരിക്കില്ലെന്നും അത് ചിത്രത്തെ നെഗറ്റീവായി ബാധിക്കുമെന്നും പറഞ്ഞാണ് സ്‌ക്രിപ്റ്റ് മാറ്റിയത്.
എന്നാല്‍ പുതിയ സ്‌ക്രിപ്റ്റ് കൊണ്ടും സിനിമയെ രക്ഷിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം. ആദ്യദിനം തന്നെ എന്‍.ടി.ആറിന്റെ ‘അതിഗംഭീര’ ആക്ഷന്‍ സീനുകള്‍ ട്രോളന്മാര്‍ ഏറ്റെടുത്തു. ഷര്‍ട്ടൊന്നുമില്ലാതെ ഫ്‌ളൈറ്റിന്റെ സൈഡില്‍ തൂങ്ങിപ്പിടിച്ച് പറക്കുന്ന സീനിന്റെ തിയേറ്റര്‍ വീഡിയോ വൈറലായി മാറി. ഒപ്പം വി.എഫ്.എക്‌സില്‍ ചേര്‍ത്ത സിക്‌സ് പാക്കും ട്രോളിന് വിധേയമായി.
2019ല്‍ പുറത്തിറക്കിയ വാറിന്റെ തുടര്‍ച്ചയായാണ് വാര്‍ 2 ഒരുങ്ങിയത്. വൈ.ആര്‍.എഫ് സ്‌പൈ യൂണിവേഴ്‌സിലെ ആറാമത്തെ ചിത്രമായാണ് വാര്‍ 2. ഹൃതിക് റോഷന്‍ അവതരിപ്പിച്ച കബീര്‍ അന്താരാഷ്ട്ര അസാസിന്‍ ഗ്രൂപ്പില്‍ ചേരുന്നതും അയാളെ പിടിക്കാന്‍ വേണ്ടി വരുന്ന റോ ഏജന്റ് വിക്രമിന്റെയും കഥയാണ് ചിത്രം പറയുന്നത്.
കിയാരാ അദ്വാനിയാണ് ചിത്രത്തില്‍ നായികയായി വേഷമിട്ടത്. ഈ യൂണിവേഴ്‌സിലെ മുന്‍ ചിത്രങ്ങളില്‍ കാണുന്നതുപോലെ വിദേശ ലൊക്കേഷനുകളും, കാര്‍ ചേസ് രംഗങ്ങളും ഈ ഭാഗത്തിലുമുണ്ട്. 350 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ തരക്കേടില്ലാത്ത കളക്ഷന്‍ സ്വന്തമാക്കുന്നുണ്ട്. ഇതിനോടകം 300 കോടിയാണ് ചിത്രം നേടിയത്.
Content Highlight: Rumors that Junior NTR interfered in War 2 script